പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്
ആദായ നികുതി അടയ്ക്കുന്നവർ വാഹനാപകടത്തിൽ മരണപ്പെട്ടാൽ, അവസാന മൂന്ന് വർഷത്തെ വാർഷിക വരുമാനത്തിന്റെ ശരാശരിയുടെ പത്തിരട്ടി നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ് എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.
സന്ദേശത്തിന്റെ ഉള്ളടക്കമിതാണ്: 'ആദായ നികുതി അടയ്ക്കുന്ന വ്യക്തികൾ വാഹനാപകടത്തിൽ മരണപ്പെട്ടാൽ അവരുടെ അവസാന മൂന്ന് വർഷത്തെ നികുതി വിധേയ വരുമാനത്തിന്റെ ശരാശരിയുടെ പത്തിരട്ടി കേന്ദ്ര സർക്കാർ നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ, പൊതുജനങ്ങൾക്ക് ഇതേപ്പറ്റി അറിവില്ലാത്തതിനാൽ അർഹരായ പലർക്കും ഈ നഷ്ടപരിഹാരം ലഭിക്കുന്നില്ല. 2013-ൽ സുപ്രീം കോടതി നൽകിയ വിധിപ്രകാരമാണ് സർക്കാരിന് ഈ ബാധ്യത വന്നിരിക്കുന്നത്.'
പ്രസ്തുത സന്ദേശത്തിനു പിന്നിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
2018 മുതൽ ഈ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും സന്ദേശം പ്രചരിച്ചിരുന്നു.

സന്ദേശത്തിൽ പരാമർശിക്കുന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് അന്വേഷിച്ചു. ഇതിൽ നൽകിയിരിക്കുന്ന സിവിൽ അപ്പീൽ നമ്പർ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയയിൽ വിധിപ്പകർപ്പ് ലഭിച്ചു.
വിധിപകർപ്പിന്റെ ലിങ്ക്: https://main.sci.gov.in/jonew/judis/40944.pdf
വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ ആശ്രിതർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച കേസ് ആയിരുന്നു ഇത്. മധ്യപ്രദേശിലെ മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
2003 ജനുവരി 20-ാം തീയതി മധ്യപ്രദേശിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 19-കാരനായ നിലേഷ് കൊല്ലപ്പെട്ടിരുന്നു. അൻപത് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കൾ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യുണൽ (MACT) നെ സമീപിച്ചു. 1,92,000 രൂപയാണ് ട്രിബ്യൂണൽ വിധിച്ചത്. ഇത് ചോദ്യം ചെയ്ത് ആദ്യം മധ്യപ്രദേശ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു.
അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. 1988-ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ രണ്ടാം ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കണമെന്ന് മാത്രമേ വിധിയിൽ പറയുന്നുള്ളു. അല്ലാതെ, പ്രചാരണങ്ങളിലേതുപോലെ ആദായ നികുതിദായകൻ മരണപ്പെട്ടാൽ നൽകേണ്ട നഷ്ടപരിഹാരത്തെ പറ്റി വിധിയിൽ പരാമർശമില്ല.
ശ്രദ്ധിക്കേണ്ട വസ്തുത കൊല്ലപ്പെട്ട നിലേഷ് മരിക്കുന്ന സമയത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു എന്നതാണ്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദങ്ങളുമായി കേസിന് യാതൊരു ബന്ധവുമില്ല.
ആദായ നികുതി അടയ്ക്കുന്നവർ മരണപ്പെട്ടാൽ കേന്ദ്ര സർക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കുമോ എന്നതാണ് പിന്നീട് അന്വേഷണവിധേയമാക്കിയത്. ഇതിനായി ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ചുവെങ്കിലും ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ലഭ്യമായില്ല.
വിശദാംശങ്ങൾക്കായി കേരള ടാക്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് പി.എസ്. ജോസഫുമായി ബന്ധപ്പെട്ടു. ആദായ നികുതിദായകർ മരണപ്പെട്ടാൽ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി നിയമത്തിലും, വകുപ്പ് പുറത്തിറക്കുന്ന സർക്കുലറുകളിലും ഇത്തരം നഷ്ടപരിഹാരത്തെപ്പറ്റി പരാമർശമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വാസ്തവം
ആദായ നികുതി അടയ്ക്കുന്നവർ വാഹനാപകടത്തിൽ മരിച്ചാൽ, കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകും എന്ന പ്രചാരണം വ്യാജമാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടാണ് പ്രചാരണം.
Content Highlights: income tax payers, death benefit, central government, compensation, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..