കേരളത്തിലെ പ്രേതബാധയുള്ള സ്ഥലങ്ങളെ പറ്റി ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം വരുന്ന പേര് '25 ജിബി ബോണക്കാട്' എന്നാണ്. ബോണക്കാടുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് സമൂഹമാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാൽ പ്രദേശവാസികൾ ഇക്കഥകൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതിന്റെ  വാസ്തവമെന്തെന്ന് പരിശോധിക്കാം:

സമൂഹമാധ്യമങ്ങളിൽ കാണുന്ന ബംഗ്ലാവിന്റെ യഥാർത്ഥ പേര് 25 ജിബി എന്നല്ല. മാധ്യമങ്ങളെല്ലാം ഒരു പോലെ പറയുന്ന പേരാണ് 25 ജിബി ബംഗ്ലാവെന്നത്. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. ബംഗ്ലാവിന്റെ ഗേറ്റിനടുത്തു കാണുന്ന ഒരു ചെറിയ ഫലകത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേര് പരക്കുന്നത്. എന്നാൽ, അത് ഗെയിറ്റിനോട് ചേർന്ന് നിർമ്മിച്ച മറ്റൊരു കെട്ടിടത്തിന്റെ പേരാണ് എന്നതാണ് വാസ്തവം. 

ബംഗ്ലാവിന്റെ യഥാർത്ഥ പേര്  ബി  2 എന്നാണ്. അതിന്റെ ചുമരിനു ഒരു വശത്തായി അല്പം ഉയരത്തിലാണ് ഫലകം സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്ന് അത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല.

ഗെയിറ്റിനോട് ചേർന്ന് രണ്ട് ചെറിയ കെട്ടിടങ്ങളുണ്ട്. അതിൽ ആദ്യത്തെ കെട്ടിടത്തിന്റെ പേരാണ് 25 ജിബി എന്നത്. രണ്ടാമത്തേതിന്റെ പേര് 29 ജിബി എന്നാണ്. ഒരു പക്ഷെ ഗെയിറ്റിനോട് തൊട്ടടുത്തായി ഫലകം സ്ഥിതി ചെയ്യുന്നത് കൊണ്ടാകാം ഈ തെറ്റ് സംഭവിച്ചത്. ഡ്രൈവർമാർ താമസത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളാണ് ഇവ രണ്ടുമെന്ന് പ്രദേശവാസിയോട്  സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

Bonacaud Bungalow
ബംഗ്ലാവിനു പുറത്തെ ഫലകങ്ങള്‍ | ഫോട്ടോ: മാതൃഭൂമി

ബംഗ്ലാവിലെ പതിമൂന്നുകാരി

എസ്റ്റേറ്റ് മാനേജർ ആയിരുന്ന 'ഒരു സായിപ്പിന്റെ കുടുംബത്തെ ' ചുറ്റിപ്പറ്റിയാണ് പ്രേതകഥ പ്രചരിക്കുന്നത്. മാനേജറുടെ മകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചെന്നും മനോവിഷമത്തിൽ അദ്ദേഹവും ഭാര്യയും ലണ്ടനിലേക്ക് പോയെന്നുമാണ് കഥ. സംഭവത്തിനു ശേഷം നാട്ടുകാരിൽ ചിലർ  പെൺകുട്ടിയുടെ പ്രേതത്തെ കണ്ടുവെന്നും, ചിലർക്ക്  ദുരനുഭവങ്ങൾ ഉണ്ടായെന്നുമാണ് കഥകൾ. 

ഇതിനിടെ ചില യൂട്യൂബർമാർ പ്രേതത്തെ നേരിൽ കണ്ടുവെന്നും സംസാരിച്ചുവെന്നുമുള്ള അവകാശവാദങ്ങളുമായ് രംഗത്തെത്തി. എന്നാൽ വാസ്തവം വളരെ വ്യത്യസ്തമാണ്.

ഞങ്ങൾ ബോണക്കാട് സന്ദർശിച്ച് പ്രദേശവാസികളോട് അന്വേഷണം നടത്തി.. ആർക്കും തന്നെ കുടുംബസമേതം ബംഗ്ലാവിൽ താമസിച്ച 'മാനേജർ സായിപ്പിനെയും മകളെയും' അറിയില്ല. നാട്ടുകാർക്കാർക്കും തന്നെ കഥകളിൽ പറഞ്ഞു കേൾക്കുന്നത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ബോണക്കാടുകാരുടെ അറിവിൽ ബംഗ്ലാവിൽ ഒരു പെൺകുട്ടി വളർന്നിട്ടേ ഇല്ല. 
 
വിദേശികളായ ജോണി, ബ്രൗൺ എന്നിവർ മാനേജർമാരായിരുന്നപ്പോഴാണ് 'ബി 2 ബംഗ്ലാവ്' നിർമ്മിച്ചത്. 1961-62 കാലത്തായിരുന്നു നിർമ്മാണം. ഇവർ രണ്ടു പേരും കുടുംബസമേതമല്ല ബംഗ്ലാവിൽ താമസിച്ചിരുന്നതെന്നും അക്കാലത്തു അവിടെ  ജോലി ചെയ്തിരുന്ന നാട്ടുകാരിൽനിന്നും അറിയാൻ കഴിഞ്ഞു. നാരായൺ കപൂർ എന്നയാളുടെ  ഉടമസ്ഥതയിലായിരുന്നു അന്ന് എസ്റ്റേറ്റ്.

പ്രേതശല്യം കാരണം നാട്ടുകാർ ബോണക്കാട് വിടുന്നുവെന്ന വാർത്ത ചില യൂട്യൂബർമാർ പരത്തുന്നുണ്ട്. അതും തെറ്റാണ്. നാരായൺ കപൂറിന്റെ കയ്യിൽനിന്നു മഹാവീർ പ്ലാന്റേഷൻസ് എസ്റ്റേറ്റ് വാങ്ങി. പിന്നീട് തൊഴിൽ തർക്കങ്ങൾ ഉണ്ടാവുകയും ക്രമേണ കമ്പനിയുടെ പ്രവർത്തനം നിലക്കുകയും ചെയ്തു. അങ്ങനെ ദുരിതത്തിലായ  തൊഴിലാളികളിൽ പലരും ബോണക്കാടുനിന്നും താമസം മാറ്റാൻ തുടങ്ങി എന്നതാണ് സത്യാവസ്ഥ.

Bonacaud Bungalow
ബംഗ്ലാവിനു പുറത്തെ ഫലകം | ഫോട്ടോ: മാതൃഭൂമി

വാസ്തവം

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പരമ്പരയുടെ ഭാഗമായാണ് ബോണക്കാട് പ്രേതകഥ ആദ്യമായി പുറത്തു വരുന്നത്. സത്യത്തിൽ ബോണക്കാടുകാരും അപ്പോൾ മാത്രമാണ് ഈ കഥ അറിയുന്നത്. ബോണക്കാട് ബംഗ്ലാവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകൾ തീർത്തും വ്യാജമാണ്. 

Content Highlights: Haunted Bungalow at Bonacaud, Trivandrum | Fact Check