കോവിഡ്‌ മഹാമാരി തീര്‍ത്ത പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്‌ ലോകരാജ്യങ്ങളൊക്കെയും. ആരോഗ്യ അടിയന്തരാവസ്ഥയും ആള്‍നാശവും സാമ്പത്തിക പ്രശ്‌നങ്ങളുമടക്കം നിരവധി പ്രത്യാഘാതങ്ങളാണ്‌ കോറേണ ലോകത്തിന്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി നല്‍കിക്കൊണ്ടിരിക്കുന്നത്‌. കൊറോണയുടെ തിക്തഫലം അനുഭവിച്ചവരില്‍ വലിയൊരു വിഭാഗമാണ്‌ പ്രവാസി സമൂഹം. രാജ്യത്ത്‌ കൊറോണ ഭീതി പടരുന്നതിന്‌ മുന്‍പ്‌ 2020 തുടക്കത്തില്‍ നാട്ടിലെത്തിയ പലരുടേയും മടക്കയാത്ര ദിവസങ്ങളും മാസങ്ങളും നീണ്ട്‌ ഒന്നര വര്‍ഷം പിന്നിട്ടു. കോവിഡിനെ പേടിച്ച്‌ തിരികെ സ്വദേശത്തെത്തിയവരും നിരവധിയാണ്‌. ആകെ 15,56,715 പ്രവാസികളാണ്‌ കോവിഡ്‌ പ്രതിസന്ധിയില്‍ നാട്ടിലെത്തിയത്‌. ഇതില്‍ തൊഴില്‍ നഷ്ടം വന്ന്‌ നാടണഞ്ഞവര്‍ 11,13,997ഉം, ഈ കണക്കുകൂടെ ചേര്‍ക്കുമ്പോഴേ പ്രവാസികളുടെ ജീവിത പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനാകൂ. തിരികെയെത്തിയവരില്‍ ഏറിയ പങ്കും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നായിരുന്നു. അമേരിക്ക, യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരും ഇക്കൂട്ടത്തിലുണ്ട്‌.

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ രാജ്യങ്ങള്‍ കര,വ്യോമ,നാവിക അതിര്‍ത്തികള്‍ അടച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ കോവിഡ്‌ അപകട സാധ്യതകൂടിയ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. വാണിജ്യവിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി കാര്‍ഗോ വിമാനങ്ങള്‍ക്ക്‌ മാത്രമായിരുന്നു പ്രവര്‍ത്തനാനുമതി. 2020 മാര്‍ച്ച്‌ 8നായിരുന്നു കുവൈത്തില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള അവസാന വിമാനം പറന്നത്‌. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ കുവൈത്തില്‍ 70 കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളം താത്‌ക്കാലികമായി അടച്ചു. സൗദി അറേബ്യ മാര്‍ച്ച്‌ 18 പൗരന്മാര്‍ വിദേശങ്ങളിലേക്ക്‌ പോകുന്നത്‌ ആദ്യം നിരോധിച്ചു, പിന്നീട്‌ മാര്‍ച്ച്‌ 23ന്‌ വിമാന സര്‍വ്വീസുകളെല്ലാം റദ്ദ്‌ ചെയ്‌തു. സമാന ദിവസമാണ്‌ യുഎഇയും വിദേശയാത്ര നിയന്ത്രണമേര്‍പ്പെടുത്തിയത്‌. മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളും കോവിഡിനെ നേരിടുന്നതിനായി കടുത്ത പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. യാത്രാ നിയന്ത്രണവും വിദേശികള്‍ക്കുള്ള യാത്രാവിലക്കും ഇതില്‍ പ്രധാനമായിരുന്നു. ഇത്‌ പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി.

കേരളത്തിലേക്ക്‌ മടങ്ങിയെത്തിയ പ്രവാസികളില്‍ ഏറ്റവുമധികം പേരും വന്നത്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നാണ്‌. ഇതില്‍ ആദ്യസ്ഥാനം യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സിനാണ്‌ 9,21,076 പേര്‍. തൊട്ടു പിറകെ സൗദി അറേബ്യ 1,78,692 പേര്‍, ഖത്തറും ഒമാനുമാണ്‌ മൂന്നും നാലും സ്ഥാനത്ത്‌ 1,59,206 , 1,41,225 പേര്‍ ഇവിടങ്ങളില്‍ നിന്ന്‌ മടങ്ങിയെത്തി. കുവൈത്തും ബഹ്‌റൈനുമാണ്‌ പിന്നീട്‌ വരുന്നത്‌ 53,000 , 45,982 പേരും ഇരു രാജ്യങ്ങളില്‍ നിന്നായി കേരളത്തിലെത്തി. ജോലിയും വരുമാനവുമില്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായമായി 5000 രൂപ നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 1 ന്‌ ശേഷം മടങ്ങിയെത്തിയ പ്രവാസികളെയാണ്‌ ഇതിനായി പരിഗണിച്ചത്‌. ആകെ 1,75,474 പേരാണ്‌ ഇതിനായി അപേക്ഷിച്ചത്‌. 1,28,799 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി (643,995000 രൂപയാണ്‌ ഇതിന്‌ മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത്‌). പ്രവാസി ക്ഷേമനിധി അംഗങ്ങളായ കോവിഡ്‌ ബാധിതരായവര്‍ക്ക്‌ 10,000 രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കി. സംസ്ഥാത്തും വിദേശത്തുമുള്ള അര്‍ഹരായ പ്രവാസികള്‍ക്കാണ്‌ ഈ തുക ലഭ്യമാക്കിയത്‌.

സാമൂഹ്യ സുരക്ഷ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗള്‍ഫ്‌ രാജ്യങ്ങള്‍ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ ഊര്‍ജിതമാക്കി. സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ ജനങ്ങളില്‍ നല്ലൊരു പങ്കും വാക്‌സിന്‍ സ്വീകരിച്ചതിന്‌ ശേഷം മാത്രമേ യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള കോവിഡ്‌ മാനദണ്ഡങ്ങളില്‍ ഇളവ്‌ നല്‍കുകയുള്ളൂ എന്ന്‌ ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച്‌ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ മടങ്ങിവരവിനുള്ള ആദ്യ സൂചനയെന്നോണം വാക്‌സിനേഷന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രാലയം രാജ്യത്തിന്‌ പുറത്തുള്ള പ്രവാസികള്‍ക്ക്‌ നിര്‍ദേശം നല്‍കി. മടങ്ങി വരവിന്റെ സൂചനകളായിരുന്നു പ്രവാസികള്‍ക്കിത്‌. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ പുറത്ത്‌ നിന്ന്‌ പ്രതിരോധ കുത്തിവപ്പ്‌ സ്വീകരിച്ചവര്‍ക്ക്‌ തിരികെ വരുന്നതിന്‌ വാക്‌സിനേഷന്‍ അനുമതി ലഭിക്കണം. ആരോഗ്യമന്ത്രാലയം നിഷ്കര്‍ഷിക്കും വിധം രേഖകള്‍ ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പുകളിലോ രജിസ്റ്റര്‍ ചെയ്യണം. ഇംഗ്ലീഷ്‌ അറബിക്‌ ഫ്രഞ്ച്‌ എന്നീ ഭാഷകളിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകളാണ്‌ പാസ്സ്‌പോര്‍ട്ട്‌ വിവരങ്ങള്‍ക്കൊപ്പം സൈറ്റില്‍ അപ്ലോഡ്‌ ചെയ്യേണ്ടത്‌.

യാത്രാ നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ വിദേശികള്‍ക്ക്‌ സെപ്‌തംബര്‍ 1 മുതല്‍ ഒമാനിലേക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ കോവിഡ്‌ പ്രതിരോധകുത്തിവപ്പ്‌, പിസിആര്‍ പരിശോധനഫം എന്നിവയ്‌ക്കൊപ്പം യാത്രക്കാര്‍ കുറഞ്ഞത്‌ ഒരുമാസത്തേക്കുള്ള കോവിഡ്‌ ചികിത്സാ ചിലവ്‌ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌കൂടെ എടുക്കണമെന്ന നിര്‍ദേശം കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മറ്റി പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇന്ത്യ-കുവൈത്ത്‌ നേരിട്ടുള്ള ആദ്യവിമാനം സെപ്‌തംബര്‍ 2ന്‌ 167 യാത്രക്കാരുമായി കുവൈത്തിലെത്തി. 395 യാത്രക്കാരുമായാണ്‌ കൊച്ചിയില്‍ നിന്നും സൗദിയിലേക്കുള്ള ആദ്യവിമാനം ഇക്കഴിഞ്ഞ ഞായറാഴ്‌ച പറന്നുയര്‍ന്നത്‌. ദുബൈ മെഗാ എക്‌സ്‌പോ ആരംഭിക്കുന്നതിന്‌ മുന്നോടിയായി ഇന്ത്യയുള്‍പ്പടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി യുഎഇ ടൂറിസ്റ്റ്‌ വിസകള്‍ അനുവദിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ്‌ 30 മുതലാണ്‌ ഇത്‌ അനുവദിച്ച്‌ തുടങ്ങിയത്‌. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സിനുപയോഗിച്ച്‌ കുത്തിവെപ്പ്‌ പൂര്‍ത്തീകരിച്ച 48 മണിക്കൂറില്‍ കുറയാത്ത പിസിആര്‍ നെഗറ്റീവ്‌ റിസല്‍ട്ട്‌ കൈവശമുള്ളവര്‍ക്ക്‌ യുഎഇയിലേക്ക്‌ വരാം. നിരവധി ഇന്ത്യക്കാരാണ്‌ ഈ സാധ്യത ഉപയോഗപ്പെടുത്തിയത്‌.

കേരളത്തിനെ അപേക്ഷിച്ച്‌ മികച്ച തൊഴില്‍ ജീവിത സാഹചര്യങ്ങളാണ്‌ ഈ ഗള്‍ഫ്‌ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക്‌ മുന്‍പില്‍ തുറന്നിട്ടത്‌. 1970കള്‍ മുതല്‍ ഇവിടെ നിന്നും ഗള്‍ഫ്‌ കുടിയേറ്റം വ്യാപകമായി. സ്വദേശത്തെ അപേക്ഷിച്ച്‌ മികച്ച സംരംഭക സൗഹാര്‍ദ സാഹചര്യങ്ങള്‍ പുറം നാട്ടിലാണെന്ന അനുഭവുമായിരിക്കാം ഇവരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താത്തത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിരവധി മലയാളികളായ ചെറുകിട ഇടത്തരം സംരംഭകര്‍ ഉണ്ട്‌. പ്രത്യേക തൊഴില്‍ നൈപുണ്യമില്ലാത്ത നിരവധി മലയാളികള്‍ ഗള്‍ഫ്‌ രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്‌, കഫേകള്‍ മൊബൈല്‍ ഷോപ്പുകള്‍ ഡെലിവറി കമ്പനികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുണ്ട്‌. പ്രവാസികള്‍ മുഖാന്തരമുള്ള വരുമാനം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഒന്നേകാല്‍ ഇരട്ടിയാണ്‌. എന്നിട്ടും കോവിഡ്‌ കാലത്ത്‌ ആവശ്യമായ പരിഗണന തങ്ങള്‍ക്ക്‌ ലഭിച്ചില്ലെന്ന പരിതാപം പലര്‍ക്കുമുണ്ട്‌. ജീവഭയവുമായി നാട്ടില്‍വന്ന ചിലര്‍ക്കെങ്കിലും കോവിഡ്‌ വാഹകരായി തങ്ങളെ സമൂഹം മുദ്രകുത്തിയ അനുഭവം അത്രപെട്ടന്ന്‌ മറക്കാനായെന്ന്‌ വരില്ല.