കടപ്പാട്: https://fb.watch/heq1_YlS5J/
ഫുട്‌ബോൾ ലോകകപ്പ് വിശേഷങ്ങളുടെ പ്രളയമാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ. അത്തരത്തിൽ, ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന്റേതെന്ന തരത്തിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. ഗ്യാലറിയിൽ ആരാധകർക്കൊപ്പമിരുന്ന് കളി കാണുന്നതിൻറെയും സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
നെയ്മറിനോട് രൂപസാദൃശ്യമുള്ള ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്ന് വരുന്നു. പിന്നീട് അയാൾ സ്റ്റേഡിയത്തിലും ഗ്യാലറിയിലുമായി നിൽക്കുന്നവരുടെ കൂടെ ചിത്രങ്ങൾ എടുക്കുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ ഇയാൾ ബ്രസീൽ ആരാധകർക്കൊപ്പം ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നുമുണ്ട്. സാധാരണഗതിയിൽ സുരക്ഷാ സംഘങ്ങളോടെയല്ലാതെ താരങ്ങളെ പൊതുഇടങ്ങളിൽ കാണാറില്ല. ആയതിനാൽ തന്നെ ഇത് നെയ്മറാണോ എന്ന സംശയം ഉയർന്നു.
ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ സ്‌പോർട്‌സ് കീഡ എന്ന വെബ്‌സൈറ്റിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സൂപ്പർ താരം നെയ്മറിന്റെ അപരനെക്കുറിച്ചുള്ള വാർത്തയാണിത്. നവംബർ 27-ന് ബ്രസീൽ- സ്വിറ്റസർലാൻറ് മത്സരം നടക്കുന്ന വേദിയിൽ ഇയാളെത്തിയിരുന്നു.
താരവുമായുള്ള രൂപസാദൃശ്യം മുതലെടുത്ത് ഇയാൾ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലെ നിരോധിത മേഖലയിൽ പ്രവേശിച്ചു. നെയ്മറെന്ന് തെറ്റിദ്ധരിച്ച് ആരാധകർ ഇയാൾക്കൊപ്പം ചിത്രങ്ങളുമെടുത്തു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന നെയ്മർ ആ മത്സരത്തിൽ കളിച്ചിരുന്നില്ല.
https://www.sportskeeda.com/football/news-watch-neymar-lookalike-fools-qatari-officials-enter-restricted-area-stadium-clicks-pictures-fans
നെയ്മറുടെ ഈ അപരനെക്കുറിച്ചാണ് പിന്നീട് അന്വേഷിച്ചത്. ഇയാളുടെ മറ്റൊരു വീഡിയോയും മുൻപ് ട്വിറ്ററിൽ പ്രചരിച്ചതായി കണ്ടെത്തി. പൊതുനിരത്തിലൂടെ നടന്നു നീങ്ങുന്ന ഇയാൾക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്ന ആരാധകരുടേതാണ് വീഡിയോ. 2022 നവംബർ 27-നാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ ചാനലായ ഫോക്‌സ് സോക്കർ പ്രസ്തുത വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളിലുള്ള വ്യക്തി നെയ്മറല്ലെന്നും തങ്ങൾക്ക് തെറ്റുപറ്റിയെന്നും ചാനൽ പിന്നീ്ട ക്ഷമാപണം നടത്തിയിട്ടുണ്ട്.
നെയ്മറുമായുള്ള രൂപസാദൃശ്യം മൂലം സമൂഹ മാധ്യങ്ങളിൽ പ്രശസ്തനായ അപരന്റെ യഥാർത്ഥ പേര് ഈഗോൺ ഒലിവർ എന്നാണ്. വസ്തുതാ പരിശോനയ്ക്കെടുത്ത വീഡിയോ കൂടാതെ, സമാനമായ നിരവധി ദൃശ്യങ്ങൾ ഓലിവർ തൻറെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.instagram.com/sosiadoney
നെയ്മർ ജൂനിയറിന്റെ അപരനായ ഈഗോൺ ഒലിവറിനെ കുറിച്ച് റോയിട്ടേഴ്സ് നൽകിയ വാർത്ത:
https://mobile.twitter.com/Reuters/status/1595853507130687490
വാസ്തവം
ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർ ജൂനിയറുടേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നെയ്മറുടെ രൂപസാദൃശ്യമുള്ള ഈഗോൺ ഒലിവർ എന്ന ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയുടേതാണ് പ്രചരിക്കുന്ന വീഡിയോ.
Content Highlights: Neymar Jr, Brasil team, world cup 2022, doha, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..