ത്തർപ്രദേശിലെ തുറസായ സ്ഥലത്ത് ഉദ്യോഗാർത്ഥികൾ കിടക്കുന്നുവെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് അധ്യാപക യോഗ്യത പരീക്ഷ (UPTET) എഴുതുവാൻ എത്തിയ ഉദ്യോഗാർത്ഥികളാണ് അപ്രകാരം കിടക്കുന്നതെന്നാണ് അവകാശവാദം. നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യയുടെ (NSUI), സോഷ്യൽ മീഡിയ ദേശീയ കോർഡിനേറ്ററായ സിദ്ധാർഥ് തിവാരി അടക്കം പലരും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന് സിദ്ധാർഥ് തിവാരി നൽകിയ വിവരണം ഇപ്രകാരം വായിക്കാം- 'കൃത്യസമയത്ത് എത്താൻ വേണ്ടിയാണ് ശനിയാഴ്ച രാത്രിയിൽ ഉദ്യോഗാർത്ഥികൾ പലരും പരീക്ഷ  കേന്ദ്രത്തിനടുത്തുള്ള ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ  ഉറങ്ങിയത്. എന്നാൽ, ഞാറാഴ്ച രാവിലെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയപ്പോഴാണ് പരീക്ഷ റദ്ദാക്കിയ വിവരം അവർ അറിയുന്നത്. എന്താണ് അവർ ചെയ്ത തെറ്റ്?' 

എന്താണ് ഈ ചിത്രത്തിന് പിന്നിലെ വാസ്തവം?  

അന്വേഷണം

റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. ദൈനിക് ഭാസ്‌കർ എന്ന ഹിന്ദി ദിനപത്രത്തിന്റെ ദേശീയ എഡിറ്ററായ എൽ.പി. പന്തും രാജസ്ഥാനിലെ ബി.ജെ.പി. അധ്യക്ഷൻ സതീഷ് പൂനിയായും അവരുടെ  ട്വിറ്റെർ ഹാൻഡിലുകളിൽ പ്രചരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രിയങ്ക ഗാന്ധിയെ കാണാൻ കാത്തിരിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കൾ എന്ന തലക്കെട്ടോടെയാണ് അവർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

രാജസ്ഥാനിൽനിന്നുള്ള തൊഴിൽരഹിതരുടെ സംഘടനയായ രാജസ്ഥാൻ ബേറോസ്ഗാർ ഏകീകൃത് മഹാസംഘ് (RBEM) അധ്യക്ഷനായ ഉപൻ യാദവിന്റെ ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് പ്രചരിക്കുന്ന ചിത്രത്തോട് സമാനമായ വീഡിയോകണ്ടെത്താൻ കഴിഞ്ഞു. രാജസ്ഥാനിൽനിന്നുള്ള തൊഴിൽരഹിതരായ യുവാക്കൾ ലക്നൗവിലെ തുറസായ സ്ഥലത്ത് ഉറങ്ങുകയാണ് എന്ന കുറിപ്പോടെയാണ് ഉപൻ യാദവ് വീഡിയോ, തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

തൊഴിൽരഹിതരായ യുവാക്കളോട് രാജസ്ഥാൻ സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സമരം ചെയ്യുന്ന RBEM പ്രവർത്തകരുടെ ചിത്രമാണ്  തെറ്റായ രീതിയിൽ പ്രചരിക്കുന്നത് മനസിലായി.    ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി (UPCC) ഓഫീസിന് മുന്നിൽ നിരാഹാരസമരം കിടക്കുകയാണ് അവർ. ഇപ്പോൾ ഉത്തർപ്രേദേശിലുള്ള ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ  നേരിൽ  കാണുന്നതിനായാണ് അവരുടെ സമരം. ഈ ചിത്രമാണ് UPTET ഉദ്യോഗാർത്ഥികളുടേതെന്ന പേരിൽ   സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്.  

വാസ്തവം

ഉത്തർപ്രദേശ് അധ്യാപക യോഗ്യതാ (UPTET) പരീക്ഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന യുവാക്കളുടെ  ചിത്രം വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് RBEM നടത്തുന്ന നിരാഹാര സമരത്തിന്റെ ചിത്രമാണ് തെറ്റായ രീതിൽ പ്രചരിക്കുന്നത്. തൊഴിൽരഹിതരായ യുവാക്കളോട് രാജസ്ഥാൻ സർക്കാർ കാണിക്കുന്ന അവഗണനയെ കുറിച്ച്, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സംസാരിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്.

Content Highlights:  Job seekers sleeping in the open in UP; What is the reality of the film? | Fact Check