കടപ്പാട്: Twitter
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ സ്ലീപ്പർ കോച്ചിലേക്ക് വെള്ളച്ചോർച്ച എന്ന തരത്തിൽ ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. കോച്ചിലെ എയർ കണ്ടീഷൻ വെന്റിലൂടെ ട്രെയിനിനുള്ളിലേക്ക് വെള്ളം ചോരുന്നതാണ് പ്രസ്തുത വീഡിയോയിലുള്ളത്. ഇക്കഴിഞ്ഞ ഡിസംബർ 11-ന് ആറാമത്തെ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിൽ ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു പ്രചാരണം ആരംഭിച്ചത്.

വാസ്തവം പരിശോധിക്കാം.
അന്വേഷണം
ട്രെയിനിലെ സ്ലീപ്പർ കോച്ചിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാൽ, വന്ദേഭാരത് ട്രെയിനുകളിൽ എക്‌സിക്യൂട്ടീവ് ചെയർ കാർ കോച്ചുകൾ മാത്രമാണ് ഉള്ളത്. അതിനാൽ, വന്ദേഭാരതിന്റെ ദൃശ്യങ്ങളല്ല ഇതെന്ന് ഉറപ്പിക്കാം.

പ്രചരിക്കുന്ന ദൃശ്യങ്ങൾ ബെംഗളൂരു-ദാനാപൂർ സംഘമിത്ര എക്‌സ്പ്രസ്സിന്റേതാണെന്ന് കണ്ടെത്തി. പ്രസ്തുത ദൃശ്യങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത് 2019 ജൂൺ 29-നായിരുന്നു. ബിഹാറിലെ ദാനാപൂരിൽനിന്നു ബെംഗളൂരുവിലേക്ക് വന്ന സംഘമിത്ര എക്‌സ്പ്രസ്സിലായിരുന്നു ഇത്. ട്രെയിനിന്റെ എയർ കണ്ടീഷനിംഗ് പ്ലാന്റിന്റെ ഡ്രെയിൻ ഹോളിൽ ഇലകൾ അടിഞ്ഞുകൂടിയതിനെ തുടർന്ന് എയർ കണ്ടീഷൻ ട്രേയിൽ വെള്ളം കെട്ടി. ഈ വെള്ളം പിന്നീട് കോച്ചിനുള്ളിലേക്ക് ചോരുകയായിരുന്നു. ട്രെയിൻ യാത്രക്കാരിലൊരാൾ ഇതിന്റെ വീഡിയോ എടുത്ത് ട്വീറ്റ് ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദേശീയ മാധ്യമങ്ങളായ ഇന്ത്യൻ എക്‌സ്പ്രസ്, ഇന്ത്യ ടിവി, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകൾ അനുസരിച്ച്, പരാതി ലഭിച്ച് ഒന്നരമണിക്കൂറിനുള്ളിൽ റെയിൽവേ അധികൃതർ പ്രശ്‌നം പരിഹരിച്ചു.
വാസ്തവം
വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ വെള്ളച്ചോർച്ച എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബെംഗളൂരു- ദാനാപൂർ സംഘമിത്ര എക്‌സ്‌പ്രെസ്സിൽ 2019-ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വന്ദേഭാരത് എക്‌സ്പ്രസ്സിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
Content Highlights: Vandebharat express train, AC leak, water leak, fact check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..