ഇന്ത്യന്‍ ആരാധകര്‍ക്കായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നു വിളിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുകയാണ് ഒരു വീഡിയോ. നവംബര്‍ 11ന്  നടന്ന ട്വന്റി- ട്വന്റി ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താനെ ഓസ്‌ട്രേലിയ തോല്‍പിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഡ്രസിങ് റൂമിന് മുന്നില്‍ നിന്ന് മാത്യുവെയ്ഡ് എന്ന തലക്കെട്ടില്‍ ചിത്രം ആദ്യം പ്രചരിച്ചത് ട്വിറ്ററിലാണ്. പിന്നീട് ഇത് വ്യാപകമായി പ്രചരിച്ചു. ദൃശ്യത്തില്‍ മുദ്രാവാക്യം വിളിക്കുന്നത് മാത്യുവെയ്ഡ് അല്ല, മാത്രമല്ല ഇത് ട്വന്റി- ട്വന്റി ലോകകപ്പിനിടയില്‍ സംഭവിച്ചതുമല്ല. വാസ്തവം ഇതാണ്; 

2021 ജനുവരി 15 മുതല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രകടനത്തില്‍ ആവേശഭരിതനായ ഒരു ഓസ്‌ട്രേലിയന്‍ ആരാധകന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി വന്ദേമാതരം വിളിച്ചു. ഈ സംഭവം അന്ന് മിക്ക മാധ്യമങ്ങളിലും വാര്‍ത്തയാവുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് മാസങ്ങള്‍ക്ക് ശേഷം മാത്യു വെയ്ഡ് ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി വന്ദേമാതരം വിളിച്ചുവെന്ന വ്യാജപ്രചാരണത്തോടെ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്.