പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻഷോട്ട്
നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. വയനാട്ടിൽ കർഷകനെ ആക്രമിച്ച കടുവയെ പിടികൂടിയ വാർത്ത ഏവർക്കും തെല്ലാശ്വാസം നൽകുന്നതായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിലെ നാട്ടുകാർ കടുവയെ കണ്ടതായി വാർത്തകൾ വരാൻ തുടങ്ങി.
പെരുവണ്ണാമൂഴിയിൽ കടുവയിറങ്ങിയതായി വനം വകുപ്പിന് തെളിവുകൾ ലഭിച്ചില്ലെങ്കിലും അവിടെയിറങ്ങിയ കടുവയുടേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോയുടെ വാസ്തവമെന്തെന്ന് മാതൃഭൂമി അന്വേഷിക്കുന്നു.
അന്വേഷണം
ഒരു മതിൽക്കെട്ടിനു മുകളിലൂടെ നടക്കുന്ന മൃഗത്തെയാണ് വീഡിയോയിൽ കാണാനാകുന്നത്. ശ്രദ്ധിച്ച് നോക്കിയാൽ ദൃശ്യങ്ങളിലുള്ളത് കടുവയല്ല മറിച്ച് പുലിയാണെന്ന് വ്യക്തമാകും
അന്വേഷണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴിയിലെ വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ദൃശ്യങ്ങളിലുള്ള സ്ഥലം പെരുവണ്ണാമൂഴി അല്ലെന്നും അവർ സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ ഇന്ത്യയുടെ പല ഭാഗത്ത് നിന്നുമുള്ളതാണെന്ന തരത്തിൽ നേരത്തെയും പ്രചരിച്ചിരുന്നു എന്ന് കണ്ടെത്തി. കേരളത്തിനു പുറമെ, കർണാടകയിലെ ഹസ്സൻ, ബെംഗളൂരു സർവകലാശാല ക്യാമ്പസ്, ഗോവ സർവകലാശാല ക്യാമ്പസ്, രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനം എന്നിവിടങ്ങളിൽ നിന്നുമുള്ള വീഡിയോ എന്ന തരത്തിലാണ് ഇത് പ്രചരിച്ചത്.
അവകാശവാദങ്ങളിൽ പറയുന്ന ഓരോ പ്രദേശത്തെയും കേന്ദ്രീകരിച്ച് ഓൺലൈനായി പരിശോധന നടത്തി. അങ്ങനെ, വീഡിയോയിലുള്ളത് രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനമാകാം എന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചത്.
വിശദവിവരങ്ങൾക്കായി, രാജസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകനായ സുശീൽ തിവാരിയുമായി ബന്ധപ്പെട്ടു. വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പക്ഷെ, ദൃശ്യങ്ങളിലുള്ള സ്ഥലം രാജസ്ഥാനിലെ രൺതംബോർ അല്ല മറിച്ച് തലസ്ഥാനമായ ജയ്പൂരിലെ ഝലാന പുള്ളിപ്പുലി സഫാരി കേന്ദ്രമാണെന്നാണ് അദ്ദേഹം അറിയിച്ചത്.
സ്ഥിരീകരണത്തിനായി, രാജസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകനും ഫാക്ട് ചെക്ക് ട്രെയ്നറുമായ വിശാൽ സൂര്യകാന്തുമായി ബന്ധപ്പെട്ടു. പ്രസ്തുത വീഡിയോ ഝലാന പുള്ളിപ്പുലി സഫാരി പാർക്കിന്റെ പരിസരത്ത് നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സഫാരി കേന്ദ്രവും ജനവാസ മേഖലയും തമ്മിൽ വേർതിരിക്കുന്ന മതിലാണ് വീഡിയോയിൽ കാണുന്നതെന്നും ഝലാനയിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രമുഖ മാധ്യമമായ രാജസ്ഥാൻ പത്രികയിലെ ഫോട്ടോ ജേണലിസ്റ്റും വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായുമായ ദിനേശ് ദാബിയാണ് ഈ വീഡിയോ പകർത്തിയതെന്ന് വിശാൽ അറിയിച്ചു.
വാസ്തവം
പെരുവണ്ണാമൂഴിയിൽ ഇറങ്ങിയ കടുവയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജസ്ഥാനിലെ ജയ്പൂരിലെ ഝലാന പുള്ളിപ്പുലി സഫാരി പാർക്കിൽ നിന്നുള്ള പുലിയുടെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Tiger rumours in Peruvannamuzhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..