പ്രളയജലത്തിൽ കളിക്കുന്ന കുട്ടികളുടെ ഒരു വീഡിയോ കേരളത്തിലേതാണെന്ന തരത്തിൽ ഇപ്പോൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മലയാളികൾ വെള്ളപ്പൊക്കത്തെ ആഘോഷമാക്കുന്നു എന്ന തരത്തിലും മുഖ്യമന്ത്രിയുടെ റൂം ഫോർ റിവർ പദ്ധതിയെ അപമാനിച്ചുകൊണ്ടും ഈ വിഡിയോ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

flood

ഒന്നിലധികം വിഡിയോകൾ ചേർത്തുവെച്ച് എഡിറ്റു ചെയ്താണ് ഇത് പ്രചരിപ്പിക്കുന്നത്. ചിലർ ഒരു ട്രോൾ പാട്ടും മറ്റു ചിലർ പിണറായി വിജയന്റെ ശബ്ദവും എഡിറ്റുചെയ്തു ചേർത്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ സംഭവമാണിതെന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഇത് പ്രചരിപ്പിക്കുന്നുണ്ട്.

flood

അന്വേഷണം 

നിറഞ്ഞൊഴുകുന്ന ഒരു പുഴയിലേക്ക് പാലത്തിൽനിന്നു ചാടുന്ന കുറച്ച് ആൺകുട്ടികളുടെയും റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ ഒഴുകിക്കളിക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എഡിറ്റു ചെയ്ത വീഡിയോയായതിനാൽ അതിൽനിന്നു യഥാർത്ഥ ശബ്ദമോ സ്ഥലം വ്യക്തമാക്കുന്ന അടയാളങ്ങളോ ലഭ്യമായില്ല. അതിനാൽ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകൾ സൃഷ്ടിച്ച് ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി.

അങ്ങനെ കന്യാകുമാരി മീംസ് (Kanyakumari Memse) എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത രണ്ടു വിഡിയോകൾ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുടെ എഡിറ്റു ചെയ്യാത്ത പതിപ്പാണ് ലഭിച്ചത്.

കനത്ത മഴയെ തുടർന്ന് കന്യാകുമാരിയിൽ ഈ മാസം അണക്കെട്ടുകൾ തുറക്കുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തിരുന്നു. ഈ വെള്ളപ്പൊക്ക സമയത്തെ ദൃശ്യങ്ങളാണ് അവയെന്ന വിവരണം വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കന്യാകുമാരി മീംസ് പേജിന്റെ അഡ്മിനുമായി ബന്ധപ്പെട്ടു. ദൃശ്യങ്ങൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവയാണെന്നും ഈ മാസത്തെ വെള്ളപ്പൊക്കത്തിനിടെ നടന്ന സംഭവങ്ങളാണവയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പാലത്തിൽനിന്നു കുട്ടികൾ ചാടുന്ന ദൃശ്യം 'കുലശേഖരൻ പുത്തൂർ' എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും കുട്ടികൾ ഒഴുകിക്കളിക്കുന്ന ദൃശ്യം 'അഞ്ചുഗ്രാമം' എന്ന സ്ഥലത്തു നിന്നുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. രണ്ടു സ്ഥലങ്ങളും കന്യാകുമാരി ജില്ലയിലാണ്. 

വാസ്തവം 

പ്രളയജലത്തിൽ കളിക്കുന്ന കുട്ടികളുടെ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഈ മാസം വെള്ളപ്പൊക്കമുണ്ടായി. അതിനിടെ അവിടെ നടന്ന രണ്ട് സംഭവങ്ങളുടെ ദൃശ്യങ്ങളാണ് വാസ്തവവിരുദ്ധമായ വിവരണങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Content Highlights: Children in Kerala celebrating floods ..! What is the truth? | Fact Check