ആര്‍.ബി.ഐ. പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും ചിത്രമെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു വരികയാണ്. 1000, 350 രൂപ നോട്ടുകളുടെയും, 60, 75, 100 രൂപ നാണയങ്ങളുടെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഏറ്റവും പുതിയ സീരീസിലുള്ള നോട്ടുകള്‍ എന്ന് തോന്നിക്കുന്നവയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം ഇത് ഒരാള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും. അതാണ് ചിത്രത്തിന്റെ വിശ്വാസ്യത കൂടാന്‍ പ്രധാന കാരണം. നോട്ടുകളുടെ വാസ്തവം എന്താണെന്ന് അറിയാന്‍ ആര്‍.ബി .ഐ യുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. ആര്‍.ബി.ഐ. പുറത്തിറക്കുന്ന എല്ലാ കറന്‍സി നോട്ടുകളുടെയും വിവരം നമുക്ക് വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. 

അന്വേഷണത്തില്‍ ആര്‍.ബി.ഐ, മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള പുതിയ സീരിസില്‍ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ല എന്ന്  മനസിലാക്കാന്‍ സാധിച്ചു. 350 രൂപ മൂല്യമുള്ള നോട്ടുകള്‍ ബാങ്ക് ഇതുവരെയും പുറത്തിറക്കിയിട്ടില്ല. അങ്ങനെ നോട്ടുകളുടെ രണ്ട് ചിത്രങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.

നാണയങ്ങളുടെ ചിത്രങ്ങള്‍ കീവേര്‍ഡുകള്‍ വെച്ച് ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ സെര്‍ച്ച് ചെയ്ത് നോക്കി. ചിത്രത്തിലുള്ള നാണയങ്ങള്‍ വ്യാജമല്ല എന്ന് കണ്ടെത്തി. 60, 75,100 രൂപ മൂല്യങ്ങളില്‍ ഉള്ള നാണയങ്ങളാണ് ചിത്രത്തില്‍ കാണുന്നത്. ഇവ പല വിശേഷ  അവസരങ്ങളിലായി സര്‍ക്കാര്‍ പുറത്തിറക്കിയവയാണ്.

2013 ല്‍ കയര്‍ ബോര്‍ഡിന്റെ 60-ാം വാര്‍ഷികവുമായ് ബന്ധപ്പെട്ട് പുറത്തിറക്കിയ 60 രൂപ നാണയമാണ് ചിത്രത്തില്‍ കാണുന്നത്. 2012 ല്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള അലിപൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ നാണയനിര്‍മ്മാണ ശാലയുടെ 60 ആം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ആദ്യമായി 60 രൂപ മൂല്യമുള്ള നാണയം ഇറക്കുന്നത്.

ആര്‍.ബി.ഐ.യുടെ 75-ാം വാര്‍ഷികവുമായ് ബന്ധപ്പെട്ട് 2010 ല്‍ പുറത്തിറക്കിയ 75 രൂപയുടെ നാണയമാണ് ചിത്രത്തില്‍ കാണുന്നത്. ഇത് കൂടാതെ പോര്‍ട്ട്ബ്‌ളയറില്‍ സുഭാഷ് ചന്ദ്ര ബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75 ആം വാര്‍ഷികവുമായ് ബന്ധപ്പെട്ട് 2018 ഇലും, ഐക്യരാഷ്ട്രസഭയുടെ പോഷക സംഘടനയായ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2020 ഇലും 75 രൂപ നാണയം ഇറക്കിയിരുന്നു. 

ഇതുപോലെ തന്നെ 2018 ഇല്‍ അടല്‍ ബിഹാരി വാജ്പയിയുടെ നൂറാം ജന്മവാർ കവുമായ് ബന്ധപ്പെട്ടും 2020 ഇല്‍ വിജയരാജ സിന്ധ്യയുടെ ജന്മശതാബ്ദിക്കും 100 രൂപ മൂല്യമുള്ള നാണയങ്ങള്‍ ഇറക്കിയിരുന്നു.1978 മുതല്‍ നിരവധി തവണ 100 രൂപ നാണയങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പുറത്തിറക്കിയിട്ടുള്ള നാണയങ്ങള്‍ വിനിമയത്തിനുള്ളതല്ല.

വാസ്തവം - ചിത്രത്തില്‍ നോട്ടുകള്‍ വ്യാജമാണെന്നും, നാണയങ്ങള്‍ വിശേഷ അവസരങ്ങളില്‍ പുറത്തിറക്കിയവയാണെന്നും കണ്ടെത്താന്‍ സാധിച്ചു.