ഴിഞ്ഞ കുറച്ചുനാളുകളായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ഒരു പെൺകുട്ടിയുടെ മുന്നിൽ മുട്ടു കുത്തി നിൽക്കുന്ന ഒരു ചിത്രം ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കയിൽ വംശവെറിയുടെ ഇരയായി കൊല്ലപ്പെട്ട വ്യക്തിയുടെ മകളുടെ മുന്നിൽ മാപ്പുപറഞ്ഞ് കുമ്പിടുകയാണ് ജോ ബൈഡൻ എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിക്കപ്പെടുന്നത്.

ജോർജ് ഫ്ളോയിഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരൻ വെളുത്തവർഗക്കാരനായ പോലീസ് ഓഫീസറുടെ മർദനമേറ്റ് മരിച്ച സംഭവം അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമാനമായ സാഹചര്യത്തിൽ വംശീയ വെറിയുടെ ഇരയായ മറ്റുള്ളവരുടെയും പേരുകൾ ഉയർത്തിയായിരുന്നു പ്രതിഷേധങ്ങൾ. ആഗോള തലത്തിൽ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തി അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ പോലീസുകാരനാൽ കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ മകളുടെ മുന്നിൽ മുട്ടുകുത്തി മാപ്പ് പറയുന്നു എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പുകൾ അവകാശപ്പെടുന്നത്.

ഇന്ത്യയിൽ വിവിധ പ്രാദേശിക ഭാഷകളിൽ ഈ ചിത്രം സമാനമായ അവകാശവാദങ്ങളോടെ പ്രചരിക്കുന്നുണ്ട്. ഇത് ജോർജ് ഫ്ളോയിഡിന്റെ മകളാണെന്ന രീതിയിൽ പോലും പ്രചാരണമുണ്ട്.

എന്നാൽ ഈ വാദങ്ങൾ ശരിയല്ല

ചിത്രത്തിലുള്ളത് ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജയായ കുട്ടിയാണെങ്കിലും അത് വംശവെറിയുടെ ഇരയായി കൊല്ലപ്പെട്ട ആരുടെയും ബന്ധുവല്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മിഷി​ഗണിലെ ഡിട്രോയിറ്റിലുള്ള ഒരു തുണിക്കടയ്ക്ക് മുന്നിൽ വാഹനം നിർത്തിയ ജോ ബൈഡൻ ആ കടയുടമയുടെ മകനുമായി സംസാരിക്കുന്ന രംഗമാണ് ഇത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കടയുടമ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

 ബൈഡൻ തന്നെ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്
ചെയ്തിട്ടുണ്ട്. വംശവെറിയെ ഇല്ലാതാക്കണമെന്ന ആഹ്വാനത്തോടെയുള്ള അടിക്കുറിപ്പിൽ കുട്ടികളുടെ നല്ലഭാവിയിലാണ് താൻ വിശ്വസിക്കുന്നതെന്നും അതിന് വേണ്ടി അവസാനം വരെ പോരാടണമെന്നും അദ്ദേഹം പറയുന്നുണ്ട്. രാജ്യത്തെ വംശവെറിയ്ക്കെതിരെയുള്ള ആഹ്വാനത്തെ പ്രതിനീധികരിക്കുന്ന ചിത്രം എന്നതിലുപരി ചിത്രത്തിലുള്ള കുട്ടിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും ട്വീറ്റിലില്ല.

ദി ടെലിഗ്രാഫ്, ഗെറ്റി ഇമേജസ്, പനാമ സിറ്റി ന്യൂസ് ഹെറാൾഡ്, വിക്ടോറിയ അഡ്വക്കേറ്റ് പോലുള്ള മാധ്യമങ്ങളിൽ ഈ കുട്ടി ഡിട്രോയിറ്റിലെ വസ്ത്രവ്യാപാരി ക്ലെമെന്റ് ബ്രൗൺ ജൂനിയറിന്റെ മകനായ സിജെ ബ്രൗൺ ആണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകളിലൊന്നും തന്നെ ഈ കുട്ടിയുടെ പിതാവ് വംശീയവെറിയുടെ ഇരയാണെന്ന് പറയുന്നില്ല.

Content Highlights: Joe Biden is not apologising to the daughter of a racism victim viral image fake claims