രാജ്യം കനത്ത കൽക്കരി ക്ഷാമത്തിലൂടെ കടന്നുപോവുകയാണ്. ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങളുടെ മുഖ്യ ഇന്ധനം കൽക്കരിയാണ്. അതിനാൽ കൽക്കരി ക്ഷാമം രാജ്യത്തെ ഊർജ പ്രതിസന്ധിയിലേക്കും നയിക്കുകയാണ്. പല സംസ്ഥാനങ്ങളും ഊർജ പ്രതിസന്ധി പരിഹരിക്കാൻ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്. 

കൽക്കരി വിഷയത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യസഭ എം.പിയും മുൻ മന്ത്രിയും ബി.ജെ.പി. നേതാവുമായ പ്രകാശ് ജാവദേക്കർ ഒക്ടോബർ 20-ന് ഒരു ട്വീറ്റ് പ്രസിദ്ധികരിച്ചിരുന്നു. പ്രസ്തുത ട്വീറ്റ് ഇതാണ്: ''പവർ പ്ലാന്റുകളിലേക്ക് കൽക്കരി വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിനായി 4 എഞ്ചിനുകളുള്ള 4 കിലോമീറ്റർ നീളമുള്ള ട്രെയിൻ ഓടുന്നു. ഇതാണ് മോഡി സർക്കാർ, ഇതാണ് മോദിയുടെ പുതിയ ഇന്ത്യ.'' 

ഇതോടൊപ്പം കൽക്കരി കൊണ്ടുപോകുന്ന ഒരു ട്രെയിനിന്റെ വിഡിയോയും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. എന്താണ് പ്രസ്തുത ട്വീറ്റിന് പിന്നിലെ വാസ്തവം. മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

train

അന്വേഷണം 

വിശദമായ അന്വേഷണത്തിൽ ട്വീറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോ അധികാരികമല്ല എന്ന് മനസ്സിലായി. ട്വീറ്റിലെ വീഡിയോ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നടപ്പാക്കിയ വാസുകി എന്ന ചരക്കു ട്രെയിനിനെ പറ്റിയാണ്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള വാസുകി എന്ന ചരക്കു ട്രെയിനിന് 300 വാഗണുകളും 3.5 കിലോമീറ്റർ നീളവുമുണ്ട്. 2021 ജനുവരി 22-ന് ഭിലായ് മുതൽ കോർബ വരെ 224 കിലോ മീറ്റർ ദൂരം ഓടിയ പ്രസ്തുത ട്രെയിനിനെ പറ്റി അന്ന് റെയിൽവേ മന്ത്രിയായിരുന്ന പിയുഷ് ഗോയലും ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന്റെ ഉള്ളടക്കം ഇതാണ്: 

''ഇന്ന് രാജ്യത്ത് ആദ്യമായി 3.5 കിലോ മീറ്റർ ദൈർഘ്യമുള്ള വാസുകി ട്രെയിൻ പ്രവർത്തനം ആരംഭിച്ചു. 5 റേക്കുകൾ അധികമായി ചേർത്താണ് റെയിൽവേ ഈ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. ഇത്തരം പുതിയ റെയിൽവേ സർവീസുകൾ  കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വ്യാവസായിക ഉൽപന്നങ്ങളുടെ വിതരണം ഉറപ്പാക്കുകയും ചരക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുകയും ചെയ്യും''.

വാസുകി ട്രെയിനിന്റെ വീഡിയോ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. 
വീഡിയോയുടെ  ലിങ്ക്: https://www.youtube.com/watch?v=J-QMneAOFt4 

train

വാസ്തവം 

പ്രസ്തുത ട്വീറ്റിലെ ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. 2021 ജനുവരി 22-ന് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നടപ്പാക്കിയ വാസുകി എന്ന ചരക്കു ട്രെയിനിന്റെ ദൃശ്യങ്ങളാണ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്. എട്ടു മാസം മുൻപ് കൽക്കരിയുമായി പോയ പ്രസ്തുത ട്രെയിനിന്റെ ദൃശ്യമാണ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്. അതിനാൽ പ്രസ്തുത ട്വീറ്റിലെ ദൃശ്യങ്ങൾ തെറ്റിദ്ധാരണ ജനിപ്പിക്കുന്നു.

Content Highlights: Four kilo meter length train for coal distribution? | Fact Check