.
രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടം. 1,100 പേർക്ക് പരിക്കേൽക്കുകയും 278 ജീവനുകൾ പൊലിയുകയും ചെയ്ത ആ ദുരന്തമുഖത്തു നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ അപകടത്തിന്റെ ദൃശ്യങ്ങളെന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
റെയിൽപാളത്തിലൂടെ പോകുന്ന രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും അതിൽ ഒന്നിന്റെ ബോഗികൾ ഇടിയുടെ ആഘാതത്തിൽ പാളത്തിൽ നിന്ന് ഉയർന്ന് മാറുന്നതുമാണ് ദൃശ്യങ്ങളിൽ. ട്രെയിനിൽ നിന്ന് പ്രാണരക്ഷാർത്ഥം ഇറങ്ങിയോടുന്ന യാത്രികരെയും വീഡീയോയിൽ കാണാം.
രണ്ടു എക്‌സ്പ്രസ്സ് ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു ഒഡീഷയിലെ അപകടം. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ടു ട്രെയിനുകൾ മാത്രമാണുള്ളത്. അതോടൊപ്പം ദൃശ്യങ്ങളിലെ ട്രെയിൻ കംപാർട്‌മെന്റുകളുടെ നിറവും ഇവ ഒഡീഷയിലെ അപകടത്തിന്റേത് തന്നെയാണോ എന്ന സംശയമുളവാക്കി. ദൃശ്യങ്ങളിലെ ട്രെയിനിന് മുംബൈ, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിൽ കണ്ടുവരുന്ന സബ് അർബൻ ട്രെയിനുകളുമായി സാദൃശ്യമുണ്ട്. ബാലസോർ അപകടത്തിന്റെ ചിത്രങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ട്രെയിനുകളും, ഒഡീഷയിൽ അപകടത്തിൽപ്പെട്ടവയും തീർത്തും വ്യത്യസ്തമാണെന്ന് വ്യക്തമായി.

അതുമാത്രമല്ല, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ട്രെയിന്റെ രണ്ട് ബോഗികൾ ഇടിയുടെ ആഘാതത്തിൽ പാളത്തിൽനിന്ന് തെന്നിമാറുക മാത്രമാണുണ്ടായത്. എന്നാൽ, ബാലസോറിൽ ഒരു ഗുഡ്‌സ് ട്രെയിനും രണ്ടു എക്‌സ്പ്രസ്സ് ട്രെയിനുകളും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്‌സ്പ്രസ്സിന്റെ ചില ബോഗികൾ പാളത്തിൽനിന്ന് ഭാഗികമായി മാറിപ്പോവുകയും ഹൗറ എക്‌സ്പ്രസ്സിന്റെ ബോഗികൾ പൂർണമായും പാളത്തിൽനിന്ന് മറിയുകയും ചെയ്തു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോ ബാലസോറിൽ നിന്നുള്ളതല്ല എന്ന് സ്ഥിരീകരിച്ചു.

പിന്നീട് അന്വേഷിച്ചത് പ്രചരിക്കുന്ന ദൃശ്യത്തിലെ ട്രെയിൻ അപകടം എവിടെ സംഭവിച്ചു എന്നതാണ്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, 2019-ൽ പ്രസിദ്ധീകരിച്ച ചില മാധ്യമ വാർത്തകളിൽ ഇതേ വീഡിയോയും അതിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളും കണ്ടെത്തി.
2019 നവംബർ 11-ന് ഹൈദരാബാദിലുണ്ടായ ഒരു ട്രെയിൻ അപകടത്തെക്കുറിച്ചുള്ളതാണ് ഈ വാർത്തകൾ. റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദിലെ കചെഗുഡ റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരു ലോക്കൽ ട്രെയിനും ഒരു ഇന്റർസിറ്റി എക്‌സ്പ്രസ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചതിന്റെ ദൃശ്യങ്ങൾ ആണിത്. ഹൈദരാബാദിലെ ലിങ്ങമ്പള്ളിയിൽനിന്ന് ഫലക്‌നുമയിലേക്കു പോയ ലോക്കൽ ട്രെയിനും(എം.എം.ടി.എസ്.) ആന്ധ്രയിലെ കുർണൂലിൽനിന്നു തെലങ്കാനയിലെ സെക്കന്തരാബാദിലേക്കു പോയ ഹുൺഡ്രി ഇന്റർസിറ്റി എക്‌സ്പ്രസുമാണ് അന്ന് അപകടത്തിൽപ്പെട്ടത്.
ഇത് സംബന്ധിക്കുന്ന വാർത്തകളുടെ ലിങ്കുകൾ:
വാസ്തവം
ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിന്റേത് എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 നവംബറിൽ ഹൈദരാബാദിലെ കചെഗുഡ റെയിൽവേ സ്റ്റേഷനിൽ നടന്ന അപകടത്തിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Odisha Train Accident, Viral Video, Balasore, Hyderabad, Fact Chcek


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..