ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയും ഇന്ത്യാ വിഭജനത്തിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത ലോർഡ് മൗണ്ട് ബാറ്റന്റെ ഡയറിക്കുറിപ്പുകൾ പുറത്തുവിടുന്നതിനെ സംബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, വിഭജനം സംബന്ധിക്കുന്ന അനവധി ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നവംബർ 20-ന് ഡോ എച്ച്.എസ്. സിദ്ധു എന്ന ട്വിറ്റർ ഐ.ഡിയിൽനിന്ന് ഇന്ത്യാ വിഭജനം സംബന്ധിക്കുന്ന ഒരു ചിത്രം പ്രസിദ്ധികരിച്ചിരുന്നു. 'ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ തലേന്ന് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പലായനങ്ങളിലൊന്ന്' എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്താണ് പ്രസ്തുത ചിത്രത്തിന് പിന്നിലെ വാസ്തവം? 

അന്വേഷണം 

ഇൻവിഡ് കീ ഫ്രെയിംസ് ടൂൾ ഉപയോഗിച്ചുള്ള റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ചിത്രം ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന്റേതല്ലെന്ന് വ്യക്തമായി. ട്വീറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രം 1942-ൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളാണ്. 

രണ്ടാം ലോക മഹായുദ്ധവും ഏഷ്യൻ മേഖലയിൽ ജപ്പാൻ നടത്തിയ മുന്നേറ്റവും ബ്രിട്ടനെ പ്രതിരോധത്തിലാക്കി. ഇന്ത്യൻ നേതാക്കളെ അനുനയിപ്പിക്കാൻ ബ്രിട്ടീഷ് ക്യാബിനറ്റ് അംഗമായസ്റ്റഫോർഡ് ക്രിപ്‌സിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ (ക്രിപ്‌സ് മിഷൻ) ഇന്ത്യയിലേക്ക് അയച്ചെങ്കിലും പൂർണ സ്വാതന്ത്ര്യം എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഗാന്ധിയുടെ നിർദേശപ്രകാരം ബ്രിട്ടീഷ് രാജിൽ നിന്ന് പൂർണമായി സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കോൺഗ്രസ് ആരംഭിച്ചത്. 

image

വാസ്തവം 

പ്രസ്തുത ട്വീറ്റിലെ അവകാശവാദം തെറ്റാണ്. ട്വീറ്റിലെ ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ പ്രക്ഷോഭങ്ങളിൽ ഒന്നായ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടതാണ്. ചിത്രത്തിന് ഇന്ത്യാ വിഭജനവുമായി ഒരു ബന്ധവുമില്ല. അതിനാൽ പ്രസ്തുത ട്വീറ്റിലെ അവകാശവാദം അടിസ്ഥാനരഹിതമാണ്. 

Content Highlights: Are the pictures about the partition of India real? | Fact Check