ഒക്ടോബർ 31-ന് മേഖ് അപ്‌ഡേറ്റ്‌സ് എന്ന ട്വിറ്റർ ഹാൻഡ്ലിൽ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടു. ട്വീറ്റ് ഇതാണ്: ജിന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയെന്ന് അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ പറഞ്ഞത്  എന്ന രീതിയിൽ പ്രചരിക്കുന്ന ഈ ട്വീറ്റ് ഇതിനോടകം 2,123 റീട്വീറ്‌സും 4,199 ലൈക്കുകളും കിട്ടിയിട്ടുണ്ട്. അഖിലേഷ് യാദവിന്റെ പ്രസ്താവന സംബന്ധിച്ച വിഡിയോയും പ്രസ്തുത ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.  

'ജിന്ന പഠിച്ച് ബാരിസ്റ്റർ ആവുകയും പിന്നീട് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തു' എന്നാണ് ദൃശ്യങ്ങളിൽ അഖിലേഷ് യാദവ് പറയുന്നത്. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്തിൽ അഖിലേഷ് പറയുന്നത് അവ്യക്തമാണ്. എന്താണ് ഈ ട്വീറ്റിന് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

അന്വേഷണം 

വിശദമായ അന്വേഷണത്തിൽ ഈ വീഡിയോ അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി. ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിൽ നടന്ന സമാജ്‌വാദി പാർട്ടിയുടെ വിജയ രഥയാത്രയിൽ അഖിലേഷ് യാദവ് നടത്തിയ 10 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിൽനിന്ന് അടർത്തിയെടുത്ത വാക്കുകളാണിവ. അഖിലേഷ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം ഇതാണ്: 

'ജവഹർ ലാൽ നെഹ്റു, വല്ലഭായ് പട്ടേൽ, മുഹമ്മദലി ജിന്ന എന്നിവർ മണ്ണിൽ ചവിട്ടി നിന്ന നേതാക്കളാണ്. അതുകൊണ്ട് ഉറച്ച തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പട്ടേൽ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെട്ടത്. ജവഹർലാൽ നെഹ്റു, രാഷ്ട്രപിതാവായ ഗാന്ധിജി, മുഹമ്മദ് അലി ജിന്ന എന്നിവർ ഒരേ സ്ഥലത്തുനിന്നാണ് പഠിച്ച് ബാരിസ്റ്റർമാരായത്. അതിനു ശേഷം അവർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തു. സംഘർഷങ്ങൾ അവരെ പിന്നോട്ടു വലിച്ചില്ല, അവർ അതിനെ സധൈര്യം നേരിട്ടു. എന്നാൽ ഇന്ന് രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കേണ്ടവർ, നമ്മളെ ജാതിയുടെയും മതത്തിന്റെയും ചങ്ങലയിൽ ബന്ധനസ്ഥരാക്കുന്നു. ഇങ്ങനെ പോയാൽ രാജ്യത്തിന്റെ അവസ്ഥ എന്താകും? നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പ്രതേകതയാണ് വ്യതസ്ത മത, ജാതി വിഭാഗത്തിലുള്ള ജനങ്ങൾ സഹവർത്തിത്തത്തോടെ ജീവിക്കുന്നു എന്നത്. ഭാരതത്തിലല്ലാതെ മറ്റൊരു രാജ്യത്തും നിങ്ങൾക്കു ഇത് കാണാൻ കഴിയില്ല. പട്ടേലിന്റെ നേതൃത്വത്തിൽ നാം ഒരുമിച്ചുനിന്ന് ഈ രാജ്യത്ത് നിലനിന്ന അനേകം നാട്ടുരാജ്യങ്ങൾ ലയിപ്പിച്ച് ഭാരതം എന്ന സ്വതന്ത്ര രാജ്യത്തെ നിർമ്മിച്ചു. അതിനാൽ ഈ രാജ്യത്തെ വിഘടിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെയും നമ്മൾ പിന്തുണയ്ക്കരുത്. നമ്മുടെ ഭരണഘടന വിഭാവനം ചെയുന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ മാത്രമാണ് നാം പിന്തുണയ്ക്കേണ്ടത്.' 

വീഡിയോയുടെ പൂർണ രൂപം: https://d3viohk6mc296s.cloudfront.net/watermarks/content-5c6fa90e67ae5b69b97c5e7b_1635689136930-video_0ab8632f-bc74-4372-a418-71a8857875a8.mp4 
https://circle.page/hardoi/news/-UP9403192 

Yadav

വാസ്തവം 

ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണ്. നെഹ്റു, രാഷ്ടപിതാവായ ഗാന്ധി, ജിന്ന എന്നിവർ ഒരേ സ്ഥലത്ത് നിന്നാണ് തങ്ങളുടെ നിയമ പഠനം പൂർത്തിയാക്കിയതെന്നും സംഘർഷങ്ങളിൽ അവർ പിന്നോട്ടു പോയില്ല എന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. അതിൽ ജിന്നയെ പറ്റി പറഞ്ഞത് മാത്രം അടർത്തിയെടുത്ത്, തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ നിർമ്മിക്കുകയും അതുവഴി രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്താനുമാണ് പ്രസ്തുത ട്വീറ്റിന്റെ ഉദ്ദേശം. അതിനാൽ വീഡിയോയുടെ ഉള്ളടക്കം തെറ്റാണ്.

Content Highlights: Did Akhilesh Yadav say that Jinnah gave India independence? | Fact Check