യു.എ.ഇ. പുറത്തിറക്കിയ തീവ്രവാദി പട്ടികയിൽ ഇന്ത്യക്കാരൻ ഉൾപ്പെട്ടത് ചൂടേറിയ ചർച്ചകൾക്കാണ് വഴിവച്ചത് . സമൂഹമാധ്യമങ്ങൾ അതിന് പിറകെയായി. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾക്ക് പിന്നിലെ വസ്തുത പരിശോധിക്കുകയാണ് മാതൃഭൂമി ഫാക്ട് ചെക്ക്.

തീവ്രവാദി പട്ടികയിൽ പരാമർശിക്കപ്പെട്ട വ്യക്തിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളോ ചിത്രമോ വാർത്തകളിൽ ലഭ്യമല്ല. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രസ്തുത വ്യക്തിയുമായി ബന്ധപ്പെട്ട ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചു. ഇവ താഴെ നൽകുന്നു.

അന്വേഷണം:

15 സ്ഥാപനങ്ങളുടെയും 38 വ്യക്തികളുടെയും വിവരങ്ങളടങ്ങിയ തീവ്രവാദി പട്ടികയിൽ ഇന്ത്യക്കാരനും ഇടംപിടിച്ചതായാണ് പ്രചാരണം. യു.എ.ഇയിൽ താമസിക്കുന്ന മനോജ് സബർവാൾ എന്നയാളാണ് ഈ ഇന്ത്യക്കാരൻ എന്നാണ് അവിടുത്തെ പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. സെപ്തംബർ 13-ന് ചേർന്ന യു.എ.ഇ. ക്യാബിനറ്റിന്റെ അനുമതിയോടെയാണ് പട്ടിക പുറത്ത് വിട്ടതെന്നും തീവ്രവാദി ഗ്രൂപ്പുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന സംഘങ്ങളുടെ പ്രവർത്തനം തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്് നടപടിയെന്നും റിപ്പോർട്ടിലുണ്ട്

വാർത്തകളിൽ പറയുന്നത് പ്രകാരം ഇന്ത്യക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിക്കുന്നതിനായി ഔദ്യോഗിക രേഖകൾ ലഭിക്കണം. ഔദ്യോഗിക ന്യൂസ് ഏജൻസിയായ, എമിറേറ്റ്സ് ന്യൂസ് ഏജൻസിയുടെ സൈറ്റ് പരിശോധിച്ചു. സെപ്തംബർ 13-ാം തീയ്യതി ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം നൽകിയ പട്ടികയിൽ പതിനൊന്നാമനായി മനോജ് സബർവാൾ ഓം പ്രകാശ് എന്ന പേരും, ഇയാളുടെ സ്വദേശം ഇന്ത്യയാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 
Emirates News Agency - UAE designates 38 individuals,15 entities on its terror list (archive.org)

ആരാണ് മനോജ് സബർവാൾ?

മനോജ് സബർവാൾ ഛത്തിസ്ഗഢിലെ ദുർഗ് സ്വദേശിയാണ്. പാസ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 1960 ഡിസംബർ 1-നാണ് ജനനം. ചരക്കുകപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ടാണ് ഇയാൾ തൊഴിലെടുത്തിരുന്നത്. മനോജിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം ചെന്നെത്തിയത് തീവ്രവാദ സംഘടകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഇറാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിലേക്കാണ്. 

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.)യുമായി സഹകരിച്ച് യമനിലെ ഹൂദി വിമതർക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് ഇവരാണ്. സയ്യീദ് അൽ-ജമാൽ ആണ് സംഘത്തലവൻ, ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന അദൂൻ ജനറൽ ട്രേഡിങ് എഫ്.എസ്.ഇ. എന്ന സ്ഥാപനം. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഈ സംഘത്തിന് അമേരിക്ക നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ജൂൺ 10-ന് അമേരിക്കൻ ട്രഷറി വകുപ്പിലെ വിദേശ ആസ്തി നിയിന്ത്രണ വിഭാഗം (ഒ.എഫ്.എ.സി.) ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
https://home.treasury.gov/news/press-releases/jy0221

വാസ്തവം

അമേരിക്ക പുറത്തുവിട്ട വിരങ്ങളനുസരിച്ച് സയ്യീദ് അൽ ജമാലിന്റെ ഉപദേശകനും കള്ളക്കടത്ത് സംഘത്തിലെ കപ്പലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും മനോജ് സബർവാളാണ്. പശ്ചിമേഷ്യൻ, ഏഷ്യൻ മേഖലകളാണ് മനോജ് സബർവാളിന്റെ പ്രവർത്തന മണ്ഡലം എന്നും ഒ.എഫ്.എ.സി. റിപ്പോർട്ടിലുണ്ട്. ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതി യു.എ.ഇ. പ്രസിദ്ധീകരിച്ച തീവ്രവാദി പട്ടികയയിൽ പറഞ്ഞിരിക്കുന്ന വ്യക്തി ഛത്തിസ്ഗഢുകാരനായ മനോജ് സബർവാൾ തന്നെയാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.

Content Highlights: Iran-based Houthi financier Sa’id al-Jamal's Indian aid | Fact Check