വെള്ളം കെട്ടിനിൽക്കുന്ന വീട്ടിനുള്ളിൽ മീനുകൾ നീന്തിത്തുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടനാട്ടിലെ കൈനകരിയിലാണ് സംഭവമെന്ന് പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നു. ബെഡ് റൂമിലുൾപ്പടെ വെള്ളം കയറിയ വീട്ടിൽ നിറയെ മീനുകളെ കാണാൻ സാധിക്കും. ഒരാൾ വെള്ളത്തിലൂടെ നടക്കുന്ന ശബ്ദം മാത്രമേ ഈ വീഡിയോയിൽ കേൾക്കാൻ സാധിക്കുകയുള്ളൂ.

fish

കേരളത്തിലെ തുടർച്ചയായുള്ള കനത്ത മഴയുടെയും, മറ്റ് സംസ്ഥാനങ്ങളിലെ പ്രളയത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു വീഡിയോ പ്രചരിക്കുന്നത്. #Kerala #floods എന്ന ഹാഷ്ടാഗുകളും ചേർത്താണ് ചിലരുടെ പ്രചാരണം.

അന്വേഷണം 

ഇൻവിഡ് എന്ന ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകൾ സൃഷ്ടിച്ച ശേഷം ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അങ്ങനെ 'ദി രാക്യത് പോസ്റ്റ്' (The Rakyat Post ) എന്ന മലേഷ്യൻ ഓൺലൈൻ മാധ്യമത്തിന്റെ വാർത്ത കണ്ടെത്തി. 2020 നവംബർ 26-നു പ്രസിദ്ധീകരിച്ച വാർത്തയാണ് കണ്ടെത്തിയത്. കുട്ടനാട്ടിലേതെന്ന തരത്തിൽ പ്രചരിക്കുന്ന അതേ വീഡിയോയാണ് ആ റിപ്പോർട്ടിലുള്ളത്.  

2020-ൽ മലേഷ്യയിലെ പല സംസ്ഥാനങ്ങളിലും പ്രളയമുണ്ടായിരുന്നു. അന്ന്  ഈ വീഡിയോ അവിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥ ദൃശ്യങ്ങളിൽ ഒരാൾ സംസാരിക്കുന്നതും നമുക്ക് കേൾക്കാൻ സാധിക്കും. 

ദി രാക്യത് പോസ്റ്റിന്റെ വർത്തയനുസരിച്ച് അത് മലേഷ്യൻ ഭാഷയാണെന്നും മലേഷ്യയിലെ തെരെങ്കാനു(Terengganu) സംസ്ഥാനത്തുള്ള ഭാഷാശൈലിയാണെന്നും മനസിലാക്കാൻ സാധിച്ചു. @sidchan എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള വീഡിയോയാണ് രാക്യത് പോസ്റ്റ് വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

ദി രാക്യത് പോസ്റ്റിന്റെ വാർത്ത: https://www.therakyatpost.com/fun/2020/11/26/malaysians-are-hooked-on-this-video-showing-a-house-filled-with-fish-after-flood/

കൂടുതൽ അന്വേഷണത്തിൽ, അത് @caramelfrappe24 എന്ന ഹാൻഡിലിൽനിന്നുമാണ് ആദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. വാട്‌സാപ്പിലൂടെ ലഭിച്ച ദൃശ്യമാണിതെന്ന് ട്വീറ്റിൽ വിവരിച്ചിട്ടുണ്ട്.

@caramelfrappe24-ന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ സിനാർ പ്ലസ് (Sinar Plsu) എന്ന ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയിട്ടുള്ളതായി കണ്ടെത്താന് സാധിച്ചു. മലേഷ്യയിലെ പ്രധാന വാർത്താ മാധ്യമമായ സിനാർ ഹൈറാൻന്റെ (Sinar Harian) ഓൺലൈൻ പോർട്ടലാണ് സിനാർ പ്ലസ്.  

സിനാർ പ്ലസിന്റെ വാർത്ത: https://sinarplus.sinarharian.com.my/kisah-masyarakat/video-kampung-mu-tak-ada-lelaki-kongsi-rakaman-banjir-curi-perhatian-warganet/?fbclid=IwAR3O8WjxQ-FIMiDaNVoEX4n8VifiC5mNPbmDr-Bfe2becpwBxPNcabFREX4

മലേഷ്യയിൽ എവിടെയാണ് ഈ സംഭവം ഉണ്ടായതെന്ന് കൃത്യമായി റിപ്പോർട്ടുകളിൽ ഒന്നും തന്നെ പറയുന്നില്ല. ഭാഷാശൈലിയുടെ അടിസ്ഥാനത്തിൽ  മലേഷ്യയിലെ തെരെങ്കാനു(Terengganu) സംസ്ഥാനത്തുണ്ടായ സംഭവമാകാം ഇതെന്നാണ് അനുമാനം.

അങ്ങനെ പ്രചരിക്കുന്ന വീഡിയോയ്ക്ക് കേരളവുമായി ബന്ധമില്ലെന്നും പഴയ ഒരു വീഡിയോ ആണിതെന്നും പൂർണ്ണമായും ഉറപ്പിച്ചു.

വാസ്തവം 

കുട്ടനാട്ടിലുണ്ടായതാണെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവത്തിൽ മലേഷ്യയിലുണ്ടായ സംഭവത്തിന്റേതാണ്. വെള്ളം കയറിയ വീട്ടിനുള്ളിൽ മീനുകൾ നീന്തിത്തുടിക്കുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.  2020-ൽ മലേഷ്യയിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട വീഡിയോ എഡിറ്റു ചെയ്ത് ശബ്ദം മാറ്റിയ ശേഷമാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: Is the house in Kuttanad where the fish swim real? | Fact Check