പ്രചരിക്കുന്ന ചിത്രം | കടപ്പാട്: ഫേസ്ബുക്ക്
ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്താതെ ലോകനേതാക്കളുടെ അടിയന്തിര യോഗം നടന്നുവെന്ന തരത്തിൽ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത യോഗത്തിൽ ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, യു.കെ., ജപ്പാൻ, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുത്തതായാണ് പ്രചരണം.
ഇതിലെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ലോകത്തിലെ ഏറ്റവും കരുത്തരായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമടങ്ങുന്ന കൂട്ടായ്മയാണ് ജി-20. ഇന്തോനേഷ്യയിലെ ബാലിയിലാണ് ഉച്ചകോടി നടന്നത്. ഇതിനിടെ ചേർന്ന അടിയന്തിര യോഗത്തിൽ 'ലോകനേതാവായ' മോദിയെ കാണുന്നില്ല എന്ന തരത്തിൽ പരിഹസിച്ചുകൊണ്ടാണ് ഫോട്ടോ പ്രചരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, ഫേസ്ബുക്കിന് പുറമേ ട്വിറ്ററിലും സമാന അവകാശവാദങ്ങളോടെ ഈ ചിത്രം പ്രചരിക്കുന്നതായി കണ്ടെത്തി.

സെർച്ച് ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ഈ ചിത്രം ഉൾപ്പെടുന്ന ഒരു വാർത്ത ലഭിച്ചു. 2022 സെപ്റ്റംബർ 16-ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയാണിത്. പോളണ്ടിൽ മിസൈൽ പതിച്ചതിനെ തുടർന്ന്, നാറ്റോ-ജി-7 പ്രതിനിധികളുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരയോഗം വിളിച്ചതിനെ കുറിച്ചാണ് വാർത്ത. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനാണ് (എ.പി.) ഫോട്ടോയുടെ കടപ്പാട് നൽകിയിരിക്കുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്ന ചിത്രം ഉൾപ്പെടുന്ന അസോസിയേറ്റഡ് പ്രസിന്റെ വാർത്ത ലഭിച്ചു.
മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് നാറ്റോ-ജി-7 പ്രതിനിധികളുമായി ജോ ബൈഡൻ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. 2022 നവംബർ 16-ന് ബാലിയിലെ നുസ ദുവയിലാണ് ഈ യോഗം നടന്നത്. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, യൂറോപ്യൻ യൂണിയൻ എന്നീ ജി-7 പ്രതിനിധികൾ ഈ യോഗത്തിലുണ്ടായിരുന്നതായി എ.പിയുടെ വാർത്തയിൽ പറയുന്നു. ഒപ്പം യൂറോപ്യൻ കൗൺസിലും നാറ്റോ സഖ്യകക്ഷികളായ സ്‌പെയിൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഈ യോഗത്തിന്റെ ഭാ?ഗമായതായും റിപ്പോർട്ടിലുണ്ട്.
പ്രചരിക്കുന്ന പോലെ ജി-20 ഉച്ചകോടിക്കിടെ മോദിയെ ഒഴിവാക്കി മീറ്റിങ്ങ് നടന്നിട്ടില്ല. നാറ്റോ-ജി-7 പ്രതിനിധികൾ ചേർന്ന യോഗമാണ് നടന്നത്. ഇന്ത്യ ഈ സഖ്യങ്ങളിൽ പങ്കാളിയല്ലാത്തതിനാൽ മോദി ഇതിൽ പങ്കെടുക്കില്ല. കൂടാതെ, ജി-20യുടെ വേദിയിലുമല്ല ഈ യോഗം ചേർന്നത്. ബൈഡൻ താമസിച്ചിരുന്ന ഹോട്ടലിലെ ബോൾറൂമിലായിരുന്നു മീറ്റിങ്ങ്.

വൈറ്റ് ഹൗസും ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസും ഈ യോഗം സംബന്ധിച്ച വാർത്താകുറിപ്പും ഇറക്കിയിട്ടുണ്ട്.
വാസ്തവം
ജി-20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയെ ഒഴിവാക്കി അടിയന്തരയോഗം ചേർന്നുവെന്നത് തെറ്റായ പ്രചാരണമാണ്. കിഴക്കൻ പോളണ്ടിലെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട്, നാറ്റോ-ജി-7 പ്രതിനിധികളുമായി ജോ ബൈഡൻ വിളിച്ചുചേർത്ത യോഗത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. നാറ്റോയിലും ജി-7ലും ഇന്ത്യ പങ്കാളിയല്ലാത്തതിനാൽ മോദി ഇതിൽ പങ്കെടുക്കേണ്ടതില്ല.
Content Highlights: G 20 Meetnig, Narendra Modi, Indonesia, Joe Biden, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..