ചെന്നൈ : കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് മധുരയില്‍ 26-കാരിയായ യുവഡോക്ടര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി തമിഴ്നാട് ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യപകമായതിനെതുടര്‍ന്നാണ് വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. 

മാര്‍ച്ച് 11-നാണ് മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യോളജയില്‍ പി.ജി. വിദ്യാര്‍ഥിനിയായിരുന്ന ഡോ.ഹരിഹരിണി മരിച്ചത്. മാര്‍ച്ച് 12-ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനഫിലിറ്റിക് ഷോക്ക് (ഗുരുതരമായ അലര്‍ജി റിയാക്ഷന്‍) മൂലം ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് പറയുന്നുണ്ട്. 

ഫെബ്രുവരി അഞ്ചിനാണ് ഡോ.ഹരിഹരിണി കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്.  എന്നാല്‍ ഒരു മാസത്തിന് ശേഷം കടുത്ത ശരീര വേദനയെ തുടര്‍ന്ന് ഭര്‍ത്താവും ഡോക്ടറുമായ ഡോ.പി. അശോക് വിഘ്നേശ് വേദനസംഹാരി ഇന്‍ജക്ഷന്‍ ഡൈക്ലോഫെനാക് നല്‍കി. ഇതോടെ ഹരിഹരിണിയുടെ ആരോഗ്യനില മോശമാവുകയും മാര്‍ച്ച് അഞ്ചിന് മധുര മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാര്‍ച്ച് 11 ന് മരിക്കുകയും ചെയ്തു. 

കോവിഡ് വാക്സിന്‍ സ്വീകരിച്ചര്‍ക്ക് വേദനസംഹാരിയായി ഡൈക്ലോഫെനാക് നല്‍കരുതെന്ന് നിര്‍ദേശം നിലവിലുള്ളതായി ജില്ലാ പ്രതിരോധ കുത്തിവെപ്പ് ഓഫിസര്‍ ഡോക്ടര്‍ കെ.വി. അര്‍ജുന്‍ കുമാര്‍ വ്യക്തമാക്കി. ഇതാകാം മരണത്തിനിടയാക്കിയതെന്നും വാക്സിന്‍ സ്വീകരിച്ചത് മരണകാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.