ഴിഞ്ഞ ചില ദിവസങ്ങളായി ഉത്തരാഖണ്ഡ് സംസ്ഥാനവുമായി ബന്ധപ്പെട്ട് വ്യാപകമായ ചില വിദ്വേഷ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഉത്തരാഖണ്ഡിൽ മുസ്ലിം വിഭാഗങ്ങളിലുള്ളവരുടെ ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും ഈ വർധന രാജ്യത്തെ മുഴുവൻ സാമുദായിക ഘടനയെയും സമീപഭാവിയിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് ട്വിറ്റർ കേന്ദ്രികരിച്ചുള്ള ഈ പ്രചാരണങ്ങളുടെ ഉള്ളടക്കം. എന്താണ് ഇതിനു പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു.

uttarakhand

അന്വേഷണം 

സെൻസസ് വിവരങ്ങൾ ഉപയോഗിച്ച് പഠനങ്ങൾ നടത്തുന്ന Indiacensus.net എന്ന വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം 2020-ൽ (2011-ലെ സെൻസസ് അടിസ്ഥാനത്തിൽ) 1,00,86,292 ആണ് ഉത്തരാഖണ്ഡിലെ ജനസംഖ്യ. ഇതിൽ 83,68,636  പേർ ഹിന്ദുക്കളാണ്. ജനസംഖ്യയുടെ 82.97 ശതമാണിത്. ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള മുസ്ലിം വിഭാഗങ്ങളുടെ ജനസംഖ്യ 14,06,825 ആണ്. മുഴുവൻ ജനസംഖ്യയുടെ 13.95 ശതമാനമാണ് മുസ്ലിം ജനസംഖ്യ. 

ഈ വർഷം ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ജനസംഖ്യ 1,17,00,099 ആയി വർധിക്കുമെന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ ഹിന്ദുക്കളുടെ ജനസംഖ്യ 97,07,618 ആയിരിക്കും. ജനസംഖ്യയുടെ 82.97 ശതമാനമാണിത്. മുസ്ലിം വിഭാഗങ്ങളുടെ ജനസംഖ്യ 16,31,917 ആയി ഉയരുമെങ്കിലും, മുഴുവൻ ജനസംഖ്യയുടെ 13.94 ശതമാനം മാത്രമായിരിക്കും ഇത്. 

uttarakhand

വാസ്തവം 

സെൻസസ് കണക്കുകൾ പ്രകാരം 2020ൽ ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ 13.95 ശതമാനമാണ് മുസ്ലിം വിഭാഗങ്ങളിലെ ജനങ്ങളുടെ ജനസംഖ്യാ നിരക്ക്. 2021-ൽ ഇത് 13.94 ശതമാനമായി കുറയുകയാണ് ചെയ്തത്. അതേസമയം, ഹിന്ദു വിഭാഗങ്ങളുടെ(82.97) ജനസംഖ്യാ നിരക്ക് 2020-ലും 2021-ലും മാറ്റമില്ലാതെ തുടരുകയാണ്. 

ഇതിലൂടെ തന്നെ, മുസ്ലിം വിഭാഗങ്ങളുടെ ജനസംഖ്യ ഉത്തരാഖണ്ഡിൽ വർധിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയുകയാണ്. സെൻസസ് ഡാറ്റയുടെ കണക്കുകൾ പ്രകാരം വാസ്തവത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ മുസ്ലിം വിഭാഗങ്ങളുടെ ജനസംഖ്യാനിരക്ക് ഹിന്ദു വിഭാഗങ്ങളെ അപേക്ഷിച്ച് 0.01 ശതമാനം കുറയുകയാണ് ചെയ്തത്. അതിനാൽ ജനങ്ങൾക്കിടയിൽ സാമുദായിക കലഹത്തിനും, സ്പർദ്ധക്കും കാരണമായേക്കാവുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒഴിവാക്കുക. ഇവയ്ക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല.

Content Highlights: Is muslim population in Uttarakhand increasing? | Fact Check