മാതൃഭൂമി ന്യൂസിന്റേതെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്‌. മാതൃഭൂമി ന്യൂസ്‌ ചാനല്‍ ബ്രേക്കായിട്ടാണ്‌ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമാണ് ഇത് പ്രചരിക്കുന്നത്‌. മാതൃഭൂമി ന്യൂസില്‍ വന്ന മറ്റേതോ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അതിന് മുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം കൃത്രിമമായി എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വ്യാജ ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കിയിരിക്കുന്നത്. 

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മാതൃഭൂമി ന്യൂസ് ബ്രേക്കിങ് ന്യൂസ് സംപ്രേഷണം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതല്ല. കൂടാതെ മുഖ്യമന്ത്രിയുടെ ചിത്രം തൊട്ടുമുകളിലെ ബ്രേക്കിങ് ന്യൂസ് എന്ന് ഇംഗ്ലീഷിലെഴുതിയിരിക്കുന്നതിന് മുകളിലേക്ക് കയറിയിരിക്കുന്നതായും,മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലുള്ള വാചകമടങ്ങിയിരിക്കുന്ന ഭാഗം താഴേക്ക് ഇറങ്ങിയിരിക്കുന്നതായും കാണാം. പ്രചരിക്കുന്ന ചിത്രത്തിന് മുകളില്‍ ഇടതുവശത്ത് മാര്‍ച്ച് 12, ലൈവ്, പുതുപ്പള്ളി എന്നും താഴെ ഫ്‌ളാഷ് ന്യൂസ് നല്‍കുന്ന ഭാഗത്ത് 'നേമം വിവാദത്തില്‍ ആര്‍ക്കും പങ്കില്ല' എന്നും കാണാം.

Mathrubhumi News

കഴിഞ്ഞ ദിവസം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് മാതൃഭൂമി ന്യൂസിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിലും നേരത്തേ പറഞ്ഞ തീയതിയും സ്ഥലവും ഫ്‌ളാഷും തന്നെയാണ്. അതുകൊണ്ട് തന്നെ ഒരേ ചിത്രത്തിന് മുകളിലാണ് ഈ രണ്ട് വ്യാജവാര്‍ത്തയും നിര്‍മിച്ചിരിക്കുന്നത് എന്നത് വ്യക്തം. 

ശനിയാഴ്ചയാണ് മാതൃഭൂമി ന്യൂസിന്റെ ലോഗോ വെച്ച് കെ.പി.എ.മജീദിന്റെ വ്യാജ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു വാര്‍ത്ത മാതൃഭൂമി ന്യൂസ് നല്‍കിയിട്ടില്ല.

 

Content Highlights: Fake News Circulating on Social Media, Mathrubhumi News, Pinarayi Vijayan