പ്രചരിക്കുന്ന ചിത്രം
ഒരു സുഖനിദ്രയാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ തരംഗമായിരിക്കുന്നത്. വെറും ഉറക്കമല്ല, അലാസ്കൻ പർവ്വത നെറുകയിൽ മഞ്ഞ് പുതച്ച് ഉറങ്ങുന്ന സ്ത്രീരൂപമാണീ ചർച്ചയുടെ കേന്ദ്രം. 'മഞ്ഞിൽ പ്രകൃതി ഒരുക്കിയ മഹാത്ഭുതം' എന്ന തരത്തിലാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡ്രോണിന്റെ സഹായത്തോടെ പകർത്തിയ ഫോട്ടായാണിത് എന്നാണ് അവകാശവാദം. ഈ അത്ഭുതചിത്രത്തിന്റെ വാസ്തവമെന്ന് മാതൃഭൂമി പരിശോധിക്കുന്നു.
അന്വേഷണം
അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ അലാസ്കയിലെ ഒരു പർവ്വതത്തിൽ രൂപപ്പെട്ട ദൃശ്യമാണിതെന്നാണ് പ്രചാരണം. എന്നാൽ, കൃത്യസ്ഥലം പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിൽ ഴാങ് മിഷേൽ ബിഹോറൽ എന്ന വ്യക്തിയുടെ ഡിജിറ്റൽ സൃഷ്ടിയാണിതെന്ന തരത്തിലുള്ള ചില ട്വീറ്റുകൾ കണ്ടെത്തി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങൾ നിർമിക്കുന്ന ഒരു കലാകാരനാണ് ഴാങ് മിഷേൽ.
.jpg?$p=984c406&&q=0.8)
അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രചരിക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. 2020-ൽ നിർമിച്ച 'വിന്റർ സ്ലീപ്' എന്ന് പേരിലുള്ള ഒരു ഡിജിറ്റൽ സൃഷ്ടിയാണിത്. പ്രകൃതിയെ മനുഷ്യരൂപവുമായി സമന്വയിപ്പിച്ച് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ മിഷേൽ സൃഷ്ടിച്ചിട്ടുണ്ട്.
മിഷേലിന്റെ ഔദ്യോഗിക സൈറ്റിലേക്കുള്ള ലിങ്ക്: https://jmbihorel.com/winter-sleep

വിന്റർ സ്ലീപ് എന്ന തന്റെ ചിത്രം തെറ്റായ തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം കാര്യം വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. മാത്രമല്ല, ഈ സൃഷ്ടിയുടെ സൈൻ ചെയ്ത അഞ്ച് പ്രിന്റഡ് കോപ്പികൾ അദ്ദേഹം 2021-ൽ വില്പനയ്ക്കും വെച്ചു. കലാസൃഷ്ടിയെ തന്റെ പേരിൽ തന്നെ ലോകത്ത് പ്രതിഷ്ഠിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവ വിൽപ്പനയ്ക്ക് വെച്ചതെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അലാസ്ക്കയിലെ പ്രധാന മാധ്യമങ്ങളിലൊന്നായ 'അലാസ്കാസ് ന്യൂസ് സോഴ്സ്' നൽകിയ വാർത്ത:
https://www.alaskansewssource.com/2020/08/22/image-mislabeled-as-drone-footage-of-sleeping-lady-goes-viral/
യഥാർത്ഥത്തിൽ, സ്ലീപ്പിങ് ലേഡി എന്ന് വിളിപ്പേരുള്ള ഒരു പർവ്വതം അലാസ്കയിൽ ഉണ്ടെന്നതാണ് രസകരമായ മറ്റൊരു വസ്തുത. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ അങ്കറേജിന് സമീപമുള്ള ഈ പർവ്വതത്തിന്റെ യഥാർത്ഥ പേര് മൗണ്ട് സുസിറ്റ്നയെന്നാണ്. പ്രചരിക്കുന്ന ചിത്രവും ഈ പർവ്വതവുമായി ബന്ധമൊന്നുമില്ല. പ്രദേശത്ത് കാലങ്ങളായി പ്രചരിക്കുന്ന ഒരു കഥയുടെ അടിസ്ഥാനത്തിലാണ് അതിന് ഈ പേര് കൈവന്നത്.
മൗണ്ട് സുസിറ്റ്നയുമായി ബന്ധപ്പെട്ട കഥ വായിക്കാനായി താഴെ നൽകിയിട്ടുള്ള ലിങ്കുകൾ തുറക്കൂ:
https://www.alaska.org/detail/mount-susitna
വാസ്തവം
അലാസ്കയിലെ പർവ്വതനെറുകയിലെ അത്ഭുതചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് ഒരു ഡിജിറ്റൽ കലാസൃഷ്ടിയാണ്. ഴാങ് മിഷേൽ ബിഹോറൽ എന്ന കലാകാരൻ 2020-ൽ നിർമ്മിച്ച ചിത്രമാണിത്. ഈ ചിത്രത്തിന് അലാസ്കയിലെ സ്ലീപ്പിങ് ലേഡി എന്ന് വിളിപ്പേരുള്ള പർവ്വതവുമായും ബന്ധമില്ല.
Content Highlights: Alaskan Mountaintop, Wonder Woman, Jean Michel, Digital Painting, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..