ഹിന്ദി വാർത്താ മാധ്യമമായ ഇന്ത്യ ടിവി നൽകിയ വാർത്ത എന്ന തരത്തിൽ ഒരു സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ചാണകം ഇന്ധനമാക്കി ഇന്ത്യ ചൈനയ്‌ക്കെതിരെ സോളിഡ് ഫ്യൂവൽ റോക്കറ്റ് എൻജിൻ വികസിപ്പിക്കുന്നതായാണ് ഇതിൽ പറയുന്നത്. ഡി.ആർ.ഡി.ഒ. വൃത്തങ്ങളെ ഉദ്ധരിച്ചാണിതെന്നും വാർത്തയിലുണ്ട്. ഈ റോക്കറ്റ് എൻജിൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) ആയ അഗ്‌നി6-ന് ഹൈപ്പർ സോണിക് വേഗത കൈവരിക്കാൻ സഹായകമാണെന്ന് ഡി.ആർ.ഡി.ഒ. അവകാശപ്പെടുന്നതായും വാർത്തയിൽ പറയുന്നു. 

ചിത്രസഹിതമാണ് വാർത്ത പ്രചരിക്കുന്നത്. പോസ്റ്റിനൊപ്പം ഒരു കുറിപ്പും നല്കിയിട്ടുണ്ട്. അതിന്റെ പരിഭാഷ ഇപ്രകാരമാണ്: ''എന്തിനാണ് മാലി ദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തിനെ പുറത്താക്കുന്നത്? മാലി ദ്വീപിന് ഇതുപോലെയുള്ള സാങ്കേതിക വിദ്യകൾ വേണ്ടേ?''

മാലി ദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽനിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യം ഒഴിയണം എന്ന വിഷയവുമായി ബന്ധപ്പെടുത്തി നവംബർ 14-നാണ് ഇത് പോസ്റ്റ് ചെയ്തതിട്ടുള്ളത്. 'ഇന്ത്യ ഔട്ട്' എന്ന ഹാഷ്ടാഗിലാണ് ചിത്രം പ്രചരിക്കുന്നത്.

ഈ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം.

അന്വേഷണം

ട്വീറ്റ് ചെയ്തിട്ടുള്ളത് മാലി ദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ യഥാർത്ഥ അക്കൗണ്ടിൽനിന്നല്ല. മറിച്ച് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ട്വിറ്റർ ഹാൻഡിൽനിന്നാണെന്ന് കണ്ടെത്തി.

സെഹർ ഷിൻവാരി എന്ന പാകിസ്ഥാന് നടിയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മുഹമ്മദ് നഷീദ് എന്ന അക്കൗണ്ടിൽനിന്ന് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. സെഹർ ഷിൻവാരിയുടെ ട്വീറ്റ് ഇപ്രകാരമാണ്,
''നിലവിൽ ചൈനയുടെ പക്കൽ 43 യുദ്ധക്കപ്പലുകളുണ്ട്, ഇന്ത്യയ്ക്ക് 13 എണ്ണം മാത്രമാണുള്ളത്. മാലി ദ്വീപിലെ അദ്ദു ദ്വീപിൽ നാവികതാവളം സ്ഥാപിക്കുന്നതിലൂടെ, ഇതിലൂടെ കടന്നുപോകുന്ന ചൈനീസ് കപ്പലുകളെ നേരിടാന് ഇന്ത്യയ്ക്ക് കഴിയുമെന്ന് കരുതുന്നുണ്ടോ?'' (പരിഭാഷ)

missile

സ്‌ക്രീൻ ഷോട്ടിലുള്ള വാർത്തയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യ ടിവിയുടെ വെബ്സൈറ്റ് പരിശോധിച്ചു. പക്ഷേ, ട്വീറ്റ് ചെയ്തിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ട് അത്തരത്തിൽ ഒരു വാർത്തയും അവർ നൽകിയിതായി കണ്ടെത്താൻ സാധിച്ചില്ല. ചിത്രത്തിൽ പരാമർശിക്കുന്നതുപോലെ ചാണകം ഇന്ധനമായി ഉപയോഗിക്കുന്ന സോളിഡ് ഫ്യൂവൽ റോക്കറ്റ് എൻജിൻ വികസിപ്പിക്കുന്നതിനെ പറ്റി ഡി.ആർ.ഡി.ഒ. പറഞ്ഞിട്ടുള്ളതായി ഒരു റിപ്പോർട്ടും അന്വേഷണത്തിൽ ലഭ്യമായില്ല.

ഇന്ത്യ ടിവിയുടെ സൈറ്റിലേയും പ്രചരിക്കുന്ന ചിത്രത്തിലേയും ഫോണ്ടുകൾ തമ്മിൽ താരതമ്യം ചെയ്തു. ഇവ രണ്ടും വ്യത്യസ്തമാണ്. സൈറ്റിലെ വാർത്താ തലക്കെട്ടുകളെല്ലാം ബോൾഡിലാണ് നൽകുന്നത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ തലക്കെട്ട് ബോൾഡല്ല. കൂടാതെ,  പ്രചരിക്കുന്ന ചിത്രത്തിൽ പ്രൊപ്പെലന്റ എന്ന വാക്കിൽ അക്ഷരത്തെറ്റുണ്ട്. Propellant എന്നതിന് പകരം Propellent എന്നാണ് നൽകിയിട്ടുള്ളത്. മാത്രമല്ല, തലക്കെട്ടും ഉപതലക്കെട്ടും ഒരേ പോലെ അലൈൻ ചെയ്താണ് സൈറ്റിൽ നൽകിയിട്ടുള്ളത്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ ഉപതലക്കെട്ട് കുറച്ച് വലത്തേയ്ക്ക് നീങ്ങിയാണ് നിൽക്കുന്നത്.

സ്‌ക്രീൻഷോട്ടിലുള്ള മിസൈലിന്റെ ചിത്രം മാഗ്‌നിഫിക്കേഷൻ ടൂൾ ഉപയോഗിച്ച് സൂം ചെയ്ത് നോക്കിയപ്പോൾ അഗ്‌നി6 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടു. തുടർന്ന് ഈ ചിത്രം, ഗൂഗിൾ റിവേർസ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു. 2013-ലെ റിപ്പബ്ലിക്ക് ഡേ പരേഡിൽനിന്നുള്ളതാണ് മിസൈലിന്റെ ചിത്രം എന്ന് കണ്ടെത്തി. കൂടാതെ, വിവിധ തലക്കെട്ടുകളോടെ ഈ ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട് എന്നും മനസിലായി. 

ഇന്ത്യ ടിവിയുമായി ബന്ധപ്പെട്ടപ്പോൾ, ഇങ്ങനെയൊരു വാർത്ത അവർ നൽകിയിട്ടില്ല എന്ന മറുപടിയും ലഭിച്ചു.

മറുപടിയുടെ പകർപ്പ്:

missile

വാസ്തവം

ചൈനയ്‌ക്കെതിരെ ചാണകം ഇന്ധനമാക്കി ഇന്ത്യ സോളിഡ് ഫ്യൂവൽ റോക്കറ്റ് എൻജിൻ വികസിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ട്വീറ്റ്  വ്യാജമാണ്. ഇന്ത്യ ടിവിയുടേതെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ,  ഇങ്ങനെയൊരു വാർത്ത സൈറ്റിൽ നൽകിയിട്ടില്ല എന്ന് ഇന്ത്യ ടിവി സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Is the dung-fueled Indian rocket engine real? | Fact Check