ക്കഴിഞ്ഞ ഒക്ടോബർ 16-ന് ട്വിറ്ററിൽ ഇന്ത്യയുടെ ഐ.ടി. കയറ്റുമതി സംബന്ധിച്ച് ഒരു കണക്ക് കിരൺ കുമാർ എന്ന ഉപയോക്താവ് പങ്കുവച്ചു. പ്രസ്തുത ട്വീറ്റ് ഇങ്ങനെയാണ്: ''സൗദി അറേബ്യ എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണെന്ന് നമുക്കറിയാം. എന്നാൽ, 2021-ൽ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതി സൗദിയുടെ മൊത്തം എണ്ണ കയറ്റുമതിയേക്കാൾ 25% കൂടുതലായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ?''

എന്താണ് ഈ ട്വീറ്റിന് പിന്നിലെ വാസ്തവം?

അന്വേഷണം

കോവിഡ് മഹാമാരിയും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും കാരണം സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ സൗദി തിരിച്ചുവരവിന്റെ  പാതയിലാണ്. ഒപെകിന്റെ (opec) കണക്കുകൾ പ്രകാരം 2018  മാർച്ചിൽ 260 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയാണ് സൗദി അറേബ്യ നടത്തിയത്. എന്നാൽ, ജൂലൈ 2020-തോടെ ഇത് വെറും 70 ബില്യൺ ഡോളർ ആയി കുറഞ്ഞു. ഇപ്പോൾ സാമ്പത്തിക രംഗം ഉണർന്നതോടെ, എണ്ണ കയറ്റുമതിയും കൂടുകയാണ്. 2021 മാർച്ചിലെ കണക്കുകൾപ്രകാരം സൗദിയുടെ എണ്ണ കയറ്റുമതിയുടെ മൂല്യം 152.50 മില്യൺ ഡോളറാണ്. 

അതേസമയം, ഇന്ത്യയുടെ ഐ.ടി. സോഫ്റ്റ്‌വെയർ കയറ്റുമതി ഓരോ വർഷവും കൂടുകയാണ്. ആർ.ബി.ഐയുടെ കണക്കുകൾ പ്രകാരം 2018-19 സാമ്പത്തിക വർഷത്തിൽ 117.9 ബില്യൺ ഡോളർ ആയിരുന്നു സോഫ്റ്റ്‌വെയർ കയറ്റുമതി.  2019-20ൽ സോഫ്റ്റ്‌വെയർ കയറ്റുമതി 128.6 ബില്യൺ ഡോളറായി വർധിച്ചു. ഇപ്പോൾ 2020-21ൽ ഇത് 133.7 ബില്യൺ ആയി വീണ്ടും വർധിച്ചു. കോവിഡ് മഹാമാരി ഇന്ത്യയുടെ പല വ്യവസായത്തെയും ബാധിച്ചപ്പോൾ, കാര്യമായ തൊഴിൽ ശോഷണം സംഭവിക്കാത്ത ചുരുക്കം ചില മേഖലകളിൽ ഒന്നാണ് രാജ്യത്തെ ഐ.ടി. മേഖല.

ഇനി ട്വീറ്റിലെ അവകാശവാദത്തിലേക്ക് വരാം. 2021 മാർച്ച് വരെയുള്ള കണക്കുകൾ അനുസരിച്ച്, സൗദിയുടെ എണ്ണ കയറ്റുമതിയുടെ ആകെ മൂല്യം 152.50 ബില്യൺ ഡോളറാണ്. ഇന്ത്യൻ ഐ.ടി. സോഫ്റ്റ്‌വെയർ കയറ്റുമതി, സൗദിയുടെ 2021-ലെ എണ്ണ കയറ്റുമതിയെക്കാൾ 25 ശതമാനം കൂടുതലാവുകയാന്നെങ്കിൽ, അതിന്റെ മൂല്യം 190.63  ബില്യൺ യു.എസ്. ഡോളർ ആയിരിക്കും. എന്നാൽ ആർ.ബി.ഐയുടെ കണക്കുകൾ പ്രകാരം 2020 -21 സാമ്പത്തിക വർഷത്തെ ഐ.ടി. വ്യവസായത്തിന്റെ കയറ്റുമതി 133.7 ബില്യൺ ഡോളർ മാത്രമായിരുന്നു. അതായത് ട്വീറ്റിൽ പരാമർശിച്ച 25 ശതമാനത്തേക്കാൾ(190.63 ബില്യൺ ഡോളർ) 18 .8 ബില്യൺ ഡോളർ കുറവ്.   

IT

വാസ്തവം 

ആർ.ബി.ഐ., എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയുമായ ഒപെക് (opec ) എന്നിവരുടെ കണക്കുകൾ അനുസരിച്ച് ട്വീറ്റിലെ അവകാശവാദം തെറ്റെന്ന് തെളിഞ്ഞു. ട്വീറ്റ് അവകാശപ്പെട്ടത് 2021-ലെ സൗദിയുടെ എണ്ണ കയറ്റുമതിയെക്കാൾ 25 ശതമാനം കൂടുതൽ ആയിരിക്കും ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയെന്നാണ്. എന്നാൽ ലഭ്യമായ കണക്കുകൾ അനുസരിച്ചു നിലവിൽ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റുമതി സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 88 ശതമാനം മാത്രമേ വരികയുള്ളു. അതിനാൽ ട്വീറ്റിലെ അവകാശവാദം തെറ്റാണ്. 

Content Highlights: India's software export and Saudi Arabian Oil Production | Fact Check