ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവരുടെ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നു എന്ന  സന്ദേശം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. Huawei Mate 40 Pro 8GB + 256 (bright black) മൊബൈല്‍ഫോണ്‍ ആണ് സമ്മാനമായി കൊടുക്കുന്നതത്രെ. ഈ സന്ദേശം വ്യാജമാണെന്നു മാതൃഭൂമി ഫാക്ട് ചെക്ക് ടീം കണ്ടെത്തി.

അന്വേഷണം: ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റിന്റേതെന്നു പറഞ്ഞു പ്രചരിക്കുന്ന സന്ദേശം https://pshwnz.bar/luluhypermarket/tb.php?_t=16262436901626244096636 എന്ന ലിങ്കിലാണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ പ്രഥമദൃഷ്ട്യാ ഈ സന്ദേശം വ്യാജമാണെന്ന് നമുക്ക് മനസിലാക്കാം. ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റിന്റെ വെബ്‌സൈറ്റുകള്‍ https://www.luluhypermarket.in, https://www.luluhypermarket.com, https://www.lulumall.in എന്നിവയാണെന്നു ഗൂഗിള്‍ സെര്‍ച്ചിലൂടെ കണ്ടെത്താനായി. അവരുടെ വെബ്‌സൈറ്റുകളില്‍ എവിടെയും ഇത്തരം ഒരു ആഘോഷത്തിന്റെയോ അതുമായി ബന്ധപെട്ട് ഒരുക്കിയിരിക്കുന്ന സമ്മാനങ്ങളെയോ കുറിച്ച് പറയുന്നില്ല. 

നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെക്കുറിച്ചു അറിയാമോ? നിങ്ങള്‍ക്ക് എത്ര വയസ്സായി? ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ നിങ്ങള്‍ എത്ര മാത്രം ഇഷ്ടപെടുന്നു? നിങ്ങള്‍ പുരുഷനോ സ്ത്രീയോ? എന്നി ചോദ്യങ്ങള്‍ക്കാണ് നിങ്ങള്‍ ഉത്തരം കൊടുക്കേണ്ടത്. അതിനുള്ള ഉത്തരം കൊടുത്താല്‍ ഉടനെ അവര്‍ നിങ്ങളുടെ നമ്പര്‍ വെരിഫൈ ചെയ്യുകയും സമ്മാനം പ്രഖ്യാപിക്കുകയും ചെയ്യും. 

ഈ കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഞങ്ങള്‍ ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഡയറക്ടര്‍ - മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് വി. നന്ദകുമാറിന്റെ സഹായം തേടി. 

'വ്യാജ പ്രചാരണമുള്ള ഒരു വ്യാജ വെബ്സൈറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് ഒരുപാട് ആളുകളെ ആകര്‍ഷിക്കുന്നു. ഇത്തരം തട്ടിപ്പുകാര്‍ ആദ്യമായിട്ടൊന്നും അല്ല. പുതിയ തന്ത്രങ്ങളുമായി അവ വീണ്ടും മടങ്ങിവരുന്നത് നിര്‍ഭാഗ്യകരമാണ്. ഈ പ്രശ്‌നത്തെക്കുറിച്ച് ഞങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വ്യാജ കാമ്പയ്നുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളുടെ വലയില്‍ വീഴരുതെന്ന് ലോകമെമ്പാടുമുള്ള ഞങ്ങളുടെ വിശ്വസ്തരായ എല്ലാ ഷോപ്പര്‍മാരോടും തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അത്തരം വെബ്സൈറ്റുകളിലോ സംശയാസ്പദമായ മറ്റേതെങ്കിലും ലിങ്കുകളിലോ വ്യക്തിഗത വിശദാംശങ്ങളോ ബാങ്ക് അകൗണ്ടോ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളോ ഒരിക്കലും പങ്കിടരുത്. ഞങ്ങളുടെ എല്ലാ യഥാര്‍ത്ഥ ഓഫറുകളും ഞങ്ങളുടെ ഔദോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വെബ്സൈറ്റുകളിലും മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.  

വാസ്തവം: ലുലു ഹൈപ്പര്‍ മാര്‍ക്കെറ്റ് അവരുടെ ഇരുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നു എന്നും പറഞ്ഞു ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

Content Highlights: fake message lulu hypermarket 20th anniversary prizes