.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ ട്രെയിൻ ട്രയൽ റൺ നടത്തിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 26-ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാലം സന്ദർശിച്ചതിനു പിന്നാലെയാണിത്. ജമ്മുവിനെയും കശ്മീർ താഴ്‌വരയെയും ബന്ധപ്പിക്കുന്ന ബനിഹാൽ- കത്ര റെയിൽവേ ലൈനിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഈ പാലം. ഇതിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്തെന്ന് മാതൃഭൂമി അന്വേഷിക്കുന്നു.

അന്വേഷണം
ഡ്രോൺ ദൃശ്യങ്ങളെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. വലിയ ഒരു നദിക്ക് കുറകെയുള്ള പാലത്തിലൂടെ ട്രെയിൻ പോകുന്നതാണ് ദൃശ്യങ്ങളിൽ.
വീഡിയോയിലെ പാലവും ചെനാബ് പാലവും തമ്മിൽ കാഴ്ചയ്ക്ക് സാമ്യമുണ്ടെങ്കിലും രണ്ടും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി വ്യത്യസ്തമാണ്. മാത്രമല്ല, വേറെയും ചില വ്യത്യാസങ്ങൾ വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാകും. വീഡിയോയിലെ പാലത്തിന്റെ ആർച്ച് ചുവപ്പ് നിറത്തിലാണ്, എന്നാൽ ചെനാബ് പാലത്തിന്റേത് പച്ചയും. കൂടാതെ, രണ്ട് പാലങ്ങളുടെ തൂണുകൾക്കും വ്യത്യാസമുണ്ട്.

കടപ്പാട്: ഫേസ്ബുക്ക്, www.dailyexcelsior.com/small-test-train-runs-on-worlds-highest-railway-bridge-track-on-chenab-river/Caption
ചെനാബ് നദിക്ക് കുറകെ പണിത വമ്പൻ റെയിൽപാലത്തിലൂടെ ഇതുവരെയും ട്രെയിൻ ഓടിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. റെയിൽചക്രങ്ങൾ ഘടിപ്പിച്ച ജീപ്പും ട്രോളികളും മാത്രമേ പാലത്തിലൂടെ ഇതുവരെ സഞ്ചരിച്ചിട്ടുള്ളൂ. മന്ത്രിയും ഇത്തരത്തിലുള്ള ഒരു ട്രോളിയിൽ കയറിയാണ് നിർമാണ പുരോഗതി വിലയിരുത്തിയത്. അങ്ങനെ, പ്രചരിക്കുന്ന വീഡിയോയിലുള്ളത് ചെനാബ് റെയിൽവേ പാലമല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കാം.
തുടർന്ന്, ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചു. സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, highestbridges.com എന്ന സൈറ്റിൽ സമാന ചിത്രം കണ്ടെത്തി. ചൈനയിലെ ഗ്വേയ്ജൂ പ്രവിശ്യയിലെ ബെയ്പൻ എന്ന നദിക്ക് കുറുകെ സ്ഥിതി ചെയുന്ന പാലമാണിതെന്നാണ് സൈറ്റിലെ വിവരണം.

ഈ പാലത്തിന്റെ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കി. വിക്കിപീഡിയ, ചൈനീസ് സൈറ്റുകൾ എന്നിവടങ്ങളിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയത്.
ഈ ചിത്രങ്ങളുപയോഗിച്ച് നടത്തിയ താരതമ്യത്തിൽ, പ്രചരിക്കുന്ന വീഡിയോയിലെ പാലത്തിന്റെ രൂപഘടനയും പാലത്തിന് പിന്നിലുള്ള മലനിരകളും സമാനമാണെന്ന് കണ്ടെത്തി.

ശേഷം, ഗൂഗിൾ എർത്തിന്റെ സഹായത്തോടെ ബെയ്പൻ റെയിൽവേ പാലം സ്ഥിതി ചെയ്യുന്ന പ്രദേശം പരിശോധിച്ചു.അങ്ങനെ, പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് ബെയ്പൻ റെയിൽവേ പാലം സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്ന് സ്ഥിരീകരിച്ചു. ചൈനയിലെ ഷുയിബായ് റെയിൽവേ ലൈനിന്റെ ഭാഗമായി 2001-ലാണ് ബെയ്പൻ നദിക്ക് കുറുകെ പാലം നിർമിച്ചത്.

വാസ്തവം
ജമ്മു കശ്മീരിലെ ചെനാബ് റെയിൽവേ പാലത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൈനയിലെ ഗ്വേയ്ജൂ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ പാലത്തിന്റെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Chenab Railway Bridge, Tria Run, Viral Video, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..