വംബർ 11-ന്  നടന്ന ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള 20ട്വന്റി വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടു മുൻപ് ഒക്ടോബർ 24-ന് നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ, പാക്കിസ്ഥാൻ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. പാകിസ്താന്റെ ജയത്തോടെ നിരാശരായ ഇന്ത്യൻ ആരാധകർ, നവംബർ 11-ന് നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ പരാജപ്പെട്ടതോടെ, വീണ്ടും ആഹ്ളാദതിമിർപ്പിലായി. എന്നാൽ, ഈ അവസരത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു  വെയ്ഡ് മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകർക്ക് വേണ്ടി, 'വന്ദേമാതരം...ഭാരത് മാത കി ജയ്' വിളിക്കുന്നതായുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അരുണാക്ഷ് ഭണ്ഡാരി എന്ന ട്വിറ്റർ പ്രൊഫൈലിൽനിന്ന് അപ്ലോഡ് ചെയ്ത വീഡിയോയുടെ തലക്കെട്ട് ഇതാണ്: കഴിഞ്ഞ രാത്രിയിൽ നടന്ന ദൃശ്യങ്ങൾ, ഓസ്ട്രേലിയൻ ഡ്രസിങ് റൂമിൽ നിന്ന് മാത്യു വെയ്ഡ്.

wade

എന്താണ് പ്രസ്തുത വീഡിയോയുടെ പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

അന്വേഷണം

ഇൻവിഡ് കീ ഫ്രെയിംസ് ഉപയോഗിച്ചുള്ള റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പ്രസ്തുത വീഡിയോ വ്യാജമാണെന്നും ദൃശ്യങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നത് ഓസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു വെയ്ഡ് അല്ലെന്നും തെളിഞ്ഞു. പ്രസ്തുത വീഡിയോ നവംബർ 11-ന് നടന്ന മത്സരവുമായി ബന്ധപ്പെട്ടതുമല്ല. വീഡിയോയിലെ ദൃശ്യങ്ങൾ ഓസ്‌ട്രേലിയയിലെ ഗാബയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ടതാണ്. 2021 ജനുവരി 15 മുതൽ 19 വരെ ഓസ്‌ട്രേലിയയിൽ നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു. ഗാബയിൽ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ  ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. പ്രസ്തുത  മത്സരത്തിന് ശേഷം ഇന്ത്യയുടെ മികച്ച പ്രകടനത്തിൽ ആവേശഭരിതനായ ഒരു ഓസ്ട്രേലിയൻ ആരാധകൻ, ഇന്ത്യൻ ആരാധകർക്ക് വേണ്ടി വന്ദേമാതരം വിളിച്ചു.  

wade

പ്രസ്തുത സംഭവം മിക്ക ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അവയുടെ ലിങ്കുകൾ: 

https://www.indiatoday.in/newsmo/video/india-vs-australia-gabba-test-series-australian-fan-chants-vande-mataram-1761469-2021-01-21 
https://www.timeosfsports.com/cricket/australia-vs-india/australian-fan-praises-indian-cricket-team/ 
https://www.latestly.com/sports/cricket/video-of-australian-fan-shouting-bharat-mata-ki-jai-and-vande-mataram-slogans-goes-viral-after-india-beat-hosts-at-the-gabba-to-win-series-2275654.html 

ചില യൂട്യൂബ് ചാനലുകളിലും പ്രസ്തുത ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തിരുന്നു. Australian fan  after India win എന്ന തലക്കെട്ടോടെ Being Jahil എന്ന യൂട്യൂബ് ചാനലിൽ പ്രസ്തുത ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.

വാസ്തവം 

ട്വീറ്റിൽ ചേർത്തിരിക്കുന്ന വീഡിയോ വ്യാജമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു വെയ്ഡല്ല വന്ദേമാതരം  വിളിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിന് അഭിവാദ്യം ചെയ്തു കൊണ്ട് ഒരു ഓസ്ട്രേലിയൻ ആരാധകൻ വന്ദേമാതരം വിളിക്കുന്നതാണ് ട്വീറ്റിൽ തെറ്റായ വിവരങ്ങളോടൊപ്പം ചേർത്തിരിക്കുന്നത്. ജനുവരി 2021-ൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിലാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം അരങ്ങേറുന്നത്. അതിനാൽ ഈ ദൃശ്യങ്ങൾക്ക് മാത്യു വെയ്ഡുമായോ നവംബർ 11-നു നടന്ന ഓസ്‌ട്രേലിയ-പാക്കിസ്ഥാൻ 20ട്വന്റി ലോകകപ്പ് മത്സരവുമായോ ബന്ധമില്ല. അതിനാൽ ട്വീറ്റിലെ വിവരങ്ങൾ അടിസ്ഥാനരഹിതമാണ്. 

Content Highlights: Australian cricketer Matthew Wade chanted Vande Mataram? | Fact Check