മാധുരി കനിത്കറിനു ലെഫ്. ജനറലായി സ്ഥാനാരോഹണം ലഭിച്ചത് രാജ്യത്തിന് അഭിമാനവും സൈനിക സേവനം സ്വപ്നം കാണുന്ന ആയിരക്കണക്കിന് യുവതികൾക്ക് ആവേശവുമായിരുന്നു. നിരവധി പേരാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പക്ഷെ ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതയെ ലെഫ്റ്റനന്റ് ജനറലായി നിയമിക്കുന്നതെന്ന വാദവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്താണ് വാസ്തവം?

അന്വേഷണം

kanitkarഈ ഒക്ടോബറിലാണ് മാധുരി കനിത്കറെ പറ്റിയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ മലയാളികൾ വ്യാപകമായി പങ്കുവെക്കാൻ തുടങ്ങിയത്. എന്നാൽ 2020 ഫെബ്രുവരി 29-നാണ് അവർ ലെഫ്റ്റനെന്റ് ജനറലായി അധികാരമേൽക്കുന്നത്. കരസേനയിലെ രണ്ടാമത്തെ വലിയ റാങ്കാണ് ലെഫ്റ്റനെന്റ് ജനറൽ പദവി. ആകെ പ്രതിരോധ സേനാവിഭാഗങ്ങളിൽ ഇത്രയും ഉയർന്ന സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് മാധുരി. 

ഷി ദി പീപ്പിൾ എന്ന ഓൺലൈൻ മാധ്യമവും ഡിഫെൻസ് ഡയറക്റ്റ് എഡ്യൂക്കേഷൻ എന്ന വെബ്‌സൈറ്റും മാധുരി കനിത്കറിനെ പറ്റി വിശദമായ വാർത്ത നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. അതിൽ ഈ സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ വനിതയാണ് ഡോ. മാധുരി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1982-ൽ ജോലിയിൽ പ്രവേശിച്ച അവർക്ക് 37 വർഷത്തെ സേവനത്തിനു ശേഷമാണ് ലെഫ്റ്റനെന്റ് ജനറൽ പദവി ലഭിച്ചത്. ഇപ്പോൾ സംയുക്ത പ്രതിരോധ മേധാവിക്ക് (ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്) കീഴിൽ ഇന്റഗ്രേറ്റഡ് ഡിഫെൻസ് സ്റ്റാഫിന്റെ മെഡിക്കൽ വിഭാഗം ഉപമേധാവിയാണ്. കൂടാതെ, ശിശുരോഗ വിദഗ്ധയും പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക ബോർഡ് അംഗവുമാണ് അവർ. 

ആരാണ് ആദ്യ വനിതാ ലെഫ്റ്റനെന്റ് ജനറൽ?

പുനിത അറോറയാണ് ഇന്ത്യയുടെ ആദ്യ വനിതാ ലെഫ്റ്റനെന്റ് ജനറൽ. കൂടാതെ നാവികസേനയിൽ വൈസ് അഡ്മിറലായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേനയിലെ ലെഫ്റ്റനെന്റ് ജനറൽ എന്ന റാങ്കിന് സമാനമായി നാവികസേനയിലുള്ള റാങ്കാണ് വൈസ് അഡ്മിറൽ. സൈന്യത്തിലെ മെഡിക്കൽ ഓഫീസർമാർക്ക് അവരുടെ സേന മാറാനുള്ള അവസരമുണ്ട്. ഇതിനെ 'ചേഞ്ച് ഓഫ് യൂണിഫോം' എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെയാണ് പുനിത അറോറ നാവികസേനയിലെത്തുന്നത്. ഗൈനക്കോളജിസ്റ്റായിരുന്ന പുനിത, നാവികസേനയിൽ ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസ് ആയി സേവനമനുഷ്ഠിച്ചു.

എല്ലാ സേനാ വിഭാഗങ്ങളിലുമായി സമാന റാങ്കിലെത്തുന്ന രണ്ടാമത്തെ വനിതയാണ് പദ്മാവതി ബന്ദോപാദ്ധ്യായ്. വ്യോമസേനയിൽ എയർ മർഷലായിരുന്നു ഡോ. പദ്മാവതി. വ്യോമസേനയിലെ രണ്ടാമത്തെ വലിയ റാങ്കാണ് എയർ മാർഷൽ എന്നത്. 

leut
പുനിത അറോറ, പദ്മാവതി ബന്ദോപാദ്ധ്യായ

 വാസ്തവം

മാധുരി കനിത്കറാണ് ഇന്ത്യയുടെ ആദ്യ ലെഫ്റ്റ്‌നന്റ് ജനറൽ എന്ന അവകാശവാദം വസ്തുതാ വിരുദ്ധമാണ്. പ്രതിരോധ സേനാ വിഭാഗങ്ങളിൽ ഇത്രയും ഉയർന്ന സ്ഥാനം അലങ്കരിച്ച മൂന്നാമത്തെ വനിതയാണ് ഡോ. മാധുരി.

പുനിത അറോറയാണ് ആദ്യത്തെ വനിതാ ലെഫ്റ്റനെന്റ് ജനറൽ. പദ്മാവതി ബന്ദോപാദ്ധ്യായാണ് സമാന റാങ്കിലെത്തുന്ന രണ്ടാമത്തെ വനിത. വ്യോമസേനയിൽ എയർ മാർഷൽ ആയിരുന്നു പദ്മാവതി. മൂവരും സൈന്യത്തിന്റെ മെഡിക്കൽ സർവീസ് വിഭാഗത്തിൽ നിന്നുള്ള ഓഫീസർമാരാണ്.     

Content Highlights: Is Madhuri Kanitkar India's first woman lieutenant General? | Fact Check