കേരളത്തിലേക്കു അതിശക്തമായ സൈക്ലോൺ(ചുഴലിക്കാറ്റ്) അടുത്തു കൊണ്ടിരിക്കുകയാണെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 
 
പ്രചരിക്കുന്ന സന്ദേശത്തിന്റെ പ്രധാന ഭാഗം: 'അതിശക്തമായ സൈക്‌ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഒരു പക്ഷേ, ഇത്ര ശക്തമായ ഒരു സൈക്‌ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്...'

നിരവധി പേരാണ് ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഇത് പങ്കു വെച്ചിരിക്കുന്നത്.

അന്വേഷണം

സത്യാവസ്ഥ പരിശോധിക്കാൻ സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു. കേരളത്തിൽ സൈക്ലോൺ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അവർ അറിയിച്ചു. കേരളത്തിൽ ഒക്ടോബർ 21-നു പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലെർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 22 മുതൽ 25 വരെ റെഡ് അലെർട്ടോ ഓറഞ്ച് അലെർട്ടോ നൽകിയിട്ടുമില്ല. അതിനാൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.

വാസ്തവം

കേരത്തിലേക്ക് ശക്തമായ സൈക്ലോൺ വരുന്നുണ്ടെന്നു തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകിയിട്ടില്ല.

Content Highlights: Cyclone alert in Kerala? | Fact Check