ത്രിപുരയിലെ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് അനേകം ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 28-ന് ഉവൈസ് റാണ പീസ് പാർട്ടി എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ത്രിപുരയിൽ ഒരു പോലീസുകാരൻ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രസ്തുത ട്വീറ്റ് ഇങ്ങനെയാണ്: 'ഇതാണ് ത്രിപുര പോലീസ്. മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലീങ്ങളുടെ വീടുകളും പള്ളികളും കടകളും കത്തിക്കാൻ കലാപകാരികളെ നയിക്കുന്നു.'

ഇതോടൊപ്പം പോലിസുകാരൻ ജയ് ശ്രീ റാം എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും ചേർത്തിരിക്കുന്നു. അങ്ങേയറ്റം സാമുദായിക സ്പർദ്ധ ഉയർത്തുന്ന ഈ ട്വീറ്റിന് പിന്നിലെ വാസ്തവം എന്താണ്? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

അന്വേഷണം 

ഇൻവിട് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ട്വീറ്റിൽ നൽകിയിരിക്കുന്ന വീഡിയോ സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് പട്‌ന ലൈവ് എന്ന ഓൺലൈൻ മാധ്യമമാണ്. അവർ ട്വിറ്ററിൽ പ്രസ്തുത വാർത്തയുടെ ലിങ്ക് 2018 മാർച്ച് 30-നു പ്രസിദ്ധികരിച്ചിരുന്നു. മൂന്ന് വർഷം മുൻപാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.  

policeപട്‌ന ലൈവ് സംഭവം റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: 2018 മാർച്ച് 27-ന് ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രാംനവമി ഘോഷയാത്രക്കിടെയാണ് ഈ സംഭവം നടക്കുന്നത്. ഘോഷയാത്രക്കിടെ രണ്ടു സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും, മുദ്രാവാക്യം വിളികൾക്കും കല്ലേറിനും ഇടയിൽ ബഹളം വർധിച്ചതിനാൽ അക്രമികളെ നിയന്ത്രിക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഇതിനിടയിൽ എ.എസ്.ഐ. റാങ്കുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കുകയും മറ്റൊരു പോലീസുകാരൻ അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. 

ബിഹാറിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ചില യൂട്യൂബ് ചാനലുകളിലും പ്രസിദ്ധികരിച്ചിരുന്നു. എപിസിആർ ഡൽഹി ചാപ്റ്റർ എന്ന യൂട്യൂബ് ചാനലിൽ, 2018 ഏപ്രിൽ 25-ന് പ്രസ്തുത സംഭവത്തിന്റെ വീഡിയോ പ്രസിദ്ധികരിച്ചിരുന്നു.


വാസ്തവം 

പ്രസ്തുത വീഡിയോയ്ക്ക്  ത്രിപുര സംഘർഷവുമായി യാതൊരു ബന്ധവുമില്ല. മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തിന്മേലുള്ള ദൃശ്യങ്ങളാണ് ത്രിപുര സംഘർഷവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങൾ വഴി തെറ്റായി പ്രചരിപ്പിക്കുന്നത്. ജനങ്ങൾക്കിടയിൽ സാമൂദായിക സ്പർദ്ധയുണ്ടാക്കാൻ വേണ്ടി നിർമിക്കുന്ന വ്യാജ ട്വീറ്റുകൾ ആണിവ. അതിനാൽ ഇവ പങ്കുവയ്ക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണ്. 

Content Highlights: Did policeman chantl Jai Shriram during the riots in Tripura? | Fact Check