ഗാലപ്പഗോസ് ദ്വീപുകൾക്ക് സമീപത്തുനിന്നു പുതിയ ഇനം പവിഴപ്പുറ്റ് കണ്ടെത്തി എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.''New Species of Coral that has been found near the Galapagos Island' എന്ന ഇംഗ്ലീഷ് തലക്കെട്ടോടെയാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. നീലയും വെള്ളയും വരകളുള്ള വളരെ മനോഹരമായ ഒരു വസ്തുവാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

fact check

അന്വേഷണം 

വിശദമായ വിവരങ്ങൾ നൽകാത്തതിനാൽ പ്രചരിക്കുന്ന പോസ്റ്റിന്റെ ആധികാരികതയിൽ സംശയം ഉണ്ടായി. അതിനാൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ചിത്രത്തെക്കുറിച്ച് പരിശോധിച്ചു.

തുടർന്ന് deviantart.com എന്ന സൈറ്റിൽ ഈ ചിത്രം പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 3D ഫ്രാക്ടൽ ആർട്ട്  എന്ന ടാഗോടു കൂടിയാണ് സൈറ്റിൽ ചിത്രം പങ്കുവച്ചിട്ടുള്ളത്.

'batjorge' എന്ന യൂസർ നെയിമിലൂടെ പങ്കുവച്ചിട്ടുള്ള ചിത്രത്തിന് താഴെ, ''നോട്ട് എ കോറൽ'' എന്ന പേരിൽ ഒരു ആർട്ടിക്കിളിന്റെ ലിങ്ക് കമന്റ് ചെയ്തിരിക്കുന്നതും കാണാൻ സാധിച്ചു.  deviantart-ൽ വന്ന തന്റെ ചിത്രം, ചില ഫേസ്ബുക്ക് യൂസർമാർ കോറലിന്റെ ചിത്രമാണ് എന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്നും യഥാർത്ഥത്തിൽ അത് താൻ ചെയ്ത ഗ്രാഫിക്കൽ വർക്കാണെന്നും ആ ലേഖനത്തിൽ batjorge പറയുന്നു. 

അങ്ങനെ, പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ഉറപ്പിച്ചു. അന്വേഷണത്തിൽ 2020-ലും ഇതേ വാർത്തയും ചിത്രവും പ്രചരിച്ചിരുന്നതായും കണ്ടെത്തി .

Jorge Abelo എന്ന കലാകാരനാണ് batjorge എന്ന പേരിൽ deviantart-ൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. mandelbulb എന്ന 3D ഗ്രാഫിക്‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. 

ചിത്രകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ പങ്കുവയ്ക്കാനും പരസ്പരം സൃഷ്ടികൾ വിലയിരുത്താനുമുള്ള ഒരു ഓൺലൈൻ ഇടമാണ് deviantart. ഗ്രാഫിക്‌സ് ചിത്രങ്ങൾക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. 

2020 ഓഗസ്റ്റിൽ ഗാലപ്പഗോസിന് സമീപത്തുനിന്ന് മുപ്പത് പുതിയ ആഴക്കടൽ ജീവികളെ കണ്ടെത്തിയിരുന്നു. ഇതിന്റെ മറ പിടിച്ചാകാം വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പരന്നത്. പസഫിക്ക് സമുദ്രത്തിലെ ഒരു ദ്വീപ് സമൂഹമാണ് ഗാലപ്പഗോസ്. തെക്കേ അമേരിക്കയിലെ ഇക്ക്വഡോറിന്റെ അധീനതയിലുള്ള ഇവിടം, ജൈവവൈവിധ്യത്തിനു പേരുകേട്ട പ്രദേശമാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുൾപ്പെട്ട ഒരിടം കൂടിയാണ് ഗാലപ്പഗോസ് ദ്വീപുകൾ.

fact check

വാസ്തവം

ഗാലപ്പഗോസ് ദ്വീപിനു സമീപത്തു നിന്നും കണ്ടെത്തിയ കോറലിന്റെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണ്. Jorge Abelo എന്ന കലാകാരൻ നിർമിച്ച 3D ചിത്രമാണ് കോറലിന്റേതെന്ന പേരിൽ പ്രചരിക്കുന്നത്.

Content Highlights: A New Species Of Coral Found In The Galapagos Islands | Fact Check