തൊട്ടാൽ പൊള്ളുന്ന ഇന്ധന വിലയും പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉയരുന്ന വിലയും മറ്റു അനുബന്ധ ചെലവുകളും ആളുകളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ആകർഷിക്കുകയാണ്. ആഗോളതലത്തിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഡിമാൻഡും ഉത്പാദനവും നാൾക്കുനാൾ വർധിക്കുകയാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലും ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. 

എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഈയിടെ ഇലക്ട്രിക്ക് ഇരുചക്ര വാഹനം പൊട്ടിത്തെറിക്കുന്നത് സംബന്ധിച്ച് ചില ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. നവംബർ ഒൻപതിന് ബൻസാൽ ജോണി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ റോഡിലൂടെ പോകുന്ന ഒരു ഇരുചക്ര വാഹനം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പ്രസീദ്ധികരിച്ചിരുന്നു. പഞ്ചാബി ഭാഷയിൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ തലകെട്ട് ഇതാണ്: ബാറ്ററി സ്‌കൂട്ടർ പൊട്ടിത്തെറിച്ചു(പരിഭാഷ).  പ്രസ്തുത ദൃശ്യങ്ങളുടെ വാസ്തവം മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

electric

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്: https://www.facebook.com/100041262368751/videos/313520007276755/ 

അന്വേഷണം 

ഇൻവിഡ് കീ ഫ്രെയിംസ് ഉപയോഗിച്ചുള്ള വിശദമായ പരിശോധനയിൽ വീഡിയോ വ്യാജമെന്ന് കണ്ടെത്തി. ട്വിറ്ററിൽ നവംബർ അഞ്ചാം തിയതി പ്രസ്തുത ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. 

electric

വീഡിയോയുടെ ഒപ്പം നൽകിയ വിവരങ്ങൾ ഇതാണ്: സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് അച്ഛനും മകനും വെന്തുമരിച്ചു. വ്യാഴാഴ്ച രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നതിനിടെ പുതുച്ചേരി-വില്ലുപുരം അതിർത്തിക്കടുത്തായി നടന്ന അപകടമാണിത് (പരിഭാഷ). 

ഇതോടൊപ്പം സ്‌ക്രോൾ എന്ന ഓൺലൈൻ വാർത്ത പോർട്ടലും പ്രസ്തുത വാർത്ത പ്രസിദ്ധികരിച്ചിരുന്നു. സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അപകടം നടന്നത് തമിഴ്‌നാട്ടിലെ  കോട്ടകുപ്പം എന്ന പ്രദേശത്താണ്. സ്‌കൂട്ടറിൽ പടക്കങ്ങളുമായി യാത്ര ചെയ്തിരുന്ന അച്ഛനും ഏഴു വയസ്സ് പ്രായമുള്ള മകനും സ്ഫോടനത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പറയുന്നു. 

electric

വാർത്തയുടെ ലിങ്ക്: https://scroll.in/latest/1009863/father-son-die-after-firecrackers-loaded-on-scooter-explode-near-puducherry 

അതോടൊപ്പം ഇന്ത്യ ടൈംസ് പോർട്ടലും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 

electric

വാർത്തയുടെ ലിങ്ക്: https://www.indiatimes.com/news/india/father-son-travelling-on-scooter-with-firecrackers-killed-in-explosion-in-tn-video-goes-viral-553402.html  

ഇതോടൊപ്പം എൻഡിടിവിയുടെ യൂട്യൂബ് ചാനലിലും പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 

വാസ്തവം 

ഫേസ്ബുക്കിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചതെന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണ്. നവംബർ അഞ്ചിന് തമിഴ്‌നാട്ടിൽ നടന്ന സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ആണ്  പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരി-വില്ലുപുരം അതിർത്തിക്കടുത്തായി ദീപാവലി ആഘോഷങ്ങൾക്ക് വേണ്ടിയുള്ള പടക്കങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അച്ഛനും മകനും  സ്ഫോടനത്തിൽ മരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത്. പ്രസ്തുത വീഡിയോയ്ക്ക് ഇലക്ട്രിക്ക് വാഹനങ്ങളുമായി ഒരു ബന്ധവുമില്ല. അതിനാൽ ദൃശ്യങ്ങളും പോസ്റ്റിലെ അവകാശവാദവും അടിസ്ഥാനരഹിതമാണ്. 

Content Highlights: Are the visuals of electric scooter explosions real? | Fact Check