ന്ത്യ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് ആഭ്യന്തര ഉപയോഗത്തിനു മാത്രമല്ലെന്നും, കയറ്റുമതിക്കും തയ്യാറാണെന്നും മണിപ്പൂരിൽ നടന്ന ഒരു സമ്മേളനത്തിൽ ബി.ജെ.പി. ദേശിയ പ്രസിഡന്റ് ജെ.പി. നഡ്ഡ പ്രസംഗിച്ചിരുന്നു. വിവിധ ദേശിയ മാധ്യമങ്ങളും ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറും ഇത് വാർത്തയായി നൽകുകയും ചെയ്തു.  

വാക്സിൻ കയറ്റുമതിയിൽ ഇന്ത്യ പുതിയ അദ്ധ്യായം കുറിക്കുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നഡ്ഡ നടത്തിയത്.
 
ഇന്ത്യയുടെ വാക്സിൻ കയറ്റുമതി പുതിയ ഒരു കാര്യമാണോ? ഏത് വർഷമാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയത്? വാസ്തവം പരിശോധിക്കുന്നു.

അന്വേഷണം

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ വാക്സിൻ നിർമ്മാണം ആരംഭിക്കുന്നത്. 1897-ൽ ഡോ. ഹാഫ്കൈൻ എന്ന ബാക്റ്റീരിയോളജിസ്റ്റ് ഒരു വാക്സിൻ ഇന്ത്യയിൽ വികസപ്പിച്ചെടുത്തിരുന്നു. ഇതിനെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വാക്സിനെന്ന് വിശേഷിപ്പിക്കാമെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡോക്ടർ ചന്ദ്രകാന്ത് ലഹരിയ പറഞ്ഞിട്ടുണ്ട്. 

സ്വാതന്ത്ര്യാനന്തരം 1948-ൽ ചെന്നൈയ്ക്കടുത്തുള്ള ഗിണ്ടിയിൽ ബി.സി.ജി. വാക്സിൻ നിർമ്മാണം ലക്ഷ്യമിട്ടുകൊണ്ട് സ്വതന്ത്ര ഇന്ത്യയിൽ വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിച്ചിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 1971-ൽ 19 പൊതുമേഖലാ വാക്സിൻ ഉൽപ്പാദന കേന്ദ്രങ്ങളും 12 സ്വകാര്യ ഉത്പാദനാകേന്ദ്രങ്ങളും രാജ്യത്ത് ഉണ്ടായിരുന്നു. 

ഇന്ത്യയുടെ വാക്സിൻ കയറ്റുമതിയിൽ വളരെ വലിയ മുന്നേറ്റമുണ്ടായത് 1987-ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് അമേരിക്കയുമായി ഒപ്പുവെച്ച വാക്സിൻ ആക്ഷൻ പ്രോഗ്രാമിന് ശേഷമാണ്. 1996 മുതലുള്ള കയറ്റുമതിയുടെ വ്യക്തമായ  കണക്കുകൾ വാണിജ്യ മന്ത്രാലയത്തിന്റെ 'എക്‌സ്‌പോർട്ട് ഇമ്പോർട്ട് ഡാറ്റാ ബാങ്കിൽ'  ലഭ്യവുമാണ്. 

vaccine
        
ഡാറ്റാ ബാങ്ക് കണക്കുപ്രകാരം, 2008-2009-ൽ  യു.പി.എ. ഭരണകാലത്താണ് ഏറ്റവും കൂടുതൽ വാക്സിൻ കയറ്റുമതി നടന്നത്.അതിനുശേഷം കയറ്റുമതിയിൽ വൻ ഇടിവ് നേരിട്ടു. 2014-ൽ മോദി സർക്കാർ അധികാരത്തിലേറിയത്തിനു ശേഷവും വലിയ നേട്ടം കൈവരിക്കാൻ സാധിച്ചില്ല. 2015-2016 കാലത്തെ ചെറിയ വളർച്ചയ്ക്ക് ശേഷം 2019 വരെയും കയറ്റുമതിയിൽ കുറവാണ് രേഖപ്പെടുത്തിയത്.  2019-2020 സമയത്ത് നേരിയ വളർച്ചയുണ്ടായെങ്കിലും അതിനുശേഷം കയറ്റുമതി പിന്നെയും കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.  

വാസ്തവം 

ജെ.പി. നഡ്ഡയുടെ പ്രസ്താവന തെറ്റിദ്ധാരണ ജനിപ്പിക്കുന്നത്. രാജ്യത്തുണ്ടായ വാക്സിൻ ക്ഷാമത്തെത്തുടർന്ന് കോവിഡ് വാക്സിൻ കയറ്റുമതി നിർത്തിയിരുന്നു, അത് പുനരാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ, വാക്സിൻ കയറ്റുമതി പുതിയ നേട്ടമല്ല.  യു.പി.എ. ഭരണകാലത്താണ് ഇന്ത്യ വാക്സിൻ കയറ്റുമതി ഏറ്റവും കൂടുതൽ നടത്തിയത്. 2016-നു ശേഷം കയറ്റുമതി കുറയുകയാണ് ചെയ്തത്. 

Content Highlights: JP Nadda claims India set for huge boost in Covid vaccine supplies | Fact Check