വംബർ 14-ന് എ.എൻ.ഐ. ഹിന്ദി ന്യൂസിന്റെ ട്വിറ്റർ പേജിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് വാർത്ത. വാർത്ത ഇതാണ്: 'ചരിത്രം അശോകനെയോ ചന്ദ്രഗുപ്ത മൗര്യനെയോ മഹാനെന്ന് വിളിച്ചില്ല, മറിച്ച് ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ അലക്‌സാണ്ടറെയാണ് മഹാൻ എന്ന് വിളിച്ചത്. ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ വിഷയങ്ങളിലെല്ലാം ചരിത്രകാരന്മാർ നിശബ്ദരാണ്, ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് സത്യം തിരിച്ചറിഞ്ഞാൽ, സമൂഹവും രാജ്യവും നിലനിൽക്കും-  യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ.'

ഇതിനകംതന്നെ  പ്രസ്തുത ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറി. എന്താണ് ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

അന്വേഷണം

വിശദമായ അന്വേഷണത്തിൽ യോഗി ആദിത്യനാഥിന്റെ  പ്രസ്താവനയിൽ വസ്തുതാപരമായ പിശകുണ്ടെന്ന് കണ്ടെത്താനായി. ചന്ദ്രഗുപ്ത മൗര്യൻ ജീവിച്ചിരുന്നത് 321 -297 BCE കാലഘട്ടത്തിലാണ്. എന്നാൽ ഗ്രീക്ക്-മാസിഡോണിയൻ രാജാവായ അലക്‌സാണ്ടർ ജീവിച്ചിരുന്നത് ആകട്ടെ 356-323 BCE കാലഘട്ടത്തിലും. അലക്‌സാണ്ടർ, തന്റെ മുപ്പത്തിരണ്ടാം വയസിൽ മരിക്കുമ്പോൾ, വടക്ക്  മാസിഡോണിയ മുതൽ തെക്ക് ഈജിപ്ത് വരെയും, പടിഞ്ഞാറ് ഏഥൻസ് മുതൽ കിഴക്ക് ഇന്ത്യ വരെ ഉൾപ്പെടുന്ന വലിയ സാമ്രാജ്യം സ്ഥാപിച്ചിരുന്നു.

alexander

അലക്‌സാണ്ടർ പുരാതന ഇന്ത്യയുടെ ഭാഗമായ ഇന്നത്തെ  അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ മേഖലകളും ഇന്നത്തെ  പഞ്ചാബ് വരെയുള്ള പ്രദേശങ്ങളും  കീഴടക്കിയിരുന്നു. അലക്‌സാണ്ടറുടെ ആക്രമണസമയത്ത് മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിട്ടില്ല. മഗധ(ഇന്നത്തെ ബിഹാർ, ജാർഖണ്ഡ് മേഖല) കേന്ദ്രീകരിച്ച് ഉദയം കൊണ്ട മൗര്യ സാമ്രാജ്യത്തിനു മുൻപ്, പ്രസ്തുത പ്രദേശം ഭരിച്ചിരുന്നത് നന്ദ രാജവംശമായിരുന്നു. റോമില ഥാപ്പർ എഴുതിയ History of  early India: From the origins to early 1300s എന്ന പുസ്തകത്തിൽ അലക്‌സാണ്ടർ ഇന്ത്യ പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പല കാരണങ്ങളിൽ ഒന്ന് നന്ദ രാജവംശത്തിന്റെ സൈനികശക്തിയെ ഭയന്നാണ് എന്ന് അവകാശപ്പെടുന്നു. 

റോമില ഥാപ്പർ എഴുതിയതിങ്ങനെ: 'ഒരുപക്ഷെ സാമ്രാജ്യത്വ മോഹങ്ങൾ ആദ്യമായി പ്രകടിപ്പിച്ച ഇന്ത്യൻ രാജവംശങ്ങളിൽ ഒന്നാണ് നന്ദന്മാർ. മഗധ എന്ന വിശാലമായ പ്രദേശത്തോടൊപ്പം, തങ്ങളുടെ അധീശത്വത്തെ പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ അവർ ശ്രമിച്ചിരുന്നു. ഇതിനു വേണ്ടി വിശാലമായ ഒരു സൈന്യം അവർ രൂപീകരിച്ചിരുന്നു. ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം, നന്ദന്മാരുടെ സൈന്യത്തിൽ ഇരുപതിനായിരം കുതിരപ്പടയാളികളും രണ്ടു ലക്ഷത്തിലധികം കാലാൾ സൈനികരും 2,000 രഥങ്ങളും, 3,000 ആനകളും ഉണ്ടായിരുന്നു. ഈ സൈനിക ബാഹുല്യം ഒരു വലിയ ഭീഷണിയാണ് എന്ന തിരിച്ചറിവ് അലക്‌സാണ്ടറുടെ ഗ്രീക്ക് സൈനികർക്ക് ഉണ്ടാവുകയും അവർ അലക്‌സാണ്ടറുടെ പടയോട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിൽ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ നന്ദന്മാർക്ക് അവരുടെ സൈന്യം, അലക്‌സാണ്ടർക്ക് എതിരെ ഉപയോഗിക്കേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്.'  

tweet

അലക്‌സാണ്ടറുടെ മരണത്തിനു ശേഷം, അയാൾ സ്ഥാപിച്ച സാമ്രാജ്യം മൂന്ന് ഭാഗങ്ങളാവുകയും അലക്‌സാണ്ടറുടെ സൈനിക ജനറൽമാർ അവിടങ്ങളിൽ ഭരണം നിയന്ത്രിക്കുകയും ചെയ്തു. ഇവരിൽ ഒരാളായിരുന്ന സെല്യൂക്കസ് നിക്കേറ്റർ പഞ്ചാബ് ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ അടങ്ങുന്ന ഗ്രീക്ക് സ്വാധീന പ്രദേശങ്ങൾ പിടിച്ചടക്കുകയും സെല്യൂസിഡ് സാമ്രാജ്യത്തിന് തുടക്കമിടുകയും ചെയ്തു. ഈ സമയത്താണ് നന്ദ രാജവംശം ക്ഷയിക്കുന്നതും ചന്ദ്രഗുപ്ത മൗര്യൻ മഗധ പിടിച്ചെടുക്കുന്നതും. തുടർന്ന് മൗര്യസാമ്രാജ്യം സ്ഥാപിതമായി. 

maurya

ചന്ദ്രഗുപ്ത മൗര്യന്റെ സൈനിക നീക്കങ്ങളെ പറ്റിയും സെല്യൂക്കസ് നിക്കേറ്ററിനെ പറ്റിയും റോമിലെ ഥാപ്പർ തന്റെ പുസ്തകത്തിൽ എഴുതിയതിങ്ങനെ: 'ഗംഗാ സമതലം പിടിച്ചെടുത്തതിന് ശേഷം ചന്ദ്രഗുപ്ത മൗര്യൻ വടക്ക്-പടിഞ്ഞാറൻ മേഖലകളിലേക്ക് തിരിഞ്ഞു. എന്നാൽ സിന്ധുനദിയുടെ തീരങ്ങൾ വരെ മാത്രമേ ചന്ദ്രഗുപ്തന് പോകാൻ കഴിഞ്ഞുള്ളു. കാരണം സെല്യൂക്കസ് നിക്കേറ്റർ സിന്ധുനദി തീരങ്ങൾ വരെയുള്ള തന്റെ സാമ്രാജ്യം കോട്ടകൾ കൊണ്ട് സംരക്ഷിച്ചിരുന്നു. തിരികെ പോയ ചന്ദ്രഗുപ്തൻ 305 ബി.സിയിൽ തിരിച്ചുവരികയും  സെല്യൂക്കസിനെതിരെ ശക്തമായി പോരാടുകയും ചെയ്തു. പിന്നീട്  സെല്യൂക്കസും ചന്ദ്രഗുപ്തനും ഒരു ഉടമ്പടിയിൽ എത്തിച്ചേരുകയും സെല്യൂസിഡ് സാമ്രാജ്യത്തിന്റെ ഭാഗമായ അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, മക്രാൻ എന്നിവ ചാന്ദ്രഗുപ്തന് വിട്ടുനൽകുകയും പകരമായി 500 ആനകളെ ചന്ദ്രഗുപ്തൻ സെല്യൂക്കസിന് സമ്മാനിക്കുകയും ചെയ്തു.'

book

book

വാസ്തവം

യോഗി ആദിത്യനാഥിന്റെ പരാമർശം തെറ്റാണ്. ചന്ദ്രഗുപ്ത മൗര്യനും അലക്‌സാണ്ടർ ചക്രവർത്തിയും സമകാലീനർ ആയിരുന്നെങ്കിലും അവർ തമ്മിൽ ഏറ്റുമുട്ടിയിട്ടില്ല. അലക്‌സാണ്ടറുടെ ഇന്ത്യാ അധിനിവേശ സമയത്ത് മഗധ കേന്ദ്രികരിച്ച് ഭരിച്ചിരുന്നത് നന്ദ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മൗര്യ സാമ്രാജ്യം അന്ന് സ്ഥാപിക്കപ്പെട്ടിരുന്നില്ല. അതിനാൽ ചന്ദ്രഗുപ്ത മൗര്യൻ അലക്‌സാണ്ടർ ചക്രവർത്തിയെ പരാജയപ്പെടുത്തി എന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം നിലവിലുള്ള ചരിത്രവസ്തുതകൾക്ക് എതിരാണ്.

Content Highlights: