വാട്ട്‌സാപ്പിൽ കുറച്ചു ദിവസമായ് ആയുഷ്മാൻ ഭാരതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു എന്നൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതാണ് ആ സന്ദേശത്തിൻറെ ഉള്ളടക്കം. 

'പ്രധാനമന്ത്രിയുടെ കീഴിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് 'ആയുഷ്മാൻ ഭാരത്'. പുതിയ അപേക്ഷകൾ എടുത്തു തുടങ്ങി. 5 ലക്ഷമാണ് ഇൻഷുറൻസ് തുക. അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം. അക്ഷയയുടെ 50 രൂപ സർവീസ് ചാർജ്ജ് മാത്രം അടച്ചാൽ മതി. പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്.  ഒ.ടി.പി. സ്വീകരിക്കാനായി ആധാറിൽ രജിസ്റ്റർ  ചെയ്തിരിക്കുന്ന ഫോൺ നമ്പറും റേഷൻ കാർഡുമാണ് ആവശ്യമായ രേഖകൾ. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടേയും ഇത്രയും രേഖകളുമായി ചെന്നാൽ അപേക്ഷിക്കാം. അപേക്ഷകന് അവർ ഒരു കാർഡ് നൽകുന്നതായിരിക്കും. ഓരോ കാർഡ് ഉടമയ്ക്കും 5 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. എല്ലാ സർക്കാർ-പ്രൈവറ്റ് ആശുപത്രിയിലും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇൻഷുറൻസ് ലഭ്യമാക്കുന്നതിനുള്ള  നടപടി ക്രമങ്ങൾ തികച്ചും കടലാസ് രഹിതമാണ്.  ഈ മാസം ഒന്നാം തീയതി മുതലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.'

ഈ സന്ദേശത്തെക്കുറിച്ചുള്ള വസ്തുതയാണ് ഇവിടെ പരിശോധിക്കുന്നത്.

അന്വേഷണം 

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ഉദ്ദേശത്തോട് കൂടി നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 
https://pmjay.gov.in/about/pmjay 

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പാക്കുന്നത്. 2018-19 വർഷത്തിൽ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടുള്ളവർ, ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നുള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 2011 കാസ്റ്റ് സെൻസെസ് പ്രകാരം അർഹരായവർ എന്നിവരാണ് കാരുണ്യ ആരോഗ്യ സുരക്ഷാ (ആയുഷ്മാൻ ഭാരത്) പദ്ധതിയുടെ ഉപഭോക്താക്കൾ. 

നിലവിൽ ഇവർക്കല്ലാതെ മറ്റാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിലവിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്നാണ്  സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എറണാകുളം  ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്ററായ ഹേമ കെ.ആറുമായി  സംസാരിച്ചതിൽനിന്ന് മനസിലായത്. 
https://sha.kerala.gov.in/ 

ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽനിന്ന് ചികിത്സ സ്വീകരിക്കാവുന്നതാണ്. പ്രസ്തുത ചികിത്സയ്ക്ക് ആശുപത്രി ആവശ്യപ്പെടുന്ന തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട് ആശുപത്രിയ്ക്ക് കൊടുക്കുന്നു. യോഗ്യതയുള്ള കുടുംബങ്ങൾക്ക്  പ്രാപ്യമായതും എല്ലാ സജ്ജീകരണവുമുള്ള ആശുപത്രികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  
https://hospitals.pmjay.gov.in/Search/empnlWorkFlow.htm?actionFlag=ViewRegisteredHosptlsNew 

വാസ്തവം 

ആയുഷ്മാൻ ഭാരതത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതായി പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശം വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

Content Highlights: Ayushman Bharat Health Insurance Application Form | Fact Check