ങ്കയിലെ അശോകവനത്തിൽ സീത ഇരുന്നതായി വിശ്വസിക്കുന്ന പാറയുടെ ഭാഗം അയോധ്യയിൽ എത്തിച്ചുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദീപാവലിയുമായി ബന്ധപ്പെടുത്തിയാണ് പലരും ഇത് പങ്കുവെച്ചിട്ടുള്ളത്. 

അന്വേഷണം
 
സ്വർണ്ണവർണ്ണത്തിലുള്ള ഒരു വസ്തു കയ്യിലേന്തി ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽനിന്ന് ഇറങ്ങി വരുന്ന സന്യാസിമാരുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാരായ കിരൺ റിജ്ജു, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ചേർന്ന് സന്യാസിമാരെ സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അശോക വനത്തിൽ സീത ഇരുന്ന പാറയുടെ ഭാഗമാണ് സന്യാസിമാരുടെ  പക്കലെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതിൽനിന്നു സന്യാസിമാരുടെ പക്കലുള്ള വസ്തുവിന് ബുദ്ധസ്തൂപവുമായി സാമ്യമുള്ളതായി മനസ്സിലായി.

shajan

ചെറുസ്തൂപം കൈയ്യിലേന്തിയ സന്യാസിയുടെ ദൃശ്യം സ്‌ക്രീൻഷോട്ടെടുത്ത് ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അങ്ങനെ സമാനചിത്രം അടങ്ങുന്ന ചില വാർത്തകൾ ലഭിച്ചു. സിയാസത് ഡെയിലി, ടൈംസ് ഓഫ് ഇന്ത്യ എന്നിവരുടേതാണ് ലഭിച്ച വാർത്തകൾ. ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് ഉത്തർപ്രദേശിലെ കുശിനഗറിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തിരുന്നു. ശ്രീലങ്കയിൽനിന്നു ബുദ്ധ സന്യാസിമാരുമായി വന്ന വിമാനമാണ് ഇവിടെ ആദ്യമായി ഇറങ്ങിയത്. ലങ്കയിലെ വസ്‌കദുവ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ബുദ്ധന്റെ ശേഷിപ്പുകളുമായാണ് അവർ എത്തിയത്. ഈ ദൃശ്യങ്ങളാണ് അശോകവനത്തിലെ ശില അയോധ്യയിൽ എത്തിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.  

കുശിനഗറിൽ ബുദ്ധന്റെ ശേഷിപ്പുകൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി ലേഖി എന്നിവർ ട്വീറ്റ് ചെയ്തിട്ടുള്ളതായും കണ്ടെത്താൻ സാധിച്ചു.  

ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്:

മീനാക്ഷി ലേഖിയുടെ ട്വീറ്റ്:

അതേസമയം, അശോകവനത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ശില ഇക്കഴിഞ്ഞ ഒക്ടോബർ 28-ന് അയോദ്ധ്യയിൽ എത്തിച്ചു എന്നത് വാസ്തവമാണ്. ഇതുമായി ബന്ധപ്പെട്ട  മാധ്യമ വാർത്തകളും കണ്ടെത്താൻ സാധിച്ചു.

അശോകവനത്തിലെ ശില അയോധ്യയിൽ എത്തിച്ചതിന്റെ വാർത്ത: 


ടൈംസ് ഓഫ് ഇന്ത്യ വാർത്തയുടെ ലിങ്ക് :
https://timesofindia.indiatimes.com/city/lucknow/ashok-vatika-rock-gifted-to-ayodhya/articleshow/87347873.cms

വാസ്തവം 

ശ്രീലങ്കയിൽനിന്നു സന്യാസിമാർ കൊണ്ടുവന്ന ശ്രീ ബുദ്ധന്റെ ശേഷിപ്പുകളുടെ ദൃശ്യങ്ങളാണ് അശോകവനിയിലെ ശിലയുടേതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സന്യാസിമാർ എത്തിയത്.

Content Highlights: