നേപ്പാൾ പാർലമെന്റിലുള്ള പ്രസംഗം എന്ന പേരിൽ ഒരു നിയമ നിർമാണ സഭയിൽ പ്രസംഗിക്കുന്ന അംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങൾക്ക് മോദി സർക്കാർ നൽകിയ സംഭാവനകളുടെ കണക്കു പറഞ്ഞു തുടങ്ങുന്ന വീഡിയോ മുഴുവൻ എൻ.ഡി.എ. സർക്കാരിനെയും നരേന്ദ്ര മോദിയെയും വിമർശിച്ചുകൊണ്ടുള്ളതാണ്. 
 

അന്വേഷണം

പ്രചരിക്കുന്ന ദൃശ്യത്തെ നേപ്പാൾ പാർലമെന്റിന്റെ ചിത്രവുമായി താരതമ്യം ചെയ്ത് പരിശോധിച്ചപ്പോൾ രണ്ടും വ്യത്യസ്ത സ്ഥലങ്ങളാണെന്ന് കണ്ടെത്തി. വിഡിയോയിലുള്ളവർ ധരിച്ചിരുന്നത് ഹിമാചലി തൊപ്പി ആണ് (ഹിമാചൽ പ്രദേശിന്റെ പരമ്പരാഗത തൊപ്പി. പഹാരി തൊപ്പി എന്നും അറിയപ്പെടുന്നു)  . അതിനാൽ ഹിമാചൽ പ്രദേശ് നിയമസഭയുടെ ചിത്രങ്ങൾ തിരഞ്ഞു. പ്രചരിക്കുന്ന വീഡിയോയിലെ ഇരിപ്പിടങ്ങളും പരവതാനിയും ഹിമാചൽ പ്രദേശ് നിയമസഭയ്ക്ക് സമാനമാണെന്ന് കണ്ടെത്താൻ സാധിച്ചു.  

shajan

 കീ വേർഡുകളുടെ സഹായത്തോടെ യൂട്യൂബിൽ വീഡിയോ സെർച്ച് ചെയ്തപ്പോൾ ഹിന്ദുസ്ഥാൻ ലൈവ് (hindustan live) എന്ന ഓൺലൈൻ ഹിന്ദി മാധ്യമത്തിന്റെ ഒരു വീഡിയോ ലഭിച്ചു. പ്രചരിക്കുന്ന അതേ വീഡിയോയാണ്  കണ്ടെത്തിയത്. 2021 മാർച്ച് 21-നാണ് ഇത് പബ്ലിഷ് ചെയ്തിട്ടുള്ളത്. ജഗത് സിംഗ് നേഗി എന്ന എം.എൽ.എ. ഹിമാചൽ നിയമസഭയിൽ നടത്തിയ പ്രസംഗമാണിതെന്ന് വീഡിയോയുടെ വിവരണത്തിൽ കൊടുത്തിട്ടുണ്ട്. 

കൂടുതൽ അന്വേഷണത്തിൽ ജഗത് സിംഗ് നേഗിയുടെ ഈ പ്രസംഗം മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഹിമാചൽ പ്രദേശിലെ കിന്നോറിൽനിന്നുള്ള കോൺഗ്രസിന്റെ എം.എൽ.എയാണ് നേഗി. അങ്ങനെ പ്രചരിക്കുന്ന വീഡിയോ ഹിമാചൽ പ്രാദേശിലേതാണെന്ന് ഉറപ്പിച്ചു.

shajan
ജഗത് സിംഗ് നേഗിയുടെ പ്രസംഗത്തെക്കുറിച്ചു വന്ന വാർത്ത. 

വാസ്തവം 

നേപ്പാൾ പാർലമെന്റിൽ നരേന്ദ്ര മോദിയെ വിമർശിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്. ഹിമാചൽ പ്രദേശ് നിയമസഭയിൽ ജഗത് സിംഗ് നേഗി എം.എൽ.എ. നടത്തിയ പ്രസംഗമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.

Content Highlights: criticism against Narendra Modi in Nepal's parliament? | Fact Check