ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ വിജയം ആഘോഷമാക്കുന്നതിനിടെ പാകിസ്താനിൽ ബോംബ് പൊട്ടി  നിരവധി പേർ കൊല്ലപ്പെട്ടെന്ന തരത്തിൽ ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റതായും പോസ്റ്റിൽ പറയുന്നു, റോയിട്ടേഴ്‌സ് വാട്ടർമാർക്കോടെയുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എണ്ണൂറോളം പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും നൂറിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തു. ഇതിലെ വാസ്തവം പരിശോധിക്കാം. 
 
അന്വേഷണം
 
ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് മേൽ നേടിയ വിജയം ആഘോഷമാക്കുന്നതിനിടെ പാകിസ്താനികൾ പടക്കത്തിന് പകരം ബോംബ് പൊട്ടിക്കുകയായിരുന്നു എന്ന കുറിപ്പോടെയാണ് ജയ് കിഷൻ രാജ് എന്ന ഐഡിയിൽനിന്നു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിക്കുന്ന തരത്തിൽ നിരവധി കമൻറുകൾ പോസ്റ്റിന് താഴെയായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ചിലത് ഇപ്രകാരമാണ്: 'ദിവസവും ക്രിക്കറ്റ് മത്സരങ്ങൾ വേണം, പാകിസ്താൻ ജയിക്കുകയും ഈവിധമുള്ള ആഘോഷങ്ങൾ ഇടക്കിടെ ഉണ്ടാകുകയും വേണം. -വളരെ നല്ല കാര്യമാണ് സംഭവിച്ചത്' എന്നിങ്ങനെ. 
 
ചിത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി റിവേഴ്‌സ് ഇമേജ് പരിശോധിച്ചു. കട്ടർ ബോലെ ഹിന്ദു എന്ന ഫേസ്ബുക്ക് ഐഡിയിലും ഇതേ വിവരണങ്ങളോടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി.
bomb
 
ചിത്രം പാകിസ്താനിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റേത് തന്നെയാണ്. എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരിക്കുന്നതു പോലെ ക്രിക്കറ്റ് മത്സര വിജയാഘോഷത്തിനിടെ ബോംബ് പൊട്ടിയതില്ല എന്നു മാത്രം. ഈ ചിത്രം മുൻ വർഷങ്ങളിലും പലപ്പോഴായി പ്രചരിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ മനസ്സിലായി. 
 
പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിൽ നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഈ ചിത്രം ട്വിറ്ററിൽ 2019-ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2016 മാർച്ച് 27-ന് ലഹോറിൽ 65 പേരുടെ ജീവനെടുത്ത സ്‌ഫോടന വാർത്ത ഇതേ ചിത്രത്തോടെയാണ് റഷ്യൻ മാധ്യമത്തിൽ 
നൽകിയിരിക്കുന്നത്. വാർത്തയുടെ ലിങ്ക്-  http://www.echo102.comcb.info/material.php?id=56F8C37D9E162 
 
ഇത് കൂടാതെ തൊട്ടടുത്ത മറ്റ് വർഷങ്ങളിലും ചിത്രം വാർത്താ മധ്യമങ്ങളിൽ വന്നിട്ടുണ്ട്. 
 
ഈ ചിത്രം നെറ്റിൽ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത് എന്നാണെന്ന അന്വേഷണം ചെന്നെത്തിയത് ലൈവ് മിൻറ് ന്യൂസ് പോർട്ടൽ സൈറ്റിലാണ്.
bomb
വാർത്തയനുസരിച്ച് 2013-ൽ പാകിസ്താനിലെ ക്വറ്റയിൽ ഷിയ മുസ്ലീങ്ങൾ അധിവസിക്കുന്ന പ്രദേശത്ത് ബോംബ് സ്‌ഫോടനമുണ്ടായി. ഇരുപതോളം പേർക്കാണ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മോട്ടോർ സൈക്കിളിൽ ഐ.ഇ.ഡി. (improvised explosive device) സ്ഥാപിച്ചായിരുന്നു സ്‌ഫോടനം എന്നാണ് വാർത്തയിൽ പറയുന്നത്. 
 
വാസ്തവം
 
ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരായി വിജയം ആഘോഷിക്കുന്നതിനിടെ പാകിസ്താനിൽ ബോംബ് പൊട്ടി നിരവധി പേർ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് വസ്തുതാവിരുദ്ധമാണ്. പോസ്റ്റിൽ പറയുന്ന തരത്തിലുള്ള സംഭവം പാകിസ്താനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, 2013-ൽ പാകിസ്താനിലെ ക്വറ്റയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ചിത്രമാണ് ആഘോഷത്തിനിടയിൽ സ്‌ഫോടനം നടന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
 
Content Highlights: Bomb blast kills Pakistanis in cricket victory celebration? | Fact Check