കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ ലോക്‌സഭ മണ്ഡലമായ അമേത്തിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയെയും താരതമ്യം ചെയ്യുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേത്തിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും കൈവിട്ടതതിന് തെളിവാണിതെന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് പ്രചരിക്കുന്നത്. 

rahul

 70 വർഷം കോൺഗ്രസ് ഭരിച്ച അമേത്തിയെന്ന തലക്കെട്ടിന് താഴെ, വികസന മുരടിപ്പ് കാണിക്കുംവിധം പുല്ലു മേഞ്ഞ കുടിലിൽനിന്നു പ്രയാസപ്പെട്ട് പുറത്തു വരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം നൽകിയിയിരിക്കുന്നു. അതിന് തൊട്ടു താഴെയായി രാഹുൽ സഹോദരി പ്രയങ്ക ഗാന്ധിക്കൊപ്പം ഗ്രാമത്തിനകത്തുകൂടെ നടക്കുന്ന ചിത്രവുമുണ്ട്. ഈ രണ്ടു ചിത്രങ്ങളെയും താരതമ്യം ചെയ്യുന്നത് ഏഴു വർഷത്തെ മോദി ഭരണത്തിലെ വാരണാസിയെന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വലിയൊരു കെട്ടിടത്തിന്റെ ചിത്രത്തോടാണ്. ഇതിലെ അവകാശവാദങ്ങളുടെ വാസ്തുത പരിശോധിക്കാം. 

അന്വേഷണം

2004 മുതൽ 2014 വരെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലമാണ് ഉത്തർ പ്രദേശിലെ അമേത്തി. നേഷൻ വിത്ത് നമോ എന്ന പേരിൽ രാഹുലിനെതിരെ സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്ന പോസ്റ്റിൽ അമേത്തിയിലേതെന്ന തരിത്തിൽ രണ്ടു ചിത്രങ്ങളാണ് ഉള്ളത്.  

ചാണകം മെഴുകിയ തറയും ചുവരുകളുമുള്ള പുല്ലു മേഞ്ഞ കുടിലിൽനിന്നു രാഹുൽ കഷ്ടപ്പെട്ട് പുറത്തിറങ്ങുന്നതാണ് ആദ്യചിത്രത്തിലുള്ളത്. പരിശോധനയിൽ ഈ ചിത്രം 2015-ലേതാണെന്ന് കണ്ടെത്തി, എന്നാൽ  ചിത്രം അമേത്തിയിൽ നിന്നുള്ളതല്ല. മറിച്ച്, പഞ്ചാബിലെ  ഫലേഹ്ഗഢ് സാഹിബ് എന്ന സ്ഥലത്ത് നിന്നുള്ളതാണ്. കടക്കെണിയെത്തുടർന്ന് ജീവനൊടുക്കിയ കർഷകന്റെ വീട് 2015 ജൂൺ 18-ന് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിരുന്നു. 

അന്നത്തെ മാധ്യമവാർത്തകളിൽ രാഹുൽ കുടിലിന് മുൻപിൽ നിൽക്കുന്ന ചിത്രം നൽകിയിട്ടുണ്ട്.  നേഷൻ വിത്ത് നമോ പോസ്റ്റിലെ ചിത്രവും രാഹുലിന്റെ ഫലേഹ്ഗഢ് ചിത്രവും താരതമ്യം ചെയ്തു. ഇവ രണ്ടും ഒന്നു തന്നെയാണ്. രണ്ട് ചിത്രങ്ങളിലും രാഹുലിനെ  സാകൂതം വീക്ഷിക്കുന്ന ഒരു കുട്ടിയെ കാണാം. 

rahul
(വാർത്താ ലിങ്ക് - https://www.firstpost.com/india/rahul-gandhi-visits-family-of-debt-ridden-farmer-who-committed-suicide-in-punjab-2300850.html )

പശുത്തൊഴുത്തിന് സമീപം രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടന്നു പോകുന്നതാണ് രണ്ടാമത്തെ ചിത്രം. ഇത് അമേത്തിയിൽനിന്നുള്ളതാണ്. 2014-ൽ അമേത്തിയിലെ ബരൌലിയ ഗ്രാമത്തിൽ അഗ്‌നിബാധയുണ്ടായിരുന്നു, തുടർന്ന് മെയ് 22-ന് രാഹുലും പ്രിയങ്കയും ഇവിടം സന്ദർശിച്ചു. അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയശേഷം അമേത്തിയിൽ ഇരുവരും ഒന്നിച്ചുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. 
https://timesofindia.indiatimes.com/rahul-gandhi-priyanka-gandhi-visit-amethi-village-hit-by-fire-tragedy/photostory/35472184.cms 

ഇനി പരിശോധിക്കുന്നത് വാരണാസിയിൽനിന്നുള്ള ചിത്രമാണ്. റിവേഴ്‌സ് ഇമേജ് പരിശോധിച്ചതിൽനിന്ന് ഇത് ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസി (ജെയ്ക്ക)യുടെ  സഹായത്തോടെ നിർമ്മിച്ച  വാരാണസി ഇൻറർനാഷണൽ കോ-ഓപ്പറേഷൻ  കൺവെൻഷൻ സെൻറർ (വിസിസി) രുദ്രാക്ഷയാണ്. https://twitter.com/PBNS_India/status/1415188427662757897?s=20. കഴിഞ്ഞ ജൂലൈ 15-ന്പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തിരുന്നു. 

വാസ്തവം

നേഷൻ വിത്ത് നമോ എന്ന ലേബലോടെ പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായി സത്യമല്ല. രാഹുൽ ഗാന്ധിയുടെ മുൻ ലോക്സഭ മണ്ഡലമായ അമേത്തിയിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മോശമെന്ന് കാണിക്കുന്നതിനായി നൽകിയിരിക്കുന്ന ചിത്രം പഞ്ചാബിൽനിന്നുള്ളതാണ്. പഞ്ചാബിലെ ഫലേഹ്ഗഢ് സാഹിബ് എന്ന സ്ഥലത്ത്  കടബാധ്യതമൂലം   കർഷകൻ  2015-ൽ ആത്മഹത്യ ചെയ്തിരുന്നു. രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്നതിന്റെ ചിത്രമാണ് അമേത്തിയിലേതെന്ന തരത്തിൽ  പോസ്റ്റിൽ ചേർത്തിരിക്കുന്നത്. അതേസമയം ഇതിനൊപ്പം രാഹുലും പ്രിയങ്കയും ഉൾപ്പെടുന്ന ചിത്രം 2014-ൽ  അമേത്തിയിൽ നിന്നുള്ളതാണ്. മോദി ഭരണത്തിന്റെ മേന്മ കാണിക്കുന്നതിനായി ഈ ചിത്രങ്ങളെ താരതമ്യം ചെയ്തിരിക്കുന്നത് വാരാണസിയിലെ രുദ്രാക്ഷ വി.സി.സിയുമായാണ്.  JICA (ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസി) സഹായത്തോടെ വാരണാസിയിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററാണിത്. 

Content Highlights: Developmental comparison between Modi and Rahul | Fact Check