നുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നെത്തിയത് പോറ്റമ്മയാണെന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. പോലീസ് അകമ്പടിയോടെ, കുഞ്ഞിനെ സുരക്ഷിതമായി മാറോട് ചേർത്തുപിടിച്ചു എയർപോർട്ടിൽനിന്നു പുറത്തു വരുന്ന ഒരു സ്ത്രീയുടെ ചിത്രമാണിത്.  ദത്തെടുത്ത ദമ്പതിമാരെ അനുകൂലിച്ചും അനുപമയെ ഇകഴ്ത്തിയുമുള്ള വിവരണങ്ങളോടെ നിരവധി പേർ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.
  
അന്വേഷണം 

ദത്ത് വിവാദം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ്. സംഭവം വിവാദമായത് മുതൽ കുഞ്ഞിനെ തിരികെ അനുപമയ്ക്ക് ലഭിച്ചതു വരെയുള്ള വിവരങ്ങൾ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ കുഞ്ഞിനെ എത്തിച്ച സമയത്തെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറെ വാർത്താ പ്രാധാന്യം നേടിയ വിഷയമായതിനാൽ തന്നെ കുഞ്ഞിനെ തിരികെ എത്തിച്ചത് മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ വാർത്തയായി നൽകിയിരുന്നു. 

Anupama

റിപ്പോർട്ടുകൾ അനുസരിച്ച്,ദത്തെടുത്ത മാതാപിതാക്കളുടെ പക്കൽനിന്നു കുഞ്ഞിനെ തിരികെയെത്തിക്കാൻ നിയോഗിക്കപ്പെട്ടത് നാലംഗ സംഘമാണ്. ഇതിൽ മൂന്നു പേർ പോലീസുകാരും ഒരാൾ ശിശുക്ഷേമസമിതി ജീവനക്കാരിയായ വിനീതയുമാണ്.  ആന്ധ്രപ്രദേശ് തലസ്ഥാനമായ അമരാവതിക്കടുത്തുള്ള ഒരു ജില്ലയിലെ ഗ്രാമത്തിൽനിന്നാണ് ദമ്പതിമാർ കുഞ്ഞുമായി സി.ഡബ്ല്യൂ.സി. ഓഫീസിലെത്തി ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി റിപ്പോർട്ടർ വ്യക്തമാക്കി.  

കേരളത്തിലേക്കുള്ള യാത്രയിൽ ആന്ധ്ര ദമ്പതിമാർ കുഞ്ഞിനെ അനുഗമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി ചേർത്തുപിടിച്ചു കൊണ്ട് വിമാനത്താവളത്തിൽനിന്ന് ഇറങ്ങി വന്നത് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയായ വിനീതയാണ്. ഇക്കാര്യം മാതൃഭൂമി ന്യൂസ് റിപ്പോർട്ടറും ബന്ധപ്പെട്ട അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. 

Anupama
 
വാസ്തവം

അനുപമയുടെ കുഞ്ഞുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇറങ്ങിവന്നത് കുട്ടിയെ ദത്തെടുത്ത അമ്മയല്ല. ആന്ധ്രപ്രദേശിലെ ദമ്പതിമാർ കുഞ്ഞിനെ അനുഗമിച്ച് ഉദ്യോഗസ്ഥരോടൊപ്പം കേരളത്തിലേയ്ക്ക് വന്നിട്ടില്ല. കുഞ്ഞിന്റെ 'പോറ്റമ്മ' എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വിശദമായിത്തന്നെ വാർത്താ മാധ്യമങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. 

Content Highlights: Did the stepmother come to the airport with Anupama's baby? | Fact Check