'വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു' എന്ന ഒരു പത്രവാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിതി ആയോഗിന്റെ പട്ടിണി സൂചികയിൽ മുന്നിലെത്തിയിട്ടും കേരളത്തിൽ ഒരു കുട്ടി പട്ടിണിമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന തരത്തിലാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ ചുവടുപിടിച്ച് സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 

kerala

അന്വേഷണം
 
പ്രചരിക്കുന്ന വാർത്തയുടെ ചിത്രത്തിൽ പ്രസ്തുത സംഭവം എന്നാണ് ഉണ്ടായതെന്ന് രേഖപ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങൾക്ക് ഫേസ്ബുക്കിൽ കീവേർഡുകൾ ഉപയോഗിച്ച് പരിശോധന നടത്തി. 

പരിശോധനയിൽ ഇതേ ചിത്രം 2016-ലും പ്രചരിച്ചിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചു. ദേശാഭിമാനി പത്രത്തിന്റെ ഒരു വാർത്തയുടെ ചിത്രവും ഇതോടൊപ്പം ലഭിച്ചു. വാർത്തയ്ക്ക് മുകളിലായി മാസ്റ്റ് ഹെഡിനോട് ചേർന്ന് '22 ഏപ്രിൽ 2016' എന്ന് വളരെ വ്യക്തമായി നൽകിയിട്ടുണ്ട്. അങ്ങനെ പ്രചരിക്കുന്ന വാർത്ത പഴയതാണെന്ന്  ഉറപ്പിച്ചു.


 
വിശപ്പ് സഹിക്കാനാകാതെ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ പറ്റി കൂടുതൽ അന്വേഷണം നടത്തി. 2016-ൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച നടന്ന ഒരു സംഭവമായിരുന്നു അത്. പ്രമുഖരുൾപ്പടെ നിരവധി പേർ കുട്ടിക്ക് അനുശോചനം അറിയിച്ചുകൊണ്ടും അന്നത്തെ സർക്കാരിനെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. 

എന്നാൽ, ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖത്തിൽ കുട്ടിയുടെ അച്ഛൻ ആരോപണങ്ങളെ തള്ളിപ്പറഞ്ഞു. കുട്ടിക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും സൈക്കിൾ വാങ്ങി കൊടുക്കാത്തതിൽ കുട്ടി വിഷമത്തിലായിരുന്നെന്നും അദ്ദേഹം അന്ന് പറഞ്ഞു. 

നിജസ്ഥിതി അറിയാനായി കണ്ണൂർ റൂറൽ എസ്.പി. നവനീത് ശർമയുമായി ബന്ധപ്പെട്ടു.

'' വീട്ടിലെ ചില പ്രശ്‌നങ്ങൾ മൂലമുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ജോലിയുടെ ആവശ്യത്തിനായി ശ്രുതിയുടെ അച്ഛനും അമ്മയും മറ്റൊരു സ്ഥലത്തായിരുന്നു താമസം. കുട്ടിയുടെ അനുജനെയും അവർ കൂടെകൂട്ടിയിരുന്നു. ട്യൂഷനുള്ളതുകൊണ്ട് ശ്രുതിമോളെ അമ്മൂമ്മയോടൊപ്പമാണ് താമസിപ്പിച്ചത്. അത് കുട്ടിക്ക് സ്വീകാര്യമായിരുന്നില്ല. കൂടാതെ, അമ്മൂമ്മയെ ചില ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നതിനാൽ കുട്ടിയുടെ ആവശ്യാനുസരണം ഭക്ഷണം നൽകാൻ അവർക്ക് സാധിച്ചില്ല. അതും കുട്ടിയുടെ വിഷമത്തിനു കാരണമായേക്കാം. അല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ പട്ടിണി മൂലമല്ല കുട്ടി ആത്മഹത്യ ചെയ്തത്.'' എസ്.പി. അറിയിച്ചു.

kerala
വാസ്തവം

വിശപ്പുമൂലം പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്. 2016 ലെ ഒരു പത്രത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. വാർത്തയിൽ പറയുന്നതുപോലെ പട്ടിണിമൂലമല്ല കുട്ടി ആത്മഹത്യ ചെയ്തത്. വീട്ടിലെ ചില പ്രശ്‌നങ്ങൾ മൂലമുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പോലീസിന്റെ അന്വേഷണത്തിൽ അന്ന്  കണ്ടെത്തിയിരുന്നു.

നിതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമായി കണ്ടെത്തിയത് കേരളത്തെയാണ്. ഇക്കഴിഞ്ഞ ആഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നത്.

Content Highlights:  Did a girl commit suicide in Kerala because she could not stand hunger? | Fact Check