വീഡിയോയിൽനിന്നുള്ള സ്‌ക്രീൻഷോട്ട് | കടപ്പാട്: വാട്‌സാപ്പ്
ഇയർഫോണുകൾ ധരിച്ച് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്നാൽ റെയിൽവേ ട്രാക്കിന് മുകളിലെ വൈദ്യുത കമ്പിയിൽനിന്നു ഷോക്കടിക്കുമെന്ന തരത്തിലൊരു അറിയിപ്പ് വാട്‌സാപ്പിലൂടെ പ്രചരിക്കുകയാണ്. വാദത്തെ സാധൂകരിക്കുന്നതിനായി ഒരു വീഡിയോയും ഒപ്പം ചേർത്തിട്ടുണ്ട്. റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന രണ്ടു വ്യക്തികളിൽ ഒരാൾ ഷോക്കേറ്റതുപോലെ പെട്ടെന്ന് നിശ്ചലനാവുകയും റെയിൽവേ ട്രാക്കിലേക്ക് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഷോക്കേറ്റയാൾ ഇയർ ഫോൺ ധരിച്ചിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രചാരണം. എന്താണ് വാസ്തവമെന്ന് പരിശോധിക്കുന്നു.
സന്ദേശത്തിന്റെ വാസ്തവമെന്തെന്ന് പരിശോധിക്കാം.

അന്വേഷണം
പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചാൽ, പ്ലാറ്റ്‌ഫോമിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന വ്യക്തിയുടെ മേൽ വൈദ്യുത കമ്പിക്ക് സമാനമായ ഒരു വസ്തു പതിക്കുന്നത് കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ വീഡിയോയാണിതെന്ന് വ്യക്തമാക്കുന്ന വാർത്തകൾ കണ്ടെത്തി

വൈദ്യുതിപ്രവാഹമുള്ള കമ്പി ദേഹത്ത് വീണുണ്ടായ അപകടമാണിതെന്നാണ് വാർത്തകളിൽ പറയുന്നത്. റെയിൽവേ ടിക്കറ്റ് എക്സാമിനർ (ടി.ടി.ഇ.) സുജൻ സിങ് സർദാറിനാണ് ഷോക്കേറ്റത്. അദ്ദേഹം സഹപ്രവർത്തകനുമായി സംസാരിച്ചു നിൽക്കവെ ആയിരുന്നു സംഭവം. ഷോക്കേറ്റ ഉടൻ സ്റ്റേഷനിലെ മറ്റ് ജീവനക്കാർ അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ സുജൻ സിങ്ങിന് പൊള്ളലേറ്റെങ്കിലും ജീവന് അപത്തില്ല.
അപകടകാരണം വിശദീകരിച്ചുകൊണ്ട് റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഉദ്യോഗസ്ഥനായ അനന്ത് രൂപാനഗുഡി ചെയ്ത ഒരു ട്വീറ്റും പരിശോധനയിൽ ലഭിച്ചു. ഒരു പക്ഷി എടുത്തുകൊണ്ടുപോയ ലോഹവള്ളിയാണ് അപകടകാരണമെന്നാണ് ട്വീറ്റിൽ പറയുന്നത്. പക്ഷി ഇതുമായി പോകുന്നതിനിടെ വള്ളിയുടെ ഒരു വശം ട്രാക്കിനു മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ സപർശിക്കുകയും മറുവശം പ്ലാറ്റ്ഫോമിൽനിന്ന ടി.ടി.ഇയുടെ മേൽ പതിക്കുകയും ചെയ്യുകയുമായിരുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്. ഖരഗ്പൂർ ഡിവിഷണൽ മാനേജർ ഇന്ത്യ ടുഡേക്ക് നൽകിയ മറുപടിയിലും സമാന വിവരങ്ങളാണുള്ളത്. 2022 ഡിസംബർ ഏഴിനായിരുന്നു അപകടം.
മാധ്യമ വാർത്തകളുടെ ലിങ്കുകൾ:
https://www.indiatoday.in/india/story/caught-on-cam-official-electrocuted-by-live-wire-at-kharagpur-railway-station-2306974-2022-12-08
ഇയർഫോൺ ഉപയോഗം കാരണം ഇത്തരമെന്തെങ്കിലും അപകടം ഉണ്ടാകാനിടയുണ്ടോ എന്നറിയാനായി ഭൗതികശാസ്ത്ര ഗവേഷകനുമായി ബന്ധപ്പെട്ടു. വാട്‌സാപ്പിലെ പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇയർഫോണിനു തകരാറുണ്ടെങ്കിൽ ചിലപ്പോൾ അതിൽനിന്ന് ചെറിയ ഷോക്കടിക്കുമെന്നല്ലാതെ സന്ദേശത്തിലുള്ളതുപോലെ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാസ്തവം
ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്ഫോമിൽ നിന്നാൽ റെയിൽ ഹൈടെൻഷൻ വയറിൽനിന്ന് വൈദ്യുതാഘാതമേൽക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വൈദ്യുത പ്രവാഹമുള്ള കമ്പി ശരീരത്തിലേക്ക് വീണതു കൊണ്ടാണ്, പ്രചരിക്കുന്ന വീഡിയോയിലെ വ്യക്തിക്ക് വൈദ്യുതാഘാതമേറ്റത്.
Content Highlights: Earphones, Railway Platform, Electric Shock, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..