കാശ്മീരികളെ ഇന്ത്യൻ സൈന്യം പീഡിപ്പിക്കുന്നു എന്ന് വിവരിച്ചുകൊണ്ട് ഒരു ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഒരു മരത്തിൽ തലകീഴായി കെട്ടിത്തൂക്കിയ രണ്ടു മനുഷ്യരുടേതാണ് പ്രചരിക്കുന്ന ചിത്രം.

അന്വേഷണം 

സാദിഖ് അലി ബുഖാരി എന്ന ഐ.ഡിയിൽനിന്നുള്ള ട്വീറ്റാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും നിരവധി പേർ ഇത് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

മുഹമ്മദ് അലി ജിന്നയുടെ ചിത്രം ഡി.പി. ആക്കിയിട്ടുള്ള പ്രസ്തുത പ്രൊഫൈൽ ഒരു പാകിസ്താനിയുടേതാണെന്ന് കണ്ടെത്താൻ സാധിച്ചു. #kashmirBleeds എന്ന ഹാഷ്ടാഗോടുകൂടിയാണ് പ്രചാരണം. 

ചിത്രത്തിലെ പട്ടാളക്കാരന്റെ യൂണിഫോമും ഇന്ത്യൻ സായുധ സേനയുടെ യൂണിഫോമും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. അതിനാൽ ചിത്രത്തിന്റെ ആധികാരികതയെ പറ്റി കൂടുതൽ സംശയമുണർന്നു. ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ല. 

തുടർന്ന് യാൻഡെക്‌സ് എന്ന സെർച്ച് എൻജിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചു. അങ്ങനെ മേപാ ന്യൂസ് എന്ന ടർക്കിഷ് വാർത്താ പോർട്ടലിന്റെയും ഗ്ലോബൽ തഹ്ലീൽ എന്ന ഉസ്ബക് ഭാഷയിലെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെയും റിപ്പോർട്ടുകൾ ലഭിച്ചു. 2021 മാർച്ച് 13, 14 ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് അവ. 

afghan
 
ഗ്ലോബൽ തഹ്ലീലിന്റെ വാർത്തയുടെ ലിങ്ക്: https://www.global-tahlil.com/afgonistonda-armiya-kuchlari-oldirilganlarni-daraxtlarga-osib-qoyishdi/

ഇക്കഴിഞ്ഞ മാർച്ചിൽ കപിസയിൽനിന്നു രണ്ട് താലിബാൻ തീവ്രവാദികളെ അഫ്ഗാൻ സൈന്യം പിടികൂടിയിരുന്നു. അവരെ വധിച്ചതിന് ശേഷം മൃതദേഹം ഒരു  മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. അതിന്റെ ചിത്രമാണ് കാശ്മീരിലേതെന്ന പേരിൽ പ്രചരിക്കുന്നതെന്നും ലഭിച്ച വാർത്തകളിലൂടെ കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ട്വിറ്റർ പരിശോധിച്ചു. അങ്ങനെ 2021 മാർച്ച് മാസത്തിൽ ഇതേ ചിത്രം നിരവധി അഫ്ഗാനികൾ ട്വീറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. 

ട്വീറ്റുകളോടൊപ്പമുള്ള പഷ്തോ, ദാരി ഭാഷകളിലുള്ള വിവരണങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ ട്രാൻസ്ലേറ്റ് ചെയ്തു. കണ്ടെത്തിയ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ സാധൂകരിക്കുന്ന വിവരങ്ങളാണ് അവയിൽനിന്നു ലഭിച്ചത്.

അങ്ങനെ കാശ്മീരിലേതെന്ന തരത്തിൽ പ്രചരിക്കുന്ന ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉറപ്പിച്ചു.

വാസ്തവം 

ഇന്ത്യൻ സൈന്യം കാശ്മീരികളെ തലകീഴായി കെട്ടിത്തൂക്കി എന്ന തരത്തിൽ പ്രചരിക്കുന്ന ട്വീറ്റ് വാസ്തവത്തിന് വിരുദ്ധമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഒരു സംഭവത്തിന്റെ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്.  

Content Highlights:  Did the Indian Army hang the Kashmiris upside down? | Fact Check