ലരും ഇന്നും വിശ്വസിക്കുന്ന ഒരു കഥയാണ് അൽ ഖായിദയുടെ സി.ഐ.എ. ബന്ധം. ഉസാമ ബിൻ ലാദനെ അമേരിക്ക പരിശീലിപ്പിച്ചുവെന്നും സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാനായി കാശ് കൊടുത്തു വളർത്തിയെന്നും വാദങ്ങളുണ്ട്. എന്നാൽ, അമേരിക്ക അൽ ഖായിദയെ സഹായിച്ചുവെന്നത് കേവലം ഗൂഢാലോചനാ സിദ്ധാന്തമാണെന്ന് മറുപക്ഷം അഭിപ്രായപ്പെടുന്നു. ഈ വാദങ്ങൾ തള്ളാനോ കൊള്ളാനോ ഇന്നുവരെയും അമേരിക്കൻ ഭരണകൂടം തയ്യാറായിട്ടില്ല എന്നത് സംശയങ്ങൾക്കും വാദ-പ്രതിവാദങ്ങൾക്കും ആക്കം കൂട്ടുന്നു.

പൊതു ഇടങ്ങളിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാപരിശോധന.

അൽ ഖായിദയുടെ ഉദയം

സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിനു ശേഷമാണ് ഉസാമ ബിൻ ലാദൻ എന്ന ഭീകരവാദി നേതാവും അൽ ഖായിദ എന്ന സംഘടനയും ഉദയം ചെയ്യുന്നത്. സോവിയറ്റ് - അഫ്ഗാൻ യുദ്ധത്തിൽ മുജാഹിദീനുകളോടൊപ്പം സോവിയറ്റ് യൂണിയനെതിരെ യുദ്ധത്തിനായി പോകുന്നതോടെയാണ് ബിൻ ലാദന്റെ ജീവിതം മാറുന്നത്. (അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്തിരുന്ന തീവ്ര ഇസ്‌ലാമിക വിഭാഗങ്ങളെയാണ് അഫ്ഗാൻ മുജാഹിദീനുകൾ എന്ന് വിശേഷിപ്പിച്ചിരുന്നത്.)

1984-ൽ പലസ്തീനിൽനിന്നും അഫ്ഗാനിലേക്ക് മുജാഹിദായി എത്തിയ അബ്ദുള്ള യൂസഫ് അസ്സമുമായി ചേർന്ന് മക്തബ് അൽ ഖിദാമത് (എം.എ.കെ.)എന്ന സംഘടന ലാദൻ രൂപീകരിച്ചു. വിദേശ മുജാഹിദീനുകളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

അഫ്ഗാൻ യുദ്ധത്തിനെന്ന പേരിലാണ് റിക്രൂട്ട്‌മെന്റ് നടത്തിയതെങ്കിലും എം.എ.കെ. റിക്രൂട്ട് ചെയ്തവരിൽ വളരെ കുറച്ചുപേർ മാത്രമേ യുദ്ധത്തിൽ പങ്കെടുത്തിരുന്നുള്ളുവെന്ന്  ലോറെൻസ് റൈറ്റ് എന്ന അമേരിക്കൻ പത്രപ്രവർത്തകൻ എഴുതിയ 'ദി ലൂമിങ് ടവർ: അൽ ഖായിദ ആൻഡ് ദി റോഡ് ടു 9 /11 ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് . 1989-ലെ അസ്സമിന്റെ വധത്തിനു ശേഷം ലാദൻ എം.എ.കെയുടെ നേതൃത്വം ഏറ്റെടുത്തു. അതിനു മുൻപ് 1988-ൽ തന്നെ അയാളുടെ നേതൃത്വത്തിൽ അൽ ഖായിദ എന്ന സംഘടന രൂപീകരിച്ചിരുന്നു. എം.എ.കെയുടെ നേതൃത്വം ഏറ്റെടുത്ത ലാദൻ രണ്ടു സംഘടനകളെയും ലയിപ്പിച്ചു. 

Yusuf
അബ്ദുല്ല യൂസഫ് അസം

അൽ ഖായിദയുടെ തലവൻ

ആഗോള ഇസ്ലാമിക ഭീകര സംഘടനകളുടെ തലവനെ പോലെയായിരുന്നു അൽ ഖായിദ പ്രവർത്തിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ നേരിട്ട് സംഘടനകൾ രൂപീകരിച്ച് ആക്രമണങ്ങൾ നടത്തുന്നതിന് പുറമെ മറ്റ് ഭീകരസംഘടനകൾക്ക്  പരിശീലനവും സഹായങ്ങളും നൽകിയിരുന്നു. ഒപ്പം, അവരുടെ സ്ലീപ്പർ സെല്ലുകൾ ഭൂരിഭാഗം രാജ്യങ്ങളിലും പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു തങ്ങളുടെ ആശയങ്ങൾ അംഗീകരിക്കുന്നവരെ കൂടെക്കൂട്ടുന്നതിനു റിക്രൂട്ട്‌മെന്റുകളും നടത്തിയിരുന്നു. അക്ഷരാർത്ഥത്തിൽ ഭീകരസംഘടനകളുടെ തലതൊട്ടപ്പനായിരുന്നു അൽ ഖായിദ.

തെക്കു കിഴക്കൻ ഏഷ്യ മുതൽ മൊറോക്കോ വരെ നീണ്ടു കിടക്കുന്ന ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ബിൻ ലാദന്റേയും അൽ ഖായിദയുടെയും ലക്ഷ്യം. ഈജിപ്ഷ്യൻ ഇസ്ലാമിക പണ്ഡിതനും സലഫിസ്റ്റ് ജിഹാദിസത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഇബ്രാഹിം ഹുസ്സയിൻ ഖുതുബിന്റെ ആശയങ്ങളാണ് അൽ ഖായിദക്ക് പ്രചോദനം നൽകിയത്. 

അൽ ഖായിദയും സി.ഐ.എ. ബന്ധവും

Khutub
ഇബ്രാഹിം ഖുതുബ്

അൽ ഖായിദ എന്ന ഭീകര സംഘടന തുടങ്ങിയത് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ. ആണെന്നും, അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും അമേരിക്ക കൊടുത്തിരുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമാണ്. 

ഇതിന്റെ പ്രധാന കാരണം അമേരിക്കയുടെ അഫ്ഗാൻ മുജാഹിദീനുകളുമായുള്ള ബന്ധമാണ്. സോവിയറ്റ് അധിനിവേശ കാലത്ത്, അഫ്ഗാനിസ്ഥാനിൽ മുജാഹിദീനുകൾക്ക് അമേരിക്ക കൈയ്യയച്ച് സഹായം നൽകിയിരുന്നു. എന്നാൽ അമേരിക്ക നേരിട്ട് അവർക്ക് സഹായം നൽകിയിരുന്നില്ല . പകരം പാകിസ്താന്റെ ചാര സംഘടന ആയിരുന്ന ഐ.എസ്.ഐ. വഴിയായിരുന്നു കാശും ആയുധങ്ങളും മുജാഹിദീനുകൾക്ക് അമേരിക്ക നൽകിയിരുന്നത്. സി.ഐ.എയുടെ ഡീക്ലാസ്സിഫൈഡ് ഫയലുകളിലും പത്രപ്രവർത്തകരുടെ പുസ്തകങ്ങളിലും ഇക്കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. 

സി.ഐ.എയും അൽ ഖായിദയും 

സോവിയറ്റ് യൂണിയന്റെ പിന്മാറ്റത്തിനു ശേഷം 1991-ൽ ബിൻ ലാദൻ സുഡാനിലേക്ക് താവളം മാറ്റി. റിപ്പോർട്ടുകൾ പ്രകാരം നിരവധി ബിസിനസുകൾ അൽ ഖായിദയ്ക്ക് ഉണ്ടായിരുന്നു. ഹവാല ഇടപാടുകൾ, ലഹരിമരുന്ന് കടത്ത് എന്നിവയിലൂടെയും അവർ സമ്പത്ത് ഉണ്ടാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ സംഭാവനകൾ പിരിച്ച് അൽ ഖായിദ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഗൾഫ് രാജ്യങ്ങളിലെ ചില ജീവകാരുണ്യ സംഘടനകൾ അവരെ സഹായിച്ചിരുന്നതായും വിക്കിലീക്‌സ് പുറത്തു വിട്ട രേഖകളിലുണ്ട്. 

സി.ഐ.എ. നേരിട്ട് അൽ ഖായിദയ്ക്ക് സഹായം നൽകിയതിന് രേഖകൾ നിലവിൽ ലഭ്യമല്ലെങ്കിലും, താലിബാനിൽനിന്നു അൽ ഖായിദയ്ക്ക് സഹായം ലഭിച്ചതിനു തെളിവുകളുണ്ട്. അമേരിക്കയും സൗദിയും പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയിലൂടെ താലിബാന് ധനസഹായം നൽകിയിരുന്നു. ഹഖാനി ഗ്രൂപ്പായിരുന്നു പ്രധാന ഗുണഭോക്താക്കൾ.

സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്ത തീവ്രവാദ ഗ്രൂപുകളിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ജലാലുദ്ദിൻ ഹഖാനി സ്ഥാപിച്ച ഹഖാനി നെറ്റ്വർക്ക്. പിൽക്കാലത്ത് സുഡാനിൽനിന്നു പുറത്താക്കിയ ബിൻ ലാദന് അഫ്ഗാനിസ്ഥാനിൽ വേണ്ട സഹായങ്ങൾ നൽകിയത് അവരായിരുന്നു. അവിടെ എത്തിയ ലാദൻ, താലിബാൻ ഭീകരവാദികൾക്ക് പരിശീലനവും നൽകിയിരുന്നു. സി.ഐ.എ., ജലാലുദ്ദീൻ ഹഖാനിയുമായി നടത്തിയ ചർച്ചയുടെ രേഖകൾ എൻ.എസ്. ആർക്കൈവ്സ് പുറത്തുവിട്ടിരുന്നു. അതിൽനിന്ന് ഹഖാനി ഗ്രൂപ്പിന്  സി.ഐ.എ. സഹായം നൽകിയിരുന്നതായും മനസിലാക്കാൻ സാധിക്കും.

haqani
ജലാലുദ്ദിൻ ഹഖാനി

അൽ ഖായിദയ്ക്ക്  ഗൾഫ് രാജ്യങ്ങളിൽനിന്നും പാകിസ്താനിൽനിന്നും പണം ലഭിക്കുന്ന വിവരങ്ങൾ യു.എസിന് അറിയാമായിരുന്നു എന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പിടുത്തിയതായി ന്യൂയോർക് ടൈംസ് , അവരുടെ 'എ നേഷൻ ചാലഞ്ച്ഡ്' എന്ന ലേഖനത്തിൽ പറയുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തിൽ, ലാദൻ മിത്രപക്ഷത്തായിരുന്നതുകൊണ്ട് അക്കാര്യത്തിൽ യു.എസ്. അതൃപ്തി പ്രകടിപ്പിച്ചില്ലായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.   

ന്യൂയോർക് ടൈംസ് ലേഖനത്തിന്റെ ഒന്നാം ഭാഗത്തിന്റെ ലിങ്ക് 

ന്യൂയോർക് ടൈംസ് ലേഖനത്തിന്റെ രണ്ടാം ഭാഗത്തിന്റെ ലിങ്ക്.

ന്യൂയോർക് ടൈംസ് ലേഖനത്തിന്റെ മൂന്നാം ഭാഗത്തിന്റെ ലിങ്ക്.

എന്നാൽ 1993-ൽ നടന്ന വേൾഡ് ട്രേഡ് സെന്റര് ബോംബാക്രമണം, 1998-ലെ ടാൻസാനിയയിലെയും കെനിയയിലെയും യു.എസ്. എംബസി ആക്രമണങ്ങൾ എന്നിവയ്ക്ക് ശേഷം അമേരിക്ക അൽ ഖായിദയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ലാദനെ അഫ്ഗാനിൽനിന്നു പുറത്താക്കാൻ വേണ്ടിയായിരുന്നു ജലാലുദ്ദിൻ ഹഖാനിയുമായ് സി.ഐ.എ. ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ അത് പൂർണമായും ഫലം കണ്ടില്ല. അവസാനം 2001 സെപ്റ്റംബർ 11-നു നടന്ന ട്രേഡ് സെന്റര് ആക്രമണത്തോടുകൂടി അമേരിക്ക തങ്ങളുടെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇവയുടെ ലക്ഷ്യം സ്വാഭാവികമായും ലാദനും അൽ ഖായിദയുമായിരുന്നു.

cia
എൻ.എസ്.എ. പുറത്തുവിട്ട രേഖയുടെ ചിത്രങ്ങൾ

വാസ്തവം

അൽ ഖായിദയ്ക്ക് നേരിട്ടുള്ള അമേരിക്കൻ സഹായം ലഭിച്ചതിന്റെ വിശ്വാസയോഗ്യമായ രേഖകൾ ലഭ്യമല്ല. എന്നാൽ അമേരിക്കൻ പണം ഹഖാനി നെറ്റ്‌വർക്കിലൂടെയും ഐ.എസ്.ഐയിലൂടെയും ലാദന്റെ കൈകളിൽ എത്തിയതിനു സി.ഐ.എ. രേഖകൾ തന്നെ തെളിവാണ്.

Content Highlights: Al Qaeda and CIA, behind the scenes | Fact Check