കൊച്ചി : 'മൂക്കിനുള്ളിലൂടെ ഒരു കോല്‍ കടത്തി തലച്ചോര്‍വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധന. ചോര വരും, കടുത്ത തലവേദന ഉണ്ടാകും'- കോവിഡിനുള്ള സ്രവപരിശോധനയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണമാണിത്.

ലക്ഷണങ്ങള്‍ മറച്ചുവെക്കുകയും പരിശോധനയ്ക്ക് വിമുഖത കാണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്കിടെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്. ഇതിനെതിരേ നടപടിക്കൊരുങ്ങുകയാണ് വകുപ്പ്. ഒപ്പം ബോധവത്കരണ പോസ്റ്ററുകളും വീഡിയോയുമിറക്കും.

മുറിവേല്‍ക്കില്ല

സ്വാബ് ഉപയോഗിക്കുമ്പോള്‍ മുറിവേല്‍ക്കുകയോ കടുത്ത വേദന ഉണ്ടാവുകയോ ഇല്ല. അപൂര്‍വം ചിലര്‍ക്ക് തുമ്മല്‍, കണ്ണില്‍ വെള്ളം നിറയല്‍, ചെറിയചുമ, ഓക്കാനം എന്നിവയുണ്ടാകാം

swabകോലല്ല , സ്വാബ് 

ചെവിത്തോണ്ടി (ഇയര്‍ ബഡ്‌സ്) പോലെ മൃദുവായ വസ്തുവാണ് സ്വാബ്. സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്നത്. കനം കുറഞ്ഞ പ്‌ളാസ്റ്റിക് കമ്പിന്റെ അറ്റത്ത് കോട്ടണ്‍ ചുറ്റിയാണ് നിര്‍മിക്കുന്നത്.

എടുക്കുന്നത് മൂക്കില്‍നിന്ന് 

സ്രവമെടുക്കുന്നതിന് തലച്ചോറുമായി ബന്ധമില്ല. പി.സി.ആര്‍ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ് എന്നിവയ്ക്കാണ് മൂക്കില്‍നിന്ന് സ്രവമെടുക്കുന്നത്.

പരിശോധന ഇങ്ങനെ

  • സ്രവമെടുക്കേണ്ട ആളുടെ തല പുറകിലേക്ക് ചരിച്ച് വെക്കും
  • വെളിച്ചമുപയോഗിച്ച് മൂക്കിന്റെ ഉള്‍ഭാഗം പരിശോധിക്കും. 
  • മൂക്കിലൂടെ വായയ്ക്ക് സമാന്തരമായി സ്വാബ് കടത്തും
  • സ്രവം ഊര്‍ന്നിറങ്ങിയാല്‍ രണ്ട് മൂന്ന് തവണ സ്വാബ് കറക്കി ശേഖരിക്കും
  • അതേ വഴിയിലൂടെ സ്വാബ് തിരികെയെടുക്കും 
  • മൂക്കിന്റെ രണ്ട് ദ്വാരങ്ങളില്‍ നിന്നും സ്രവം ശേഖരിക്കും


(വിവരങ്ങള്‍ക്ക് കടപ്പാട് - ഇന്‍ഫോ ക്‌ളിനിക്ക്)