കടപ്പാട്: ഫേസ്ബുക്ക് & ട്വിറ്റർ
ശബരിമല തീർത്ഥാടനകാലം ആരംഭിച്ചതോടെ സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് നിരക്ക് ക്രമാതീതമായി വർധിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യമായാണ് കെ.എസ്.ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നതെന്നും ചിലർ ആരോപിക്കുന്നുന്നുണ്ട്.
എന്താണ് വാസ്തവമെന്ന് അന്വേഷിക്കുന്നു.
അന്വേഷണം
തൃശൂർ മുതൽ ഗുരുവായൂർ വരെ 30 കിലോ മീറ്ററിന് 25 രൂപ ഈടാക്കുമ്പോൾ, നിലയ്ക്കൽ മുതൽ പമ്പ വരെ 18 കിലോ മീറ്ററിന് 100 രൂപ ഈടാക്കുന്നു എന്നതാണ് പ്രധാന അവകാശവാദം.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ ബുക്കിങ്ങ് സൈറ്റ് പരിശോധിച്ചു. തൃശൂർ മുതൽ ഗുരുവായൂർ വരെ കെ.എസ്.ആർ.ടി.സി. ബസ്സ് നിരക്ക് 50 രൂപയ്ക്ക് മുകളിലാണ് എന്ന് ഇതുവഴി കണ്ടെത്തി. സൂപ്പർ ഫാസ്റ്റ് ബസ്സിന് 56 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 54 രൂപയുമാണ് ചാർജ് ചെയ്യുന്നത്.

നിലയ്ക്കൽ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോ മീറ്ററാണുള്ളത്. ഇവിടെ കെ.എസ്.ആർ.ടി.സി. പ്രത്യേകമായി ചെയിൻ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. ലോ ഫ്‌ളോർ ബസുകൾ മാത്രമുള്ള ഈ സർവീസിൽ പമ്പയിലേയ്ക്ക് പോയി തിരിച്ച് നിലയ്ക്കൽ എത്താനുള്ള റൗണ്ട് ട്രിപ്പിനാണ് 100 രൂപ ഈടാക്കുന്നത്. ഒരു സൈഡിലേക്കുള്ള യാത്രയ്ക്ക് നോൺ എ.സി. ബസുകൾക്ക് 50 രൂപയും എ.സി. ബസുകൾക്ക് 80 രൂപയുമാണ്. ഡിസ്‌കൗണ്ട് കഴിഞ്ഞുള്ള തുകയാണിത്.

കൂടാതെ, പത്തനംതിട്ട ഡിപ്പോയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, ദീർഘദൂര സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ നിലയ്ക്കൽ മുതൽ പമ്പ വരെ യാത്ര ചെയ്യാൻ 56 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. അങ്ങനെ, പ്രചരിക്കുന്ന അവകാശവാദങ്ങളിൽ ചില വസ്തുതാപിശകുകളുമുണ്ടെന്ന് സ്ഥിരീകരിച്ചു.
ശബരിമല റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് ചാർജ് 35% വർധിപ്പിച്ചുവെന്നതാണ് അടുത്ത വാദം.

ഒരേ റൂട്ടിൽ തൊട്ടടുത്ത രണ്ടു ദിവസം യാത്ര ചെയ്തപ്പോൾ ലഭിച്ച ടിക്കറ്റുകളുടെ ചിത്രങ്ങൾ സഹിതമാണ് ഈ വാദം പ്രചരിപ്പിക്കുന്നത്. ചെങ്ങന്നൂരിൽനിന്നു പമ്പയിലേക്ക് ആദ്യത്തെ ദിവസം (16/11/2022) യാത്ര ചെയ്തപ്പോൾ 141 രൂപയാണ് ഈടാക്കിയത്. അടുത്ത ദിവസം (17/11/2022) യാത്ര ചെയ്തപ്പോൾ ടിക്കറ്റ് നിരക്ക് 180 രൂപയായി. ഇരു യാത്രാടിക്കറ്റുകളും ഫാസ്റ്റ് പാസഞ്ചർ ബസിന്റേതാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഓഫ് ഓപറേഷൻസ് (എ.ഡി.ഒ.) പ്രദീപ് കുമാറിനെ ബന്ധപ്പെട്ടു. ഈ പ്രചരണം തെറ്റാണെന്നും 30 ശതമാനം നിരക്ക് വർധന മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല നട തുറന്നതിന് ശേഷം നവംബർ 17 മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. അതിനാലാണ് പതിനാറിനും പതിനേഴിനും ഒരേ റൂട്ടിൽ രണ്ട് നിരക്കുകൾ ഈടാക്കിയത്.
ശബരിമലയ്ക്ക് മാത്രമല്ല, ഗസറ്റ് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് 52 ഉത്സവ സീസണുകളിലും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ ഒരുക്കാറുണ്ട്. 30% നിരക്കുവർധന ഇവയ്ക്കും ബാധകമാണ്. നിരവധി വർഷങ്ങളായി നടന്നു വരുന്ന കാര്യമാണിത്- എ.ഡി.ഒ. പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളംകളി, മാരാമൺ കൺവൻഷൻ, ബീമാ പള്ളി ഉറൂസ്, ഗുരുവായൂർ ഏകാദശി തുടങ്ങിയ ആഘോഷ ദിവസങ്ങളിലും ഈ നിരക്കിൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്താറുണ്ട്.

കെ.എസ്.ആർ.ടി.സി. മാത്രമല്ല പ്രത്യേക സർവീസുകൾക്ക് യാത്രാനിരക്ക് വർധിപ്പിക്കുന്നത്. ഉത്സവകാലങ്ങളിൽ അനുവദിക്കുന്ന പ്രത്യേക ട്രെയിനുകൾക്ക് 10-30 ശതമാനം വരെ നിരക്ക് റെയിൽവേ വർധിപ്പിക്കാറുണ്ട്. ശബരിമല തീർത്ഥാടകർക്ക് അനുവദിച്ചിട്ടുള്ള ട്രെയിനുകൾക്കും ഈ വർധന ബാധകമാണ്.
റെയിൽവേയുടെ സ്‌പെഷ്യൽ ട്രെയിൻ സംബന്ധിച്ച ഒരു സർക്കുലർ- https://indianrailways.gov.in/railwayboard/uploads/directorate/traffic_comm/Comm-Cir-2015/30_2015_H.pdf
ഹജ്ജ് തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി. സൗജന്യയാത്ര ഒരുക്കുന്നുവെന്ന പ്രചാരണവും തെറ്റാണ്. ഹജ്ജിനു പോകുന്ന യാത്രികർക്ക് എയർപോർട്ടിലേക്ക് പോകാനായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് ഒരുക്കാറുണ്ട്. അവരവരുടെ ടിക്കറ്റിന് ഈടായ തുക അതാത് യാത്രികർ തന്നെയാണ് നൽകുന്നത് എന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ പറഞ്ഞു.
ഹജ്ജിനു പോകുന്നതിന് ഒരുക്കിയിട്ടുള്ള ബസിന്റെ നിരക്ക് സംബന്ധിച്ച് 2016-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാർത്ത:
https://englisharchives.mathrubhumi.com/news/kerala/english-news-1.1298763
വാസ്തവം
ശബരിമലയിലേക്ക് മാത്രമായി കെ.എസ്.ആർ.ടി.സി. നിരക്ക് വർധിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ഉത്സവങ്ങൾക്കായി ഏർപ്പെടുത്തുന്ന സ്‌പെഷ്യൽ ബസുകൾക്കെല്ലാം ബാധകമായ 30 ശതമാനം വർധന മാത്രമാണ് ടിക്കറ്റ് നിരക്കിൽ വന്നിട്ടുള്ളത്. ഇത് മുൻ വർഷങ്ങളിലുമുണ്ടായിരുന്ന രീതിയാണ്. ഹജ്ജ് തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി. സൗജന്യയാത്ര അനുവദിക്കുന്നുണ്ടെന്ന പ്രചാരണവും വ്യാജമാണ്.
Content Highlights: KSRTC Bus Ticket Charge, Sabarimala Pilgrimage, Excess, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..