ത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമാജ്‌വാദി പാർട്ടി പരിപാടിയുടെ വേദിയിലിരിക്കെ, അഖിലേഷ് യാദവ് അച്ഛൻ മുലായം സിംഗ് യാദവുമായി തർക്കിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 20 സെക്കൻഡാണ് പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യം.

''ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കാണിക്കാൻ കഴിഞ്ഞിട്ടില്ല. അഖിലേഷ് യാദവിന്റെ യഥാർത്ഥ മുഖം ഇതാണ്'' എന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

അഖിലേഷ് യാദവും അച്ഛനും തമ്മിൽ വേദിയിൽ വച്ച് തർക്കമുണ്ടായോ? ഈ വീഡിയോയുടെ പിന്നിലെ വാസ്തവം എന്തെന്ന് പരിശോധിക്കാം.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോ ഇൻവിഡ് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ഈ വീഡിയോ 2016-ൽ ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റേതാണ്. സമാജ്‌വാദി പാർട്ടിയുടെ പരിപാടിയിൽ, മുലായം സിംഗ് യാദവ് സംസാരിക്കുന്നതിനിടെ, മകനായ അഖിലേഷ് യാദവ് ക്ഷുഭിതനായി വേദിയിൽവച്ച് മൈക്ക് തനിക്ക് നേരെ തിരിക്കുകയും സംസാരിക്കുകയും ചെയ്തു. അതേത്തുടർന്ന് വേദിയിൽ തർക്കവും ബഹളവും ഉണ്ടായി. 2017 യു.പി. ഇലക്ഷൻ കാലത്ത്് നടന്ന സംഭവമാണിത്. പാർട്ടിയിലുണ്ടായ പ്രശ്‌നങ്ങളാണ് കാരണം. അന്നും അതിനു മുമ്പുള്ള ദിവസങ്ങളിലും നടന്ന സംഭവങ്ങൾ ഫിനാൻഷ്യൽ എക്‌സ്പ്രസ്സ്, മിന്റ് പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

https://www.livemint.com/Politics/4MQHgvPjAS0VV0c22xJAzH/Samajwadi-Party-rift-wide-open-Sparks-fly-between-Mulayam-a.html
https://www.financialexpress.com/india-news/live-ram-gopal-suspended-from-samajwadi-party-after-akhilesh-yadav-sacks-shivpal-3-others-from-cabinet/427106/

2016 ഒക്ടോബർ 24-നു നടന്ന ഈ സംഭവത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മറ്റ് അക്കൗണ്ടുകളിൽനിന്നും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുള്ളത്.

മുൻ വർഷങ്ങളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വാസ്തവം

പ്രചരിക്കുന്ന വീഡിയോ 2016-ൽ നടന്ന സംഭവത്തിന്റേതാണ്. 2022 മെയ് അവസാനത്തോടെ ഉത്തർപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സമാജ്‌വാദി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ വേണ്ടിയാണ് അഞ്ചു വർഷം മുന്നേയുള്ള ദൃശ്യങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അതിനാൽ പ്രസ്തുത  ദൃശ്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്നു.

Content Highlights: Did Akhilesh and Mulayam argue on stage? | Fact Check