ക്ടോബർ 27-ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു. തെലുങ്കാനയിലെ മേദക് പട്ടണത്തിൽ ഏതാണ്ട് അഞ്ഞൂറോളം നായ്ക്കളെ കൊന്നുതള്ളി എന്നതായിരുന്നു പ്രസ്തുത വാർത്ത. നായകളുടെ ശരീരവിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  

ഓൺലൈനിൽ വ്യാപകമായ പ്രചരിച്ച ഈ വാർത്തയുടെ നിജസ്ഥിതി മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു. 

അന്വേഷണം 

വിശദമായ അന്വേഷണത്തിൽ ഈ വാർത്തയുടെ യാഥാർഥ്യം തിരിച്ചറിഞ്ഞു. മേദക് പട്ടണത്തിൽ പ്രവർത്തിക്കുന്ന മൃഗസ്‌നേഹിയും പീപ്പിൾ ഫോർ അനിമൽസ് പ്രവർത്തകനുമായ പൃഥ്വി പനീരു ആണ് സംഭവം ആദ്യമായി പുറത്തു കൊണ്ടുവന്നത്. മാതൃഭൂമി ഫാക്ട് ചെക്ക് പൃഥ്വി പനീരുവുമായി നേരിട്ട് ബന്ധപെട്ടു. പൃഥ്വിയുടെ വാക്കുകൾ: 

'ഇങ്ങനെ ഒരു സംഭവം നടന്നതായി ഞങ്ങൾ അറിയുന്നത് ഒക്ടോബർ 24-നാണ്. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ സ്ഥലം സന്ദർശിച്ചു. മേദക് പട്ടണത്തിലെ മാലിന്യം തള്ളുന്ന പ്രദേശത്താണ് കുഴിച്ചിട്ട നിലയിൽ അഞ്ഞൂറോളം നായകളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് ഇതേപ്പറ്റി വിവരം നൽകിയത്. പോലീസ്, വെറ്റിനറി വകുപ്പ്, മാധ്യമപ്രവർത്തകർ എന്നിവരുടെ ഒരു സംഘത്തോടൊപ്പം ആണ് സ്ഥലം സന്ദർശിച്ചത്. കണ്ടെടുക്കപ്പെട്ടവയിൽ ചിലതിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. വിഷം നൽകിയാണ് ഇത്രയും നായ്ക്കളെ കൊന്നത്. നേർസാപൂർ  മുൻസിപ്പൽ കമ്മീഷണറുടെ അറിവോടെയാണ് ഈ കൃത്യം നടത്തിയിരിക്കുന്നത്.  ഞങ്ങൾ നൽകിയ പരാതിയിന്മേൽ, IPC സെക്ഷൻ 428 ,429 എന്നി വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെയും അടിസ്ഥാനത്തിൽ നേർസാപൂർ പോലീസ് മുനിസിപ്പൽ കമ്മീഷണർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.'

dogs

വാസ്തവം 

പ്രസ്തുത വാർത്തയുടെ നിജസ്ഥിതി ശരിയാണെന്ന് വിശദമായ അന്വേഷണത്തിലൂടെ  ബോധ്യപ്പെട്ടു. പൃഥ്വി പനീരുവിന്റെ അഭിപ്രായപ്രകാരം സംഭവം നടന്നു രണ്ടാഴ്ചയ്ക്ക് ശേഷമാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വന്ധ്യംകരണം പോലുള്ള മാർഗങ്ങൾ അവലംബിക്കേണ്ടതിനു പകരമാണ് ഈ കുറ്റകൃത്യം മുനിസിപ്പൽ അധികൃതർ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: About 500 dogs killed by municipal authority in Telengana? | Fact Check