പുരട്ചി തലൈവി ജയലളിതയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിലെന്താണ് ബന്ധം?. ഒരാള്‍ തമിഴകത്തെ മാത്രമല്ല രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കിയ രാഷ്ട്രീയ നേതാവ്, മുന്‍ തമിഴ്‌നാട് മുഖ്യന്ത്രി. മറ്റൊരാള്‍ രാജ്യത്തെ എണ്ണപ്പെട്ട വനിതാ നേതാക്കളില്‍ പ്രമുഖ. രണ്ടുപേര്‍ക്കുമിടയില്‍ കനപ്പെട്ട സൗഹൃദമുണ്ടായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവകാശപ്പെടുന്നത്. അത് വെറും അവകാശവാദം മാത്രമാണ്.

രാഷ്ട്രീയക്കാരും അല്ലാത്തവരും ഒരു പോലെ ഷെയര്‍ ചെയ്ത ഈ ചിത്രം വെട്ടിയൊട്ടിച്ചതല്ല, ഒറിജിനലാണ്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് നിര്‍മല സീതാരാമനല്ല, തമിഴ് സാഹിത്യകാരി ശിവശങ്കരിയാണ്. 

സിംഹാസന കസേരയില്‍ ഇരിക്കുന്ന 'നിര്‍മല സീതാരാമനെ' പോലൊരാളും കേസരക്കയ്യില്‍ ഇരിക്കുന്ന ജയലളിതയുമുള്ള പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ സഞ്ചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ നിര്‍മല സീതാരാമന്റെ യൗവനമാണെന്നു തോന്നും. ജയ സിനിമയിലെ പഴയ ജയലളിത. 

എന്നാല്‍ ജയലളിതക്കൊപ്പമിരിക്കുന്ന ശിവശങ്കരി നാല് പതിറ്റാണ്ടുകാലം തമിഴ് സാഹിത്യത്തില്‍ നിറഞ്ഞുനിന്ന സാഹിത്യകാരിയാണ്. ശിവശങ്കരിയാണ് അതെന്ന് ഈ ചിത്രമെടുത്ത പ്രസിദ്ധ ഫോട്ടോഗ്രാഫറായ വി.രവിവര്‍മ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം പോസ്റ്റുചെയ്യുകയും ചെയ്തു.

അന്ന് ഒരു തമിഴ്മാസികക്ക് വേണ്ടി അദ്ദേഹമെടുത്ത ഫോട്ടോയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്. 

അതോടെ തന്തി ടിവി ജയലളിതയും ശിവശങ്കരിയും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന കുറച്ച് ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 

Content highlights: Fake claim, the women with Jayalalithaa is Writer Sivasankari not Nirmala Sitharaman