ൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഒവൈസി തെലങ്കാനയിലെ ഹിന്ദുക്കളെ ചാർമിനാറിനടുത്ത് ഹിന്ദു പരിപാടി സംഘടിപ്പിക്കാൻ വെല്ലുവിളിച്ചിട്ട് ലഭിച്ച പ്രതികരണത്തിന്റേതെന്ന പേരിൽ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന വീഡിയോയുടെ തലവാചകം ഇപ്രകാരമാണ്- 'ധൈര്യമുണ്ടെങ്കിൽ ചാർമിനാറിനടുത്ത് ഹിന്ദു പരിപാടി സംഘടിപ്പിക്കാൻ ഹിന്ദുക്കളെ ഒവൈസി വെല്ലുവിളിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതികരണം.' (പരിഭാഷ)

ചാർമിനാറിനടുത്ത് കൂടിയ ഒരു ജനാവലി 'ഭാരത് മാതാ കീ ജയ്... ജയ് ശ്രീ രാം... രാമ ലക്ഷ്മണ ജാനകി, ജയ് ബോലോ...' എന്നുള്ള മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.

പ്രചരിക്കുന്ന വീഡിയോ

ഇന്ത്യാ റ്റുഡേയിൽ അസിസ്റ്റന്റ് കോപ്പി എഡിറ്ററായിരുന്ന രാകേഷ് തിയ്യന്റെ (രാകേഷ് സിംഹ) ട്വിറ്റർ ഹാൻഡ്ലിൽ നിന്നാണ് ഈ വീഡിയോ നവംബർ 9-ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പതിനാലായിരത്തിലധികം പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

ഈ വീഡിയോയുടെ പിന്നിലെ വാസ്തവം പരിശോധിക്കാം.

അന്വേഷണം

തലവാചകത്തിൽ പരാമർശിക്കുന്നപോലെ, ചാർമിനാറിനടുത്ത് നടന്ന ഒരു യഥാർത്ഥ പരിപാടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വീഡിയോയിൽനിന്ന് വ്യക്തമാണ്. തെലുങ്ക് പത്രങ്ങളും മാധ്യമ പോർട്ടലുകളും തിരഞ്ഞപ്പോൾ ഇത്തരമൊരു സംഭവം തെലങ്കാനയിൽ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രചരിപ്പിക്കുന്നത് പോലെ ഒവൈസി ഹിന്ദുക്കളെ വെല്ലുവിളിച്ചതായും സ്ഥിരീകരിക്കാനായില്ല.

ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ വലിയൊരു വേദിയും തോരണങ്ങളും ബി.ജെ.പിയുടെ കൊടികളും കാണാൻ സാധിക്കും. ഇലക്ഷൻ പ്രചാരണത്തിന് വയ്ക്കുന്നതുപോലുള്ള ബോർഡുകളും ചിത്രങ്ങളും വീഡിയോയിലുണ്ട്. സംശയ ദുരീകരണത്തിനായി ചാർമിനാറിനടുത്ത് നടന്ന പരിപാടികളുടെ വാർത്തകളും വീഡിയോകളും പരിശോധിച്ചു. അങ്ങനെ, 2021 ആഗസ്റ്റ് 28-ന് വി 6 ന്യൂസ് തെലുഗു എന്ന യൂട്യൂബ് ചാനലിൽ ലൈവ് നൽകിയ പ്രജാ സംഗ്രമ യാത്രയുടെ വീഡിയോ ലഭിച്ചു. 

പ്രചരിക്കുന്ന വീഡിയോയിലെ അതേ വേദിയും പോസ്റ്ററുകളും കൊടികളും തോരണങ്ങളും  കണ്ടെത്തിയ വീഡിയോയിലും ഉള്ളതായി തിരിച്ചറിഞ്ഞു. രണ്ട് വീഡിയോകളിലെ ശബ്ദങ്ങൾ തമ്മിലും താരതമ്യം ചെയ്തു നോക്കിയപ്പോൾ ഒരേ മുദ്രാവാക്യങ്ങളാണെന്നും മനസ്സിലാക്കാൻ സാധിച്ചു. ബി.ജെ.പി. തെലങ്കാന സംസ്ഥാന പ്രസിഡന്റും എം.പിയുമായ ബണ്ടി സഞ്ജയ് കുമാറിന്റെ 2021 ആഗസ്റ്റിലെ ഇലക്ഷൻ പ്രചാരണത്തിന്റെ വീഡിയോയാണത്.

shajan
വീഡിയോകളിലെ ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം

വീഡിയോയിൽ ബണ്ടി സഞ്ജയ് കുമാർ ആണ്  'ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്. ജയ് ശ്രീ രാം...' എന്ന് പറയുന്നത്. താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ 2:47:08-2:47:40 എന്ന ഭാഗത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ നടന്ന ഒരു സംഭവമായിട്ട് തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് കണ്ടെത്തി.


                                                                          
വാസ്തവം

പ്രചരിക്കുന്ന വീഡിയോ ഇപ്പോൾ നടന്ന സംഭവത്തിന്റെയോ ഒവൈസിയുടെ വെല്ലുവിളിക്ക് മറുപടിയായി ഹിന്ദുക്കൾ ഒത്തു കൂടിയതിന്റേതോ അല്ല. രണ്ടര മാസം മുന്നേ നടന്ന തെലങ്കാന ഇലക്ഷൻ പ്രചാരണത്തിൽനിന്നുള്ള ഒരു ഭാഗമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ  പ്രചരിപ്പിക്കുന്നത്. 

Content Highlights: Hindu Sangam in Charminar is reply to Owaisi's challenge to Hindus? | Fact Check